ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ ലോക പരിസ്ഥിതി ദിനമാചരിച്ചു
text_fieldsജിദ്ദ: പ്രകൃതിയെയും പരിസ്‌ഥിതിയെയും അറിയുന്നതിലൂടെയും ദൈവത്തിന്റെ സൃഷ്ടിവൈവിധ്യങ്ങളെപ്പറ്റിയുള്ള കൂടുതൽ അറിവുകൾ നേടുന്നതിലൂടെയും യഥാർഥ ദൈവവിശ്വാസമുള്ളവരായി മാറുമെന്ന് ഡോ. ഇസ്മായിൽ മരിതേരി അഭിപ്രായപ്പെട്ടു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച 'അഫിനിറ്റി വിത്ത് നേച്ചർ'എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറക്ക് ലഭിക്കാതെ പോവുന്ന പഴയ പ്രകൃതി ആസ്വാദനങ്ങളുടെ ഓർമകൾ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.
മഴയും വെയിലും പോലെ പ്രകൃതിയുടെ ഋതുവിന്യാസങ്ങൾ ആസ്വദിക്കാനും അനുഭവിക്കാനും കുട്ടികൾക്ക് അവസരം നൽകണം. അതിലൂടെ പ്രതിരോധശേഷി വർധിക്കുകയും ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാൻ അവർ പ്രാപ്തി നേടുകയും ദൈവവചനങ്ങൾ യഥാവിധി മനസ്സിലാക്കുകയും ചെയ്യുന്നു. പ്രകൃതി സ്പന്ദനങ്ങളും ചലനങ്ങളും അനുഭവിക്കുന്നതിലൂടെ നേടുന്ന അറിവുകൾ ഏതൊരു നവീന ശാസ്ത്രവിവരങ്ങളെക്കാളും വലുതാണെന്നും അദ്ദേഹം ഉണർത്തി.
പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിച്ച പാഴ്വസ്തുക്കളിൽ നിന്നുള്ള കരകൗശല നിർമിതികളുടെ പ്രദർശനവും മത്സരവും ശ്രദ്ധേയമായി. റെജ മുബാറക്, ഫർസാന മുബാറക്, ഹബീബ ജൈസൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ശറഫിയ ജിദ്ദ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജൈസൽ അബ്ദുറഹ്മാൻ സ്വാഗതവും ശഫീഖ് പട്ടാമ്പി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.