ഉപയോഗശൂന്യമായ എട്ട് ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ കണ്ടുകെട്ടി
text_fieldsജുബൈൽ: കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായ എട്ട് ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ പിടികൂടി. കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിൽ ദമ്മാം മേഖലയിൽ നടത്തിയ പരിശോധനയിലാണ് കാലഹരണപ്പെട്ട ഇത്രയധികം ഭക്ഷണവസ്തുക്കൾ കണ്ടുകെട്ടിയത്. ദമ്മാം വെസ്റ്റ് മുനിസിപ്പാലിറ്റി മേധാവി ഫൈസൽ അൽഖഹ്താനിയുടെ നേതൃത്വത്തിൽ സുരക്ഷ സംഘങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിശോധന. മേഖലയിലെ വാണിജ്യ അപ്പാർട്മെൻറിൽ നടത്തിയ റെയ്ഡിലാണ് ഭക്ഷ്യവസ്തുക്കൾ കൂടുതലും പിടിച്ചെടുത്തത്.
മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പ്രചാരണത്തിെൻറ ഭാഗമായിരുന്നു റെയ്ഡ്. പ്രദേശത്തെ താൽക്കാലിക ഫാക്ടറിയിൽ കണ്ടെത്തിയ കേക്കുകളുടെയും മധുരപലഹാരങ്ങളുടെയും വലിയൊരു ഭാഗം കാലഹരണപ്പെട്ടതായിരുന്നു. ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മുനിസിപ്പാലിറ്റി ലൈസൻസുള്ള ഭക്ഷ്യസ്ഥാപനങ്ങളിൽ പതിവായി പരിശോധന നടത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നതായി ഫൈസൽ അൽഖഹ്താനി പറഞ്ഞു. ഇത്തരത്തിൽ വല്ലതും കണ്ടെത്തിയാൽ ടോൾ ഫ്രീ ടെലിഫോൺ നമ്പരായ 940 വഴി മുനിസിപ്പാലിറ്റിയിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അദ്ദേഹം നിർദേശിച്ചു. ഭക്ഷ്യസുരക്ഷ ഒരു സംയുക്ത ഉത്തരവാദിത്തമാണ്. മുനിസിപ്പാലിറ്റി പരിശോധനകൾ നടത്തുകയും നിയന്ത്രണ നടപടികൾ നടപ്പാക്കുകയും ചെയ്യുമ്പോൾ പൊതുജനങ്ങളുടെ പരാതികളും നിർദേശങ്ങളും വളരെ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.