ലോറിയിൽ കയറ്റിയ മണ്ണുമാന്തി യന്ത്രം തട്ടി ഖമീസ് മുശൈത്തിലെ നടപ്പാലം തകർന്നു
text_fieldsഖമീസ് മുശൈത്: ലോറിയിൽ കയറ്റി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രത്തിന്‍റെ ഭാഗങ്ങൾ തട്ടി ഖമീസ് മുശൈത്ത് നഗരത്തിലെ നടപ്പാലം തകർന്നു. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ അമീർ സുൽത്താൻ റോഡിലെ നടപ്പാലമാണ് തകർന്നത്. ആളപായമില്ല. ട്രാഫിക് നിയമം ലംഘിച്ചാണ് അനുവദനീയമായതിനെക്കാൾ ഉയരത്തിൽ മണ്ണുമാന്ത്രി യന്ത്രം കയറ്റി ലോറി റോഡിലൂടെ വന്നത്. ഉയർന്നിരുന്ന അതിന്‍റെ ഭാഗങ്ങൾ തട്ടി പാലം തകർന്നുവീഴുകയായിരുന്നെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.
ലോറിയിൽ കയറ്റുന്ന ലോഡിന്‍റെ അനുവദനീയമായ ഉയരപരിധി അഞ്ചര മീറ്ററാണ്. എന്നാൽ മണ്ണുമാന്തി യന്ത്രം അതിനേക്കാൾ ഉയരമുള്ളതായിരുന്നു. ഭാരമുള്ള ഉപകരണമായതിനാൽ അത് വന്നിടിച്ചതിനെ തുടർന്ന് പാലം തകർന്ന് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാലത്തിന്‍റെ വലത് ഭാഗത്തിന്‍റെ ഒരു ഭാഗം തകർന്നുവീണു. ഉടനെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യുകയും ചെയ്തെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.