തഴപ്പായ നെയ്യുന്നവരുടെ ജീവിതത്തിന് ചലച്ചിത്രഭാഷ്യമൊരുക്കി പ്രവാസികൾ
text_fieldsദമ്മാം: കേരളത്തിലെ പൈതൃക തൊഴിലായ തഴപ്പായ നിർമാണവും തഴപ്പായ നേരിടുന്ന പ്രതിസന്ധിയും ചർച്ച ചെയ്യുന്ന 'നെയ്തെടുത്ത ജീവിതങ്ങൾ'പ്രദർശനത്തിനൊരുങ്ങുന്നു. ഗൃഹാതുര സ്മരണകളിൽനിന്ന് പിറവിയെടുത്ത ഈ ചിത്രം ഒരുക്കിയത് ദമ്മാമിലെ പ്രവാസി ചാരിറ്റി എന്ന സംഘടനയാണ്. ദമ്മാമിലെ ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തകൻ എബി ഷാഹുൽ ഹമീദ് ആണ് നിർമാണം. നിരവധി ഹ്രസ്വചിത്രങ്ങൾക്ക് ജീവൻ നൽകിയ അനി മങ്ക് ആണ് സംവിധാനം. ഒാണാട്ടുകരയുടെ പഴയകാല 'പായ ചന്തകളും'തഴപ്പായ നെയ്ത്തുകാരും ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തും.
തഴപ്പായയുടെ പേരിലാണ് ഓണാട്ടുകരയിലെ തഴവ എന്ന ഗ്രാമം രൂപപ്പെട്ടത്. തഴയും തഴപ്പായും ഒരു നാടിെൻറ മേൽവിലാസമാകുന്നതും അവിടത്തെ അതിജീവനവും ബാക്കിവന്ന തലമുറയുമാണ് ഡോക്യുമെൻററി ചർച്ച ചെയ്യുന്നത്. പ്ലാസ്റ്റിക്കിെൻറ കടന്നുകയറ്റത്തോടെ ഈ തൊഴിലിന് അന്ത്യമായി. 80ഉം 90ഉം വയസ്സായവരിലേക്ക് ചുരുങ്ങിയെങ്കിലും ജാതിയുടെയോ മതത്തിെൻറയോ ലേബലില്ലാതെ നൂറ്റാണ്ടുകളോളം നിലനിന്ന തൊഴിലിെൻറ മഹത്ത്വം കൂടിയാണ് ചിത്രം പങ്കുവെക്കുന്നത്.
വരികളെഴുതിയ അനി മങ്കും ഗാനം ആലപിച്ച 80കാരി വിത്രിയമ്മയും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. യുവ കാമറാമാൻ ജി. കൃഷ്ണയാണ് തഴവയുടെ ഗ്രാമക്കാഴ്ചകൾ പകർത്തിയത്. ഒമ്പതാം ക്ലാസുകാരൻ സിനാൻ ആണ് എഡിറ്റിങ്. സംഗീതം മനു തിരുവല്ലയും ഡിസൈൻ അനി വരവിളയും ഇംഗ്ലീഷ് മൊഴിമാറ്റം ഡോ. ഷെബീർ മുഹമ്മദും. രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ നിരവധി പുരസ്കാരങ്ങൾ നേടിയ 'ടൂറിസം കലാമിറ്റി'എന്ന ചിത്രത്തിലൂടെയാണ് അനി മങ്ക് ശ്രേദ്ധയനായത്. മൺസൂൺ മീഡിയയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.