നഹ്ദ റിയൽ കേരള സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റ്: ബി ഡിവിഷനിൽ ന്യൂകാസിൽ എഫ്.സി ഫൈനലിൽ
text_fieldsജിദ്ദ: ജിദ്ദയിൽ നടന്നുവരുന്ന നഹ്ദ റിയൽ കേരള സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഡിവിഷനിൽ ഗ്ലൗബ് ബി.സി.സി എഫ്.സിയെ പരാജയപ്പെടുത്തി ശറഫിയ ട്രേഡിങ് ന്യൂകാസിൽ എഫ്.സി ഫൈനലിൽ പ്രവേശിച്ചു. ന്യൂ കാസിലിന്റെ നസ്രുദ്ധീൻ ഷായെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
എ ഡിവിഷൻ ഒന്നാം മത്സരത്തിൽ റീം റിയൽ കേരള എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് ശറഫിയ ട്രേഡിങ് സാബിൻ എഫ്.സിയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ ആദ്യ പകുതിയിൽ റീം റിയൽ കേരള ടീം നിരന്തരം സാബിൻ എഫ്.സിയുടെ ഗോൾമുഖത്ത് നിരവധി തവണ ആക്രമണങ്ങൾ നടത്തിയെങ്കിലും സാബിൻ എഫ്.സി ഗോൾകീപ്പർ ഷറഫുവിന്റെ മികവുറ്റ പ്രകടനം രക്ഷയായി.
മുന്നേറ്റ നിരയിൽ റീം ക്യാപ്‌റ്റൻ നിഷാദ് കൊളക്കാടൻ, രാഹുൽ, ജിതിൻ സൊനാരെ കൂട്ടുകെട്ടിൽ ഗോളെന്നുറപ്പിച്ച പല ശ്രമങ്ങളും വിഫലമായി. രണ്ടാം പകുതിയിൽ ഗോളിനുവേണ്ടി ഇരു ടീമുകളും പരിശ്രമിക്കുന്നതിനിടയിൽ അൻഷിദ് അനുവിന്റെ സുന്ദരമായ ഗോളിലൂടെ റീം റിയൽ കേരള ടീം വിജയം ഉറപ്പിച്ചു. റീം റിയൽ കേരള ടീമംഗം രാഹുലാണ് കളിയിലെ കേമൻ.
എ ഡിവിഷൻ രണ്ടാം മത്സരത്തിൽ ബാഹി ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ബ്ലൂ സ്റ്റാർ എഫ്.സിയെ പരാജയപ്പെടുത്തി. കളിയുടെ തുടക്കം മുതലേ കിടിലം ഫോമിൽ ബ്ലാസ്റ്റേഴ്‌സ് ടീം കളം നിറഞ്ഞാടുകയായിരുന്നു. കളിയിലേക്ക് തിരികെയെത്താൻ ബ്ലൂസ്റ്റാർ ടീം പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ നാഫിഹിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ഏഷ്യൻ ടൈംസ് നൽകുന്ന മികച്ച കളിക്കാർക്കുള്ള സമ്മാനങ്ങൾ സാദിഖലി തുവ്വൂർ, ഷിബു തിരുവനന്തപുരം, റംഷീദ് സമ എന്നിവർ സമ്മാനിച്ചു.
കണികൾക്കുള്ള കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്ക് ജാഫറലി പാലക്കോട് സമ്മാനങ്ങൾ നൽകി. അസുഖബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയുന്ന ജിദ്ദ പ്രവാസിയുടെ മകളുടെ വിവാഹത്തിനായി സ്റ്റേഡിയത്തിലെ കാണികളിൽ നിന്നും സ്വരൂപിച്ച തുക ടൂർണമെന്റ് കമ്മറ്റി ചെയർമാൻ ഫിറോസ് ചെറുകോട് സഹായ സമിതിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.