പെരുന്നാൾ ആഘോഷം ഗംഭീരമാക്കാൻ ഫുട്ബാൾ പ്രേമികൾ
text_fieldsമുജീബ് ചടയമംഗലം
അബഹ: ഈദുൽ ഫിത്ർ ദിനങ്ങൾ ഫുട്ബാൾ പ്രേമികൾക്ക് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ഖമീസിലെ ലൗഷോർ, ഫാൽക്കൻ ക്ലബുകൾ. ഒന്നാം പെരുന്നാൾ ദിനത്തിൽ ലൗ ഷോർ കമ്മിറ്റിയും രണ്ടാം പെരുന്നാൾ ദിനത്തിൽ ഫാൽക്കൻ എഫ്.സി.യുമാണ് ഖമീസ് മുശൈത്ത് വാദിധമക്ക് സ്റ്റേഡിയത്തിൽ ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നത്.
സൗദിയിൽ ഏറ്റവും വാശിയേറിയ മത്സരങ്ങൾ നടക്കുന്ന ഫുട്ബാൾ ടൂർണമെന്റുകളാണ് ഖമീസിലേത്. സൗദിയിലെയും നാട്ടിലെയും പ്രധാന കളിക്കാർ ഖമീസ് മുശൈത്തിലെ ടൂർണമെനറിൽ പങ്കെടുക്കും. സൗദിയിൽ ഏറ്റവും കൂടുതൽ ഫുട്ബാൾ കാഴ്ചക്കാരുള്ളത് ഖമീസ് മുശൈത്തിലെ കളികൾക്കാണ്. അതുകൊണ്ടു തന്നെ സൗദിയിലെ ഏറ്റവും വലിയ പ്രൈസ് മണിയും ഇവിടത്തെ കളികൾക്കാണ്. വൈകീട്ട് നാലു മണിക്ക് തുടങ്ങുന്ന കളികൾ പുലർച്ചെ വരെ നീളും. സ്ത്രീകളും കുട്ടികളുമടക്കം പ്രദേശത്തെ പ്രവാസി സമൂഹം മുഴുവൻ കളി കാണാനെത്തും. പ്രദേശത്തെ സ്ഥാപനങ്ങളും വ്യക്തികളെയും ഉൾപ്പെടുത്തിയാണ് ടൂർണമെന്റ് സംഘടിപ്പിക്കാറുള്ളത്.
ഓരോ ടൂർണമെന്റിനും ടീമുകളും സംഘാടകരും ലക്ഷത്തിലധികം റിയാലാണ് കളിക്കായി ചെലവഴിക്കുന്നത്. കളികൾക്കിടയിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ വരെ ഈ കളിയാവേശത്തിൽനിന്ന് ഉണ്ടാകുന്നതാണ്. ഗ്രൗണ്ടിൽനിന്ന് കളി കഴിഞ്ഞ് ഖമീസ് ടൗണിൽ എത്തിയാൽ തമ്മിൽ തല്ലിയവർ ഒരുമിച്ച് ചായയും കടിയും കഴിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്. ഇവിടത്തെ പ്രധാന ടീമുകളായ ഫാൽക്കൻ എഫ്.സി, മെട്രോ സ്പോർട്സ്, കാസ്ക്ക് എഫ്.സി, ലയൺസ് എഫ്.സി എന്നീ ക്ലബുകൾക്ക് ഒന്നിലധികം ടീമുകളുണ്ട്. കളികൾക്കിടയിൽ വിവിധ കലാ, സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. മാസങ്ങൾ നീണ്ട ഒരുക്കങ്ങൾക്ക് ശേഷമാണ് കളികൾ നടക്കുക.
അതിന്റെ ചർച്ചകളും തന്ത്രങ്ങൾ മെനയലും കളിക്കാരെ കുറിച്ചുള്ള വിശകലനങ്ങളുമാണ് ഖമീസ് മുശൈത്ത് സൂക്കിൽ എവിടെയും. മൽസരങ്ങൾ കഴിഞ്ഞാൽ വിജയിച്ചവരുടെ പായസം വിതരണവും ടൗണിൽ സംഘടിപ്പിക്കും. പ്രധാനപ്പെട്ട എട്ട് ടീമുകൾ രണ്ട് ദിവസത്തെ കളികൾക്കായി തയാറായി നിൽക്കുകയാണ്. പെരുന്നാൾ അവധികൾക്കായി കാത്ത് ഫുട്ബാൾ പ്രേമികളും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.