ജിദ്ദയിൽ വിമാന ടിക്കറ്റ് വിൽപന തുടങ്ങി; വിതരണം വളൻറിയർമാർ വഴി
text_fieldsജിദ്ദ: പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ മൂന്നാംഘട്ട വിമാന സർവിസിലേക്കുള്ള ടിക്കറ്റ് വിൽപന ജിദ്ദയിൽ ആരംഭിച്ചു. ജൂൺ 10ന് കൊച്ചി, 11ന് കോഴിക്കോട്, 12ന് തിരുവനന്തപുരം എന്നീ എയർ ഇന്ത്യ സർവിസുകളിലേക്കുള്ള ടിക്കറ്റ് വിതരണമാണ് നടക്കുന്നത്.
ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ ജിദ്ദ കോൺസുലേറ്റിൽനിന്ന് നേരിട്ട് വിളിച്ചറിയിക്കുകയാണ്. എന്നാൽ, ടിക്കറ്റ് വിൽപന രീതിയിൽ മാറ്റംവരുത്തി. ജിദ്ദയിലുള്ള എയർ ഇന്ത്യയുടെ ഹെഡ് ഓഫിസിൽ നേരിട്ടെത്തി വാങ്ങാനായിരുന്നു കഴിഞ്ഞഘട്ടങ്ങളിലെ നിർദേശമെങ്കിൽ ഇത്തവണ അത് കോൺസുലേറ്റിന് കീഴിലെ കമ്യൂണിറ്റി വെൽഫെയർ വളൻറിയർമാർ വഴിയാക്കി.
വിവിധ സംഘടനകളുടെ നേതാക്കളായ ഈ വളൻറിയർമാരെ ടിക്കറ്റിനായി സമീപിക്കാനാണ് കോൺസുലേറ്റിൽനിന്ന് യാത്രക്കാർക്ക് നിർദേശം ലഭിച്ചിരിക്കുന്നത്. വളൻറിയർമാരുടെ പേരും മൊബൈൽ നമ്പറും യാത്രക്കാർക്ക് കോൺസുലേറ്റിൽനിന്ന് നൽകും. യാത്രക്കാർ ഈ നേതാക്കളെ സമീപിക്കുകയും ടിക്കറ്റിെൻറ തുക ഇവരെ ഏൽപ്പിക്കുകയും വേണം.
വളൻറിയർമാർ ഈ പണം കോൺസുലേറ്റിലോ എയർ ഇന്ത്യയിലോ അടക്കുന്നതോടെ ടിക്കറ്റ് ഇഷ്യൂ ചെയ്യും. വളൻറിയർമാർ വഴി തന്നെ ടിക്കറ്റ് യാത്രക്കാർക്ക് ലഭിക്കും. ജിദ്ദയിൽ നാല് സംഘടനകളുടെ നേതാക്കളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. എയർ ഇന്ത്യ ഓഫിസിലെ തിരക്ക് ഒഴിവാക്കാനാണ് ഇങ്ങനെയൊരു സംവിധാനം ഏർപ്പെടുത്തിയതെന്ന് കോൺസുലേറ്റ് വൃത്തങ്ങൾ പറയുന്നു.
എന്നാൽ, ടിക്കറ്റ് വിതരണം ഏതാനും ചില സംഘടന നേതാക്കളെ ഏൽപ്പിച്ചതിലൂടെ കൂടുതൽ സങ്കീർണമായിരിക്കുകയാണെന്നാണ് യാത്രക്കാരിൽ ചിലർ അഭിപ്രായപ്പെടുന്നത്. ജിദ്ദയിൽ നിലവിൽ രാവിലെ ആറ് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഒമ്പത് മണിക്കൂർ വരെ മാത്രമാണ് പുറത്തിറങ്ങാനുള്ള അനുവാദമുള്ളത്. ഈ കുറഞ്ഞ സമയം കൊണ്ട് പറയപ്പെട്ട നേതാക്കളെ അന്വേഷിച്ച് കണ്ടെത്തി അവരെ പണം ഏൽപ്പിക്കുക എന്നത് കൂടുതൽ ശ്രമകരമാണെന്നാണ് ആക്ഷേപം.
ടിക്കറ്റ് വിൽപ്പന കുറ്റമറ്റ രീതിയിൽ നടത്താൻ ഇതര ഗൾഫ് രാജ്യങ്ങളിൽ നടപ്പാക്കിയ പോലെ ഓൺലൈൻ സംവിധാനമോ പ്രധാനപ്പെട്ട ചില ട്രാവൽ ഏജൻസികളോ വഴി ചെയ്‌തുകൂടെ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ജിദ്ദയിലുള്ളവർക്കും വിദൂര സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും ഈ സംവിധാനമാണ് കൂടുതൽ സൗകര്യപ്രദം എന്നാണ് പൊതുവേയുള്ള അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.