ജിസാനിലെ അബു അരിഷിൽ ഭക്ഷ്യവിഷബാധ
text_fieldsജിസാൻ: ജിസാൻ മേഖലയിലെ അബൂ അരിഷ് ഗവർണറേറ്റ് പരിധിയിലെ ഭക്ഷ്യവിഷബാധയെക്കുറിച്ച് അന്വേഷിക്കാൻ അടിയന്തര സമിതി രൂപവത്കരിക്കാൻ ജിസാൻ ഗവർണർ അമീർ മുഹമ്മദ് ബിൻ നാസിർ ഉത്തരവിട്ടു. പരിക്കേറ്റവരുടെ അവസ്ഥ നിരീക്ഷിക്കാനും അവർക്ക് ആവശ്യമായ പരിചരണം നൽകാനും ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. പ്രദേശത്തെയും ജിസാൻ നഗരത്തിലെയും എല്ലാ ഗവർണറേറ്റുകളിലേയും റസ്റ്റാറൻറുകളിലും മറ്റ് ഭക്ഷ്യവിൽപന സ്ഥാപനങ്ങളിലും നിരീക്ഷണവും പരിശോധനയും ശക്തമാക്കണം.
ഭക്ഷ്യസുരക്ഷ രംഗത്ത് അലംഭാവം കാണിക്കുകയും വിഷബാധക്ക് കാരണമാകുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പൗരന്മാരുടെയും വിദേശ താമസക്കാരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നും ഗവർണർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അബു അരിഷ് ജനറൽ ആശുപത്രിയിൽ ഭക്ഷ്യവിഷബാധ കേസുകൾ രേഖപ്പെടുത്തിയത്. പ്രദേശത്തെ പ്രശസ്തമായ രണ്ട് ഫാസ്റ്റ് ഫുഡ് റസ്റ്റാറൻറുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
40 ലധികമാളുകൾക്ക് വിഷബാധയേറ്റതായും മുൻകരുതലെന്ന നിലയിൽ രണ്ട് റസ്റ്റാറൻറുകൾ അടച്ചിട്ടതായും റിപ്പോർട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ ക്ലിനിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകൾക്ക് അടിയന്തര മെഡിക്കൽ സേവനങ്ങൾ നൽകുകയുണ്ടായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാ കേസുകളും പൂർണാരോഗ്യത്തോടെ ആശുപത്രി വിട്ടതായി ബന്ധപ്പെട്ടവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.