വർണശബളിമയിൽ 15ാമത് യാംബു പുഷ്പമേളക്ക് തുടക്കം
text_fieldsയാംബു പുഷ്പമേളയുടെ ഉദ്ഘാടനം മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് നിർവഹിച്ചപ്പോൾ
യാംബു: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ 15ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. വ്യവസായ ധാതുവിഭവ മന്ത്രി എൻജി. ബന്ദർ ബിൻ ഇബ്രാഹീം അൽ ഖരീഫ്, ജുബൈൽ യാംബു റോയൽ കമീഷൻ ചെയർമാൻ എൻജി. ഖാലിദ് ബിൻ മുഹമ്മദ് അൽ സാലിം എന്നിവരും റോയൽ കമീഷനിലെ വിവിധ വകുപ്പുകളിലെ ഉന്നതരും യാംബുവിലെ വിവിധ സർക്കാർ സ്വകാര്യ കമ്പനികളുടെ മേധാവികളും പരിപാടിയിൽ പങ്കെടുത്തു.
യാംബു-ജിദ്ദ ഹൈവേയോട് ചേർന്ന അൽ മുനാസബാത്ത് ഉദ്യാനത്തിലാണ് മേള നടക്കുന്നത്. എല്ലാദിവസവും വൈകിട്ട് നാല് മുതൽ രാത്രി 12 വരെയാണ് സന്ദർശന സമയം. 11.50 സൗദി റിയാൽ മൂല്യമുള്ള ടിക്കറ്റെടുത്ത് ആളുകൾക്ക് മേളനഗരിയിൽ പ്രവേശിക്കാം. മേള ഫെബ്രുവരി 27 വരെ നീണ്ടുനിൽക്കും. വിവിധ പവിലിയനുകൾ, ഫുഡ് കോർട്ടുകൾ, റീ സൈക്കിൾ ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, ഉല്ലാസകേന്ദ്രങ്ങൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, പൂക്കളുടെ മനോഹരമായ അലങ്കാരത്തോടെ നിർമിച്ച കുന്നുകളും വിശാലമായ പൂ പരവതാനികളും സന്ദർശകരെ ആകർഷിക്കുന്നതാണ്.
ഈ വർഷം കഴിഞ്ഞ പുഷ്പമേളയിൽനിന്നും വ്യത്യസ്തമായ പ്രവേശനടിക്കറ്റിന് ഒരു തവണ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. രണ്ടുവയസിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. ഓരോ സന്ദർശനത്തിനും പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതുണ്ടെന്നും മേളയിലേക്കുള്ള പ്രവേശനത്തിന് മാത്രമാണ് ടിക്കറ്റെന്നും ഉല്ലാസ കേന്ദ്രങ്ങൾക്കും ഇവന്റ് പരിപാടികളും ഇതിൽ ഉൾപ്പെടില്ലെന്നും അധികൃതർ അറിയിച്ചു. https://window.rcjy.gov.sa/RCJYReservation/ എന്ന വെബ് സൈറ്റിലൂടെ പ്രവേശന ടിക്കറ്റ് ലഭ്യമാണ്.
നഗരിയുടെ സുരക്ഷക്കും ശുചിത്വത്തിനും യാംബു റോയൽ കമീഷൻ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നല്ല സുരക്ഷ മുന്നൊരുക്കങ്ങളാണ് നഗരിയിൽ സംവിധാനിച്ചിട്ടുള്ളത്. രാത്രി ദൃശ്യം വർണാഭമാക്കാൻ കണ്ണഞ്ചിപ്പിക്കുന്ന ലേസർ വെളിച്ചത്തിന്റെയും അലങ്കാര വിളക്കുകളുടെയും ദൃശ്യങ്ങൾ വിസ്മയലോകം തീർക്കുന്നു. നഗരിയിൽ ഒരുക്കിയ പൂച്ചെടികളുടെയും വിത്തു തൈകളുടെയും പ്രദർശനവും വില്പനയും അറബി കുടുംബങ്ങളെ ഏറെ ആകർഷിക്കുന്നു.
മേളയിലെ പുഷ്പ സാഗര ദൃശ്യം സന്ദർശകരുടെ മനം കുളിർപ്പിക്കുന്ന കാഴ്ച തന്നെയാണ്. വാണിജ്യ വിനോദ പരിപാടികൾ സജീവമാക്കുന്നതിന്റെ ഭാഗമായും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം മുൻ നിർത്തിയുമാണ് അധികൃതർ യാംബു പുഷ്പമേള സംഘടിപ്പിച്ചുവരുന്നത്. താത്കാലികമാണെങ്കിലും സൗദി യുവതീയുവാക്കൾക്ക് ധാരാളം തൊഴിലവസരങ്ങൾ നൽകാനും ഇത്തരം മേളകളിലൂടെ അധികൃതർ ലക്ഷ്യം വെക്കുന്നു.
അതിവിശാലമായ പൂ പരവതാനിക്ക് രണ്ടുതവണ നേരത്തേ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ യാംബു പുഷ്പമേളക്ക് കഴിഞ്ഞ വർഷം മൂന്ന് ഗിന്നസ് റെക്കോർഡുകൾ കൂടി നേടി ആഗോള ശ്രദ്ധനേടിയിരുന്നു. ദേശീയ, അന്തർ ദേശീയതലങ്ങളിൽ പ്രശസ്തമായ മേളയായി യാംബു പുഷ്പോത്സവം ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. ഭൂമിശാസ്ത്രപരമായും കാലാവസ്ഥപരമായും ഏറെ സുഖപ്രദമാണ് ചെങ്കടലിനോട് ചേർന്നുനിൽക്കുന്ന യാംബുവെന്ന വ്യവസായ നഗരം.
സ്വദേശികളെ പോലെ കുടുംബത്തോടൊപ്പം കഴിയുന്ന വിദേശികളും പ്രവാസത്തിന്റെ വിരസതയകറ്റാൻ മരുഭൂമിയിൽ ഒരുക്കുന്ന പൂക്കളുടെ വസന്തോത്സവത്തെ ആവേശപൂർവമാണ് വരവേൽക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.