പുരുഷ സഹായമില്ലാതെ ഹജ്ജിനെത്തിയ വനിത തീർഥാടകർക്ക് ജിദ്ദയിലും മക്കയിലും ഉജ്ജ്വല സ്വീകരണം
text_fieldsമക്ക: പുരുഷ സഹായമില്ലാതെ (മഹ്റം) ഹജ്ജിനെത്തിയ വനിത ഹാജിമാർക്ക് മക്കയിൽ ഉജ്ജ്വല സ്വീകരണം. കരിപ്പൂരിൽനിന്ന് 145 വനിത തീർഥാടകരുമായി എത്തിയ ഐ.എക്സ് 3025 നമ്പർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വ്യാഴാഴ്ച രാത്രി 11.30നാണ് ജിദ്ദ ഹജ്ജ് ടെർമിനലിൽ ഇറങ്ങിയത്. രണ്ടു പൈലറ്റുമാരും നാലു കാബിൻ ക്രൂ അംഗങ്ങളും മാത്രമായി വനിത ഹാജിമാരെ ജിദ്ദയിലെത്തിച്ച വിമാനത്തിൽ പൂർണമായും വനിത ജീവനക്കാരായിരുന്നു. ഇവരെ സ്വീകരിക്കാൻ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, പത്നി ഡോ. ഷക്കീല ഷാഹിദ്, വിവിധ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിയിരുന്നു. വിമാനമിറങ്ങിയ ഹാജിമാരെ ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസിൽ വെള്ളിയാഴ്ച പുലർച്ച മൂന്നിന് മക്കയിലെത്തിച്ചു.
നൂറുകണക്കിന് വനിത വളന്റിയർമാർ ഉറക്കമൊഴിച്ച് വനിത തീർഥാടക സംഘത്തെ സ്വീകരിക്കാൻ മക്കയിൽ കാത്തുനിന്നിരുന്നു. തീർഥാടകരെത്തിയപ്പോൾ സ്വന്ത൦ ഉമ്മമാരെ പോലെ അവർ തീർഥാടകരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. കൈനിറയെ സമ്മാനങ്ങൾ നൽകി. ഹാജിമാർക്ക് ഏറെ ആശ്വാസമായി കഞ്ഞിയും ഇവർ വിതരണം ചെയ്തു. എല്ലാം കണ്ടും അനുഭവിച്ചും അല്ലാഹുവിന്റെ അതിഥികൾ ഏറെ സംതൃപ്തരായിരുന്നു.
പുരുഷ സഹായമില്ലാതെ എത്തിയ ഹാജിമാർക്ക് മികച്ച സൗകര്യങ്ങളാണ് മക്കയിൽ ഒരുക്കിയത്. നാട്ടിൽനിന്ന് പുറപ്പെടുമ്പോൾ ഉണ്ടായിരുന്ന ആശങ്കകളെല്ലാം അസ്ഥാനത്തായതായി ഇവർ പങ്കുവെച്ചു. 45 വയസ്സിനു മുകളിലുള്ള സ്ത്രീകളായതുകൊണ്ട് പുരുഷ സഹായമില്ലാതെ (മഹ്റം) എങ്ങനെ ഹജ്ജിന് പോകാൻ സാധിക്കുമെന്ന് പലരും ചോദിച്ചിരുന്നെങ്കിലും മക്കയിലെത്തിയപ്പോൾ എല്ലാ സഹായങ്ങൾക്കും ഇവിടെ സന്നദ്ധപ്രവർത്തകർ ഉണ്ടല്ലോ എന്നത് ഏറെ ആശ്വാസമാണെന്നും വനിത ഹാജിമാർ അഭിപ്രായപ്പെട്ടു.
ഈ വിഭാഗത്തിൽ ഹജ്ജിന് നാലോ അഞ്ചോ സ്ത്രീകൾ ചേർന്ന് ഒരു കവർ നമ്പറിൽ അപേക്ഷിക്കാം. ബന്ധുക്കളോ പരിചയക്കാരോ ആണ് ഇത്തരത്തിൽ സംഘമായി ഹജ്ജിന് അപേക്ഷിക്കുന്നത്. പുണ്യകേന്ദ്രങ്ങളിൽ എല്ലാം സ്വയം ചെയ്യുമെന്ന് സമ്മതവും വേണം. 2018ലാണ് ആദ്യമായി ഇത്തരത്തിൽ ഹാജിമാർ എത്തിത്തുടങ്ങിയത്. അത് വിജയം കണ്ടതോടെ തുടർന്നുള്ള വർഷങ്ങളിലും ഹാജിമാരുടെ എണ്ണം കൂട്ടി. ഇത്തവണ ഈ വിഭാഗത്തിൽ ഇന്ത്യയിൽനിന്ന് 4,000 ഹാജിമാർ പുണ്യഭൂമിയിലെത്തുന്നുണ്ട്. ഇവരിൽ 2,700 പേരും മലയാളി തീർഥാടകരാണ്. ഇവർക്കുള്ള സേവനങ്ങളെല്ലാം പുണ്യകേന്ദ്രങ്ങളിൽ പ്രത്യേകമായി തന്നെ ഒരുക്കിയിട്ടുണ്ട്. മക്കയിലും മദീനയിലും ഇവർക്ക് മാത്രമുള്ള കെട്ടിടങ്ങളുണ്ട്. ഇവർ യാത്രചെയ്യുന്ന ബസുകളിൽ സ്ത്രീകൾ മാത്രമായിരിക്കും. ഇവർക്ക് സ്വന്തമായി ആശുപത്രി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
നാട്ടിൽനിന്ന് ഒമ്പതു വനിത വളന്റിയർമാരാണ് (ഖാദിമുൽ ഹുജാജ്ജ്) ഇവർക്ക് സേവനത്തിനായി മാത്രം എത്തിയിട്ടുള്ളത്. പുറമെ മക്കയിലെ നൂറുകണക്കിന് വനിത വളന്റിയർമാരും 24 മണിക്കൂറും ഇവരുടെ സേവനത്തിനുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.