ലഹരിക്കെതിരെ ഒന്നിക്കുക -ഫോക്കസ് റിയാദ്
text_fieldsഫോക്കസ് റിയാദ് ഇഫ്താർ മീറ്റിൽ സയ്യിദ് സുല്ലമി മുഖ്യപ്രഭാഷണം നടത്തുന്നു
റിയാദ്: ലഹരി വസ്തുക്കളുടെ വ്യാപനം തടയാനും സമൂഹത്തിൽനിന്ന് അവ നിർമാർജനം ചെയ്യാനും പ്രവാസി സമൂഹം ഉത്തരവാദിത്വം നിർവഹിക്കണമെന്ന് ഫോക്കസ് റിയാദ് ആഹ്വാനം ചെയ്തു.
ബത്ഹ ഇസ്ലാഹി സെൻറർ അങ്കണത്തിൽ നടന്ന ഇഫ്താർ മീറ്റിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രബോധകൻ സയ്യിദ് സുല്ലമിയാണ് ലഹരിക്കെതിരെ പ്രവാസി സമൂഹം ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടത്.
കാട്ടുതീ പടരുന്നത് കണക്കെ കേരളത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ അതിവേഗം പടരുന്ന ലഹരി പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു, കുടുംബങ്ങളെ ശിഥിലമാക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകള് മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. കൂട്ടക്കൊലപാതകങ്ങൾ നടക്കുന്നു, ഒളിഞ്ഞും തെളിഞ്ഞും ലഹരി മാഫിയകൾ തഴച്ചുവളരുന്നു, സ്കൂളിൽ പഠിക്കുന്ന വിദ്യാർഥി വിദ്യാർഥിനികളെ പോലും മാരക ലഹരി വസ്തുക്കൾക്ക് അടിമയാക്കുന്ന ദുരന്തമാണ് കേരളത്തിൽ നടക്കുന്നത്.
മദ്യം എവിടെയും ലഭ്യമാക്കുന്ന നയമാണ് ഭരണകൂടത്തിന്. സർക്കാറുകൾ മദ്യം വരുമാന മാർഗമായി കാണുന്നത് വലിയ ക്രൂരതയാണ്. ഇതുമൂലം കുടുംബിനികളും കുഞ്ഞുമക്കളും കണ്ണീർ കുടിക്കുന്നു. മദ്യ, മയക്കുമരുന്ന് ഉപയോഗ, വിപണനം നടത്തുന്നവർക്ക് കൂടുതൽ കനത്ത ശിക്ഷ നൽകുന്ന നിയമങ്ങൾ കൊണ്ടുവരണമെന്നും ഇഫ്താർ മീറ്റ് ആവശ്യപ്പെട്ടു.
തുടർന്നു നടന്ന സെഷനിൽ ഫോക്കസ് വെൽഫയർ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പുതിയ പ്രൊജക്റ്റ് പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന പുളിക്കൽ എബിലിറ്റി സെന്ററിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി പുതിയ കിണർ നിർമിക്കുന്നതിനും അതിനാവശ്യമായ മുഴുവൻ കാര്യങ്ങളും ‘ഫോക്കസ് കെയർ പ്രൊജക്റ്റ്’ എന്ന പേരിൽ ഫോക്കസ് റിയാദ് ഡിവിഷൻ ഏറ്റെടുത്തു നടത്തുന്ന വിവരം പരിപാടിയിൽ അവതരിപ്പിച്ചു.
10 ലക്ഷത്തോളം ചെലവ് വരും. ഡിവിഷൻ ഡയറക്ടർ ഷമീം വെള്ളാടത്ത് നിയന്ത്രിച്ച പരിപാടിയിൽ ഓപ്പറേഷൻ മാനേജർ പി.വി. റിയാസ് നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.