റിയാദിൽ ഭക്ഷ്യ വിഷബാധ; 28 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
text_fieldsറിയാദ്: നഗരത്തിലെ റെസ്റ്റോറന്റിൽ നിന്ന് വിഷബാധയേറ്റ് നിരവധി പേർ ചികിത്സതേടി. കഴിഞ്ഞ വാരാന്ത്യത്തിലാണ് റിയാദിലെ പ്രമുഖ ഹംബർഗിനി ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ചിലരിൽ വിഷബാധയുണ്ടായതായി കണ്ടെത്തിയത്. ഇവരിൽ എട്ടു പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. രണ്ട് പേർ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു. 35 പേർ ആശുപത്രിയിൽ തുടരുകയാണ്. ഇവരിൽ 28 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബോട്ടിലിസം എന്ന വിഷബാധയാണ് ആരോഗ്യപ്രശ്‌നം ഉണ്ടാക്കിയതെന്നാണ് കരുതുന്നത്. റെസ്റ്റോറന്റിന്റെ എല്ലാ ബ്രാഞ്ചുകളും റിയാദ് മുനിസിപ്പാലിറ്റി താൽകാലികമായി അടപ്പിച്ചു. വെള്ളിയാഴ്ച, ഹംബർഗിനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ നവാഫ് അൽ ഫോസാൻ റെസ്റ്റോറൻ്റിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോയിലൂടെ വിശദീകരണം നൽകി. ഭക്ഷ്യ വിഷബാധയേറ്റത് തങ്ങളുടെ റെസ്റ്റോറന്റിൽ നിന്നാണെന്ന് അറിയിച്ച് വ്യാഴാഴ്ച രാത്രി 10 മണിക്ക് റിയാദ് മുനിസിപ്പാലിറ്റിയിൽ നിന്ന് ഫോൺ കാൾ വന്നു. ഉടൻ റിയാദ് നഗരത്തിലെ മുഴുവൻ ബ്രാഞ്ചുകളും അടക്കാൻ നിർദേശം നൽകി. ഉടൻ ബ്രാഞ്ചുകൾ അടക്കുകയും ഓൺലൈൻ ഡെലിവറി നിർത്തിവെക്കുകയും ചെയ്തു. സെൻട്രൽ ലബോറട്ടറിയുടെ പരിശോധന ഫലം അറിയേണ്ടതുണ്ട്. അന്തർദേശീയ ഭക്ഷ്യ സുരക്ഷയും ക്വാളിറ്റിയും സംരക്ഷിക്കുന്ന സ്ഥാപനമാണ് തങ്ങളുടേത്. വിഷബാധയേറ്റവർക്കായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. അധികാരികളുടെ നിർദേശം അനുസരിച്ചു അവരോട് ചേർന്ന് പ്രവർത്തിക്കുമെന്നും തുടർന്നുള്ള കാര്യങ്ങൾ കൃത്യസമയത്ത് അറിയിക്കുമെന്നും നവാഫ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
പകർച്ച സാധ്യതയുള്ള രോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരോഗ്യമന്ത്രാലയം ആരംഭിച്ചു. ബോട്ടിലിസം സംശയിക്കാവുന്ന രോഗലക്ഷണങ്ങളോടെ ചികിസ്ത തേടിയെത്തിയാൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ പൊതു ആരോഗ്യ വകുപ്പ് പുറത്തിറക്കി. ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന ഗുരുതര രോഗമാണ് ബോട്ടിലിസം. ശരീരം ദുർബലപ്പെടുന്നത് പോലെ തോന്നൽ, കാഴ്ച മങ്ങുക, സംസാരിക്കാൻ ബുദ്ധിമുട്ട്, ചർദ്ദി, വയറിളക്കം, വയറു വേദന തുടങ്ങിയവയെല്ലാം ഈ വിഷബാധയുടെ ലക്ഷണമാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് റിയാദ് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.