ഉമ്മൻ ചാണ്ടി: അനുശോചന പ്രവാഹം തുടരുന്നു
text_fieldsനഷ്ടമായത് ജനപ്രിയ നേതാവിനെ -പ്രവാസി വെൽഫെയർ
റിയാദ്: കേരള രാഷ്ട്രീയത്തിലെ ജനപ്രിയ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായതെന്ന് പ്രവാസി വെൽഫെയർ റിയാദ് ഘടകം. പൊതുജനസേവനം ജീവവായുവായിക്കണ്ട അദ്ദേഹം സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വികസന സംരംഭങ്ങൾ കൊണ്ടുവരുന്നതിലും ഏറെ ശ്രദ്ധകാണിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും ദുഃഖത്തിൽ പ്രവാസി വെൽഫെയറും പങ്കുചേരുന്നതായും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
തീരാനഷ്ടം -സൗദി ഒ.ഐ.സി.സി
റിയാദ്: നിര്യാണം ഇന്ത്യാ രാജ്യത്തിന് പൊതുവേയും കേരള ജനതക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണെന്ന് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി. ലളിതമായ ജീവിതവും സ്നേഹമായ സമീപനവും ജനക്ഷേമത്തിനായുള്ള ഊർജസ്വലമായ പ്രവർത്തനങ്ങളും വഴി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണ് ഉമ്മൻ ചാണ്ടി. 24 മണിക്കൂറും ജനസേവനത്തിനായി നീക്കിവെച്ച ഉമ്മൻ ചാണ്ടി സമാനതകളില്ലാത്ത മാതൃകയാണ്.
ക്രൂരമായ വേട്ടയാടലുകളെ സൗമ്യനായി നേരിട്ട അദ്ദേഹം എതിരാളികളോടുപോലും കാലുഷ്യമില്ലാതെ പെരുമാറി. പുതിയ വികസന മാതൃകകൾ സൃഷ്ടിച്ച് വികസനത്തിന് ആക്കം കൂട്ടി. കേരളസമൂഹത്തെ മതേതരമായി നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ഉമ്മൻ ചാണ്ടിയുടെ അഭാവം ഇനിയുള്ള കാലം മലയാളിക്ക് വലിയ വെല്ലുവിളിയാകും എന്നുറപ്പാണെനും കമ്മിറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു.
കോഴിക്കോട് ജില്ല ഒ.ഐ.സി.സി
റിയാദ്: ദീർഘകാലം നിയമസഭാംഗമായിരുന്ന അദ്ദേഹം ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന നേതാവായിരുന്നു. ജനസമ്പര്ക്ക പരിപാടികളിലൂടെ അദ്ദേഹം കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായി മാറി. അദ്ദേഹത്തിന്റെ റിയാദ് സന്ദർശന വേളയിൽ, ജില്ല കമ്മിറ്റി നിർമിച്ച് നൽകുന്ന ‘ഇന്ദിരാജി സ്നേഹ ഭവന പദ്ധതിയുടെ’ മാസ്റ്റർ പ്ലാൻ അദ്ദേഹത്തിന് കൈമാറാനും അതുസംബന്ധമായ മറ്റ് മാർഗനിർദേശങ്ങൾ ജില്ല കമ്മിറ്റിയുമായി അദ്ദേഹം പങ്കുവെക്കുകയും ഭാരവാഹികളുമായും പ്രവർത്തകരുമായും ഏറെനേരം സംവദിക്കുകയും ചെയ്തത് കോഴിക്കോട് ജില്ല കമ്മിറ്റിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമകളാണ്.
അതിന്റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാതിമത വ്യത്യാസമില്ലാതെ അർഹരായ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ കണ്ടെത്തി അവർക്ക് ഭയപ്പാടില്ലാതെ കുടുംബത്തോടൊപ്പം തല ചായ്ക്കാനൊരിടം എന്നെ ആശയവുമായി മാവൂരിൽ നിർമിച്ച ആദ്യ വീടിന്റെ താക്കോൽ ദാനം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉമ്മൻ ചാണ്ടി തന്നെ നിർവഹിക്കുകയുണ്ടായി.
അതോടൊപ്പം ജില്ലയിലെ മറ്റു മൂന്ന് മണ്ഡലങ്ങളിലെ വീടുകൾ നിർമിച്ച് നൽകുകയും അതിന്റെ താക്കോൽ കൈമാറാനും ബാക്കിയുള്ള മണ്ഡലങ്ങളിൽ ഭവനപദ്ധതിയുമായി മുന്നോട്ടുപോകാനും സാധിച്ചത് അദ്ദേഹം ഞങ്ങൾക്കുതന്ന ഊർജവും പിന്തുണയും കൊണ്ടുമാത്രമാണ് എന്നത് ഇവിടെ സ്മരിക്കാതിരിക്കാൻ കഴിയില്ല.
കോട്ടയം ഒ.ഐ.സി.സി
റിയാദ്: ജനറൽ സെക്രട്ടറി ഷിജു പാമ്പാടിയുടെ നേതൃത്വത്തിൽ ചേർന്ന അനുശോചന യോഗത്തിൽ നിരവധി പേർ സംസാരിച്ചു. എന്നും പ്രവാസലോകത്തെ പ്രശ്നങ്ങളിൽ ഇടപെടുകയും അതിനാവശ്യമായ നിർദേശങ്ങൾ കോട്ടയം ജില്ല കമ്മിറ്റിക്ക് നൽകുകയും ചെയ്തിരുന്നു എന്നും അനുശോചനക്കുറിപ്പിൽ അനുസ്മരിച്ചു.
കോട്ടയം പ്രവാസി അസോസിയേഷൻ
റിയാദ്: ആക്ടിങ് പ്രസിഡൻറ് ബിബിൻ മണിമലയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ജനറൽ സെക്രട്ടറി ടോം ചമക്കാലായിൽ ഉൾപ്പെടെ എല്ലാ ഭാരവാഹികളും ഓർമകൾ പങ്കുവെച്ചു.
നഷ്ടമായത് പ്രവാസികളുടെ ഉറ്റമിത്രം -സൗദി കെ.എം.സി.സി
റിയാദ്: ഉമ്മൻ ചാണ്ടി പ്രവാസികളുടെ ഉറ്റമിത്രമായിരുന്നെന്ന് സൗദി കെ.എം.സി.സി. പ്രവാസികളെയും കുടുംബങ്ങളെയും ചേർത്തുപിടിക്കുന്നതിൽ പൊതുപ്രവർത്തകനെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ജാഗ്രത പുലർത്തി. പ്രവാസികൾക്കിടയിൽ സുരക്ഷിത ബോധമുണ്ടാക്കുന്നതിൽ ഏറെ വിജയിച്ചിരുന്നു. പ്രശ്നങ്ങളിൽ തക്ക സമയത്തുള്ള ഇടപെടലിലൂടെ പ്രവാസലോകത്തിെൻറ മനം കവർന്നിരുന്നു. പ്രവാസികൾക്കിടയിൽ ഒരു വിളിക്കപ്പുറത്തായിരുന്നു അദ്ദേഹത്തിെൻറ സാന്നിധ്യം.
വിദേശങ്ങളിലെത്തുമ്പോൾ കെ.എം.സി.സി പ്രസ്ഥാനത്തെയും അതിെൻറ പ്രവർത്തകരെയും വളരെ ആദരവോടെ കണ്ടിരുന്ന അദ്ദേഹം പ്രവാസി വിഷയങ്ങൾ പരിഹരിക്കുന്നതിലും മറ്റും കെ.എം.സി.സിയുടെ ഇടപെടലുകളെ അഭിമാനകരവും കേരളത്തിനുതന്നെ മാതൃകയായതും പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു.
സൗദി കെ.എം.സി.സിയുടെ സുരക്ഷപദ്ധതിയുടെ ആദ്യ വിഹിത വിതരണം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു മലപ്പുറത്ത് നിർവഹിച്ചത്. കോഴിക്കോട് വിമാനത്താവളത്തിെൻറ വികസന കാര്യങ്ങളിലും കെ.എം.സി.സി ഇടപെടലുകളിൽ ഒരു ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം നൽകിയ പിന്തുണ അവിസ്മരണീയമായിരുന്നെന്ന് സൗദി കെ.എം.സി.സി നേതാക്കളായ കെ.പി. മുഹമ്മദ് കുട്ടി, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ, അഷ്റഫ് വേങ്ങാട്ട്, എ.പി. ഇബ്രാഹിം മുഹമ്മദ്, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, അഹ്മദ് പാളയാട്ട് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രവാസികളുടെ മനസ്സറിഞ്ഞ നേതാവ് -ജുബൈൽ പ്രവാസി വെൽഫെയർ
ജുബൈൽ: രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രി, ദീർഘകാലം നിയമസഭാ സാമാജികൻ എന്നതിലുപരി കേരള ജനതയുടെ മനസ്സിൽ നിറഞ്ഞുനിന്ന നിസ്വാർഥ വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ഘടകം. പുതുതലമുറയിലെ പൊതുപ്രവർത്തകർക്ക് പാഠപുസ്തകമാണ് അദ്ദേഹം.
പ്രവാസികളുടെ ഒട്ടേറെ പ്രശ്നങ്ങളിൽ താങ്ങും തണലുമായി ഒരു ഫോൺ വിളിക്കപ്പുറം എന്നും കൂടെയുണ്ടായിരുന്നു അദ്ദേഹം. ചെറുപ്പം മുതൽ തന്റെ നാടിനും ജനതക്കുംവേണ്ടി ജീവിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിന്റെ പൊതുമണ്ഡലത്തിന് നികത്താനാവാത്ത നഷ്ടം തന്നെയാണെന്ന് ഭാരവാഹികളായ അബ്ദുൽ കരീം ആലുവ, മുബാറക്, റിജ്വാൻ ചേളന്നൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ്
ജിദ്ദ: സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം പ്രവാസികളെയും ചേർത്തുപിടിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേസുകളിൽ കുരുങ്ങിപ്പോയ നിരവധി പ്രവാസികൾക്ക് അദ്ദേഹത്തിന്റെ മുൻകൈയിൽ നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ വികസനത്തിനും ജനക്ഷേമ പദ്ധതികൾക്കും തന്റേതായ സംഭാവനകൾ അർപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം മൂലം പ്രയാസപ്പെടുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും വേദനയിൽ പ്രവാസി വെൽഫെയർ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജനസേവനം തപസ്യയാക്കി -ജിദ്ദ കെ.എം.സി.സി
ജിദ്ദ: ജനസേവനം തപസ്യയാക്കിയ ഉമ്മൻ ചാണ്ടി പ്രവാസി സമൂഹത്തിന്റെ പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കിയ ഭരണാധികാരിയാണെന്ന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ പേര് തൊഴിൽതേടി വിദേശത്ത് പോയത് കേരളീയരാണ്.
സംസ്ഥാനത്തിന്റെ ഭരണനിർവഹണത്തിന്റെ ചുക്കാൻപിടിക്കുന്നവർക്കാണ് ഈ ബോധ്യമുണ്ടാവേണ്ടത്. ഈ വിഷയത്തിൽ ജാഗ്രതകാണിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഖമീസ് മുശൈത്ത് കെ.എം.സി.സി
അബഹ: ജനാധിപത്യകേരളത്തിന് ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവിന്റെ വിയോഗം തീരാനഷ്ടമാണെന്ന് ഖമീസ് മുശൈത്ത് കെ.എം.സി.സി. ദീർഘദൃഷ്ടിയും ദിശാബോധവുമുള്ള ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തോടുള്ള ആദരസൂചകമായി സംഘടനയുടെയും പോഷകഘടകങ്ങളുടെയും മുഴുവൻ പൊതുപരിപാടികളും മൂന്നു ദിവസത്തേക്ക് മാറ്റിവെച്ചതായി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ മൂന്നിയൂർ, ജനറൽ സെക്രട്ടറി മൊയ്തീൻ കട്ടുപ്പാറ എന്നിവർ അറിയിച്ചു.
പ്രവാസിസ്നേഹിയായ ജനനേതാവ് -ജിദ്ദ ഒ.ഐ.സി.സി
ജിദ്ദ: ലോകമെങ്ങുമുള്ള മലയാളികൾക്ക് ഉണ്ടാക്കിയ നഷ്ടം നികത്താനാവാത്തതാണെന്ന് ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി. പ്രവാസിസ്നേഹിയായ അദ്ദേഹത്തിന്റെ ഇടപെടലുകൾ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന നിരവധി കുടുംബങ്ങളാണുള്ളത്.
റിയാദിൽ തീപിടിത്തമുണ്ടായി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ, നിതാഖാതിൽ കുടുങ്ങിയ പ്രവാസികൾക്ക് ടിക്കറ്റ് നൽകി നാട്ടിലെത്തിക്കാൻ, പ്രവാസത്തിലെ സമ്പാദ്യം കൊണ്ടുണ്ടാക്കിയ വീട് തകർന്നപ്പോൾ അവരെ സഹായിക്കാൻ അങ്ങനെ അക്കാലംവരെ, കേൾക്കുകയും കാണുകയും ചെയ്യാത്ത സഹായങ്ങളാണ് ഒരു ഭരണാധികാരി എന്നനിലയിൽ നിയമത്തിന്റെ എല്ലാ അതിർവരമ്പുകൾക്കും അപ്പുറം അദ്ദേഹം നൽകിയത്.
2017മേയ് മാസത്തിൽ ജിദ്ദയിൽ ഒ.ഐ.സി.സിയുടെ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിവന്നപ്പോൾ ചെലവഴിച്ച എട്ട് മണിക്കൂർ സമയം കൊണ്ട് അദ്ദേഹം പ്രവാസികളുടെയും സ്വദേശികളുടെയും സ്നേഹം ഏറ്റുവാങ്ങിയ നിമിഷങ്ങൾ ഓർക്കുകയാണെന്ന് റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിലുള്ള അനുശോചന യോഗം വ്യാഴാഴ്ച രാത്രി ജിദ്ദയിൽ നടത്തുമെന്ന് മുനീർ അറിയിച്ചു.
ജിദ്ദ കേരള പൗരാവലി
ജിദ്ദ: ജനങ്ങളോടൊപ്പം നിന്ന ജനകീയ നായകനായിരുന്നു ഉമ്മൻ ചാണ്ടി എന്ന് ജിദ്ദ കേരള പൗരാവലി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതുപ്രവർത്തകർ മാതൃകയാക്കേണ്ട വ്യക്തിത്വമാണെന്നും ചെയർമാൻ കബീർ കൊണ്ടോട്ടി, ആക്ടിങ് ജനറൽ കൺവീനർ വേണുഗോപാൽ അന്തിക്കാട്, ട്രഷറർ ഷരീഫ് അറക്കൽ എന്നിവർ കൂട്ടിച്ചേർത്തു. ജിദ്ദ കേരളീയ സമൂഹത്തിന് ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നതിന് ജിദ്ദയിൽ അടുത്ത വെള്ളിയാഴ്ച വിപുലമായ യോഗം വിളിച്ചിട്ടുണ്ട്.
പ്രവാസികളെ ചേർത്തുപിടിച്ച ഭരണാധികാരി -ദമ്മാം ഒ.ഐ.സി.സി
ദമ്മാം: സാധാരണക്കാരുടെ വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്ന അദ്ദേഹം സ്നേഹവും കരുതലും നൽകി പ്രവാസികളെ ചേർത്തുപിടിച്ച ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി. വിവിധ ഗൾഫ് രാജ്യങ്ങളിൽ തങ്ങളുടേതല്ലാത്ത കാരണത്താൽ കേസുകളിൽപെട്ട് ജയിലുകളിൽ കഴിഞ്ഞിരുന്ന നിരവധി പ്രവാസികളെയാണ് വൻ തുകകൾ ‘ദിയ’യായി നൽകി മരണത്തിന്റെ വക്കിൽനിന്ന് ഉമ്മൻ ചാണ്ടി രക്ഷപ്പെടുത്തിയത്.
കൂടാതെ, സൗജന്യ ടിക്കറ്റുകൾ തരപ്പെടുത്തി കൊച്ചി വിമാനത്താവളത്തിലിറങ്ങിയ ഇതരസംസ്ഥാനക്കാർക്ക് കൊച്ചിയിൽനിന്ന് അവരുടെ നാട്ടിലേക്കുള്ള യാത്രച്ചെലവിനായി 2,000 രൂപ വിമാനത്താവളത്തിൽവെച്ച് തന്നെ നോർക്ക ഉദ്യോഗസ്ഥരെക്കൊണ്ട് വിതരണം ചെയ്യിപ്പിച്ചതും പ്രവാസികളോട് ഉമ്മൻ ചാണ്ടി കാണിച്ചിരുന്ന കരുതലിന്റെ ഭാഗമാണെന്ന് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കൂടിയായ ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അനുസ്മരിച്ചു.
ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പുളിക്കൽ, സി. അബ്ദുൽ ഹമീദ്, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രമേശ് പാലക്കാട്, റീജനൽ കമ്മിറ്റി ഭാരവാഹികളായ ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ.കെ. സലിം, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി, ഷംസ് കൊല്ലം, സക്കീർ ഹുസൈൻ എന്നിവരും ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു. ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുശോചന യോഗം വ്യാഴാഴ്ച രാത്രി ഒമ്പതിന് ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടക്കും.
വെസ്കോസ അനുശോചിച്ചു
ദമ്മാം: ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്ക് വിട. കേരളം കണ്ട ഏറ്റവും ജനകീയരായ ഭരണാധികാരികളിൽ ഒരാളായിരുന്ന അദ്ദേഹം. പ്രവാസികളെ തിരിച്ചറിഞ്ഞ ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം ഏറെ ജനകീയനായി. ദേഹവിയോഗത്തിൽ പ്രവാസി മലയാളി സമൂഹത്തോടൊപ്പം വെസ്കോസ മലയാളി അസോസിയേഷൻ ആദരാജ്ഞലികൾ അർപ്പിക്കുന്നു.
‘സവ’ അനുശോചിച്ചു
ദമ്മാം: കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ മരണത്തിലൂടെ നഷ്ടമാകുന്നതെന്ന് സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) അനുശോചന സന്ദേശത്തിൽ പറഞ്ഞു. അധികാരത്തിന്റെ അഹന്തകളെ മാറ്റിനിർത്തി സാധാരണക്കാരുടെ ഇടയിൽ ജീവിക്കുകയും അവരെ തിരിച്ചറിയുകയും അവർക്കായി സ്വന്തം ജീവിതം സമർപ്പിക്കുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു ഉമ്മൻ ചാണ്ടി.
പ്രവാസികളെ ഇത്രയേറെ തിരിച്ചറിഞ്ഞ ഒരു രാഷ്ട്രീയ നേതാവും ഇതിനു മുമ്പ് കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ഓർമകൾ നിർമലമായ രാഷ്ട്രീയ ചിന്തയുടെ പ്രചോദനമായി നിലനിൽക്കട്ടെ എന്നും ‘സവ’ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരള ജനതക്ക് ഒപ്പം സഞ്ചരിച്ച നേതാവ് -ജുബൈൽ പ്രവാസി സമൂഹം
ജുബൈൽ: കേരള ജനതക്ക് ഒപ്പം സഞ്ചരിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് ജുബൈലിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിന്റെ വികസനത്തിൽ സ്തുത്യർഹമായ സംഭാവനകൾ ചെയ്ത ഉമ്മൻ ചാണ്ടി ഏത് സാധാരണക്കാരനും പ്രാപ്യമായ ആളായിരുന്നു. പ്രവാസികളുടെ നിരവധി വിഷയങ്ങളിൽ ഇടപെടുകയും പരിഹാരം കാണുകയും ചെയ്തു.
വിവിധ നേതാക്കളായ നൂഹ് പാപ്പിനിശ്ശേരി, ടി.സി. ഷാജി, അഷ്റഫ് മൂവാറ്റുപുഴ, ശിഹാബ് കായംകുളം, ഉമേഷ് കളരിക്കൽ, ലക്ഷ്മൺ, നജീബ് നസീർ, വിൽസൺ തടത്തിൽ, ഉസ്മാൻ ഒട്ടുമ്മൽ, നൗഷാദ് തിരുവനന്തപുരം, ഷംസുദ്ദീൻ പള്ളിയാളി, നാസർ ഓച്ചിറ, സയീദ് അബ്ദുല്ല, ശിഹാബ് പെരിങ്ങാടൻ, മുഫീദ് കൂരിയാടൻ, കോയ താനൂർ, തോമസ് മാത്യു മമ്മൂടൻ, ബൈജു അഞ്ചൽ, അബ്ദുൽ കരീം കാസിമി, അഷറഫ് കൊടുങ്ങല്ലൂർ, സലിം ആലപ്പുഴ, സൈഫുദ്ദീൻ പൊറ്റശ്ശേരി തുടങ്ങിയവർ അനുശോചിച്ചു.
മദീന ഒ.ഐ.സി.സി
മദീന: സ്നേഹംകൊണ്ട് ലോകം കീഴടക്കിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് മദീന ഒ.ഐ.സി.സി ജനറൽ സെക്രട്ടറി മുജീബ് ചെനാത്ത്. ഇതുപോലെ ജനങ്ങൾക്കിടയിലൂടെ ജീവിക്കുന്ന നേതാവ് ഇനി രാഷ്ട്രീയപ്രവർത്തകർക്ക് ഇടയിലൂടെ ഉണ്ടാകുമോ എന്നകാര്യം സംശയമാണ്.
കല്ലെറിഞ്ഞ് പരിക്കേൽപിച്ചവർക്കുപോലും മാപ്പ് കൊടുക്കാൻ തയാറായ മഹാമനസ്സിന് ഉടമയായിരുന്നു ഉമ്മൻ ചാണ്ടി എന്നും മുജീബ് പ്രസ്താവനയിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടി അനുശോചന യോഗം ഇന്ന്
റിയാദ്: മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുശോചന യോഗം വ്യാഴാഴ്ച രാത്രി എട്ടിന് റിയാദ് മലസിലെ ‘പെപ്പർ ട്രീ’ ഓഡിറ്റോറിയത്തിൽ നടക്കും. ജാതിമത രാഷ്ട്രീയ ഭേദമന്യേ റിയാദിലെ പൊതുസമൂഹത്തെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന അനുശോചന യോഗത്തിൽ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും എത്തിച്ചേരണമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.