കരാർ കാലയളവിൽ എക്സിറ്റ് വിസയിൽ പോകുന്നവർക്ക് തിരിച്ചുവരാനാകില്ല
text_fieldsജിദ്ദ: തൊഴിൽ കരാർ സാധുതാ കാലയളവിൽ ഫൈനൽ എക്സിറ്റ് വിസയിൽ രാജ്യത്തുനിന്നു പുറത്തുപോകുന്ന വിദേശ തൊഴിലാളിയെ വീണ്ടും രാജ്യത്തേക്ക് ജോലിക്കു പ്രവേശിക്കുന്നതിൽനിന്ന് തടയുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന പുതിയ തൊഴിൽ പരിഷ്കരണ കരാർ സേവനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് മാനവ വിഭവശേഷി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
എക്സിറ്റ് വിസയുടെ കാലാവധി വിസ നൽകിയ തീയതി മുതൽ 15 ദിവസമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഫൈനൽ എക്സിറ്റ് വിസക്ക് തൊഴിലാളി അപേക്ഷിക്കുകയാണെങ്കിൽ അപേക്ഷ നടപടികൾ പൂർത്തിയാക്കുന്നതിന് 10 ദിവസം മുമ്പ് തൊഴിലുടമക്ക് നോട്ടീസ് അയക്കും.
എക്സിറ്റ് വിസ കാലാവധി കഴിഞ്ഞതിനുശേഷം രാജ്യം വിട്ടുപോകാതിരുന്നാൽ തൊഴിൽ താമസനിയമലംഘനമായി കണക്കാക്കും. തൊഴിലാളികൾക്ക് തെൻറയും കീഴിലുള്ള ആശ്രിതരുടെയും എക്സിറ്റ് വിസ അപേക്ഷ റദ്ദാക്കാനും സാധിക്കും. വിദേശ തൊഴിലാളികൾക്ക് തൊഴിലുടമയിലൂടെയും ഫൈനൽ എക്സിറ്റ് വിസ നൽകാനുള്ള സാധ്യത പുതിയ സേവനം ഇല്ലാതാക്കുന്നില്ലെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, പരിഷ്കരിച്ച തൊഴിൽ കരാർ നടപ്പാക്കിയാൽ ചില ജോലികളിലേർപ്പെടുന്നവർക്കെതിരെയുള്ള ഹുറൂബ് പരാതികൾ റദ്ദാക്കുമെന്നും അവർക്ക് പദവി ശരിയാക്കാൻ അവസരമുണ്ടാകുമെന്നുമുള്ള പ്രചാരണം മാനവ വിഭവശേഷി മന്ത്രാലയം നിഷേധിച്ചു.
ഇത്തരം കേസുകളിൽ പുതിയ കരാർ നടപ്പാക്കുന്നതിനു മുമ്പുള്ള നടപടികൾക്കനുസൃതമായിരിക്കും കാര്യങ്ങൾ കൈകാര്യം ചെയ്യുകയെന്നും മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.