ജനാധിപത്യം സഫലമാകണമെങ്കിൽ ഭരണഭാഷ മലയാളമാകണം –പ്രഭാവർമ
text_fieldsജിദ്ദ: ജനാധിപത്യം കൂടുതൽ അർഥപൂർണമാക്കുന്നതിനും സാധാരണക്കാർക്ക് നീതി ഉറപ്പാക്കുന്നതിനും നിയമങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലല്ലാതെ പ്രായോഗികതലത്തിൽ ഭരണഭാഷ മലയാളമാകണമെന്നും ജനങ്ങളെ മാതൃഭാഷയിലല്ലാതെ മറ്റൊരു ഭാഷയിൽ ഭരിക്കുന്നത് ഭാഷാപരമായ മനുഷ്യാവകാശ ലംഘനമാണെന്നും പ്രശസ്ത കവി പ്രഭാവർമ അഭിപ്രായപ്പെട്ടു.
ജാതി-മത-വർണ-രാഷ്ട്രീയ വൈജാത്യങ്ങൾക്കതീതമായി സാമൂഹികമായും സാംസ്കാരികമായും വൈകാരികമായും മലയാളിയെ ലോകത്തെവിടെയും ഒന്നിപ്പിച്ചുനിർത്തുന്ന മലയാള ഭാഷക്ക് ഭരണനിർവഹണവും വിദ്യാഭ്യാസവും കോടതി വ്യവഹാരവുമടക്കം മലയാളിയുടെ എല്ലാ സാമൂഹിക രംഗങ്ങളിലും ഉയോഗിക്കുന്നതിനുള്ള ഭാഷാപരമായ ശേഷിയും കരുത്തുമുണ്ടെന്നും ലോകത്തെ എല്ലാത്തരം അധിനിവേശങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾക്ക് ഭാഷ വലിയൊരു ഇന്ധനമാണെന്നും അദ്ദേഹം പറഞ്ഞു.
മലയാള ഭാഷാദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ സൗദി ചാപ്റ്റർ സംഘടിപ്പിച്ച വെർച്വൽ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ് എം.എം. നഈം സാംസ്കാരിക സംഗമത്തിൽ അധ്യക്ഷത വഹിച്ചു.
എം.ടി. വാസുദേവൻ നായർ എഴുതിയ മാതൃഭാഷാ പ്രതിജ്ഞ ചാപ്റ്റർ കൺവീനർ ഷിബു തിരുവനന്തപുരം ചൊല്ലിക്കൊടുത്തു. പത്രപ്രവർത്തകൻ മുസാഫിർ പ്രഭാഷണം നടത്തി.
സാജിദ് ആറാട്ടുപുഴ, ഡോ. മുബാറക് സാനി, നസീർ വാവക്കുഞ്ഞ്, സീബ കൂവോട്, നന്ദിനി മോഹൻ, മാത്യു തോമസ് നെല്ലുവേലിൽ, രമേശ് മൂച്ചിക്കൽ എന്നിവർ ആശംസകൾ നേർന്നു. കേരളവും മലയാള ഭാഷയും വിഷയമാക്കി മലയാളം മിഷെൻറ വിവിധ മേഖലകളിലെ വിദ്യാർഥികളും അധ്യാപകരും പരിപാടികൾ അവതരിപ്പിച്ചു.
നസീബ താരിഖ്, ഖദീജ താഹ, ശ്രേയ സുരേഷ്, നാദിയ നൗഫൽ, അംന ഫാത്തിമ, നേഹ പുഷ്പരാജ്, ഹെന പുഷ്പരാജ്, നിവേദിത, ഐശ്വര്യ റോസ് ഷെൽജിൻ, എഹ്സാൻ ഹമദ് മൂപ്പൻ, സാദിൻ, അഥിതി രമേഷ്, സാധിക വിജീഷ്, റിതിക, ഐശ്വര്യ ഉല്ലാസ്, മയൂഖ, ഗോഡ്വിൻ തോമസ്, മുഹമ്മദ് സാലിഹ് എന്നിവർ കവിതാലാപനവും ദൃശ്യാവിഷ്കാരവും നടത്തി.
മലയാളം മിഷൻ ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്സൺ ഷാഹിദ ഷാനവാസ്, ലീന കോടിയത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത് സ്വാഗതവും ജിദ്ദ മേഖല ഭാഷാ അധ്യാപിക നിഷ നൗഫൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.