റിയാദിലെ ഭക്ഷ്യവിഷബാധ; ഉത്തരവാദികൾക്ക് രക്ഷപ്പെടാനാകില്ല -അഴിമതിവിരുദ്ധ അതോറിറ്റി
text_fieldsറിയാദ്: അടുത്തിടെ റിയാദിലെ ഒരു റസ്റ്റാറൻറിൽ വിഷബാധയുണ്ടായ സംഭവത്തിൽ ഉത്തരവാദികളായ ആർക്കും രക്ഷപ്പെടാനാകില്ലെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) വ്യക്തമാക്കി. സുരക്ഷയിലോ പൊതുജനാരോഗ്യത്തിലോ ഒരു അലംഭാവവും അനുവദിക്കില്ല. വിഷബാധയുടെ കാരണങ്ങൾ പുറത്തുവരാതിരിക്കാനും അന്വേഷണ നടപടികളെ വഴിതെറ്റിക്കാനും ശ്രമിച്ച ആരും രക്ഷപ്പെടില്ല. അന്വേഷണ കമീഷൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെളിവുകൾ മറക്കാനോ നശിപ്പിക്കാനോ ഉള്ള ശ്രമങ്ങൾ നടന്നതായി തെളിഞ്ഞിട്ടുണ്ട്. ചില നിരീക്ഷകരുടെയും ഭക്ഷ്യസ്ഥാപനങ്ങളിലെ ഇൻസ്പെക്ടർമാരുടെയും ഭാഗത്തുനിന്ന് ഒത്തുകളി ഉണ്ടാകാം. പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ശ്രദ്ധിക്കാതെ വ്യക്തിപരമായ നേട്ടങ്ങൾക്കാണവർ ശ്രമിക്കുന്നതെന്നും അതോറിറ്റി കുറ്റപ്പെടുത്തി.
റസ്റ്റാറൻറിൽ ഭക്ഷ്യവിഷബാധയുണ്ടായ സംഭവം സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർ അവരുടെ സ്ഥാനവും പദവിയുമൊന്നും പരിഗണിക്കപ്പെടാതെ വിചാരണ ചെയ്യപ്പെടും. വിഷബാധക്ക് കാരണമായ അല്ലെങ്കിൽ അതിനെ തുടർന്നുണ്ടായ സംഭവത്തിൽ പ്രതികരിക്കുന്നതിൽ കാലതാമസം വരുത്തുന്ന വിധത്തിൽ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെടുകയോ കാലതാമസം വരുത്തുകയോ ചെയ്തവർക്കെതിരെയും നടപടിയുണ്ടാകണമെന്നും ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിനും നടപ്പാക്കുന്നതിന്റെ തുടർനടപടികൾക്കുമായി ഉന്നതസമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.