ഒരു മാസത്തിനിടയിൽ 30 ടൺ ഭക്ഷ്യവസ്തുക്കൾ പിടികൂടി
text_fieldsജിദ്ദ: ഒരു മാസത്തിനിടയിൽ 30 ടൺ ഭക്ഷ്യവസ്തുക്കൾ പിടികൂടിയതായി ഫുഡ് ആൻറ് ഡ്രഗ് അതോറിറ്റി അറിയിച്ചു. രാജ്യത്തിെൻറ വിവിധ മേഖലകളിലെ 594 ഗോഡൗണുകളിലും ഫാക്ടറികളിലും നടത്തിയ പരിശോധനയിലാണ് ഇത്രയും ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്. ഇറക്കുമതി ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ, ഭക്ഷ്യനിർമാണ ഫാക്ടറികൾ, പ്രാദേശിക ഭക്ഷ്യ വിതരണകേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണ് നടപടി.
റമദാനിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും മാർക്കറ്റുകളിലേക്ക് എത്തുന്നതിന് മുമ്പ് ഉപയോഗിക്കാൻ കൊള്ളാത്തവ തടയുകയും ചെയ്യുന്നതിനാണിത്. പട്ടണത്തിനകത്തും പുറത്തുമുള്ള 250 ഫാക്ടറികൾ സന്ദർശിച്ചു. ഇറച്ചി, കോഴി, ജ്യൂസ്, ഈത്തപഴം തുടങ്ങിയ കേന്ദ്രങ്ങൾ ഇതിലുൾപ്പെടും.
നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കാലാവധി തീർന്ന 12541 ഭക്ഷ്യഉൽപന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ജുബ്ന, മിഠായി, കോഴി, ഇറച്ചി, പഞ്ചസാര, പയറുകൾ ഇതിലുൾപ്പെടും. 344 ഗോഡൗണുകളിലും പരിശോധന നടത്തി. കാലാവധി തീർന്നതും മോശമായ രീതിയിൽ സുക്ഷിച്ചതുമായ 17896 കിലോ സാധനങ്ങൾ പിടിച്ചെടുത്തു. ജൂസ്, പാൽ, എണ്ണ, ഫ്രീസ് ചെയ്ത പഴങ്ങൾ, മാംസം എന്നിവ ഇതിലുൾപ്പെടും. നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റമദാൻ അവസാനം വരെ പരിശോധന തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.