യാത്രവിലക്കിലെ ഇളവ് ഗുണം ചെയ്യുക പതിനായിരങ്ങൾക്ക്
text_fieldsസുലൈമാൻ വിഴിഞ്ഞം
റിയാദ്: സൗദി അറേബ്യയിൽനിന്ന് കോവിഡ് വാക്സിൻ രണ്ടു ഡോസ് സ്വീകരിച്ചശേഷം സ്വദേശങ്ങളിലേക്ക് പോയവർക്ക് നേരിട്ട് സൗദിയിലേക്ക് മടങ്ങിവരാമെന്ന തീരുമാനം പതിനായിരക്കണക്കിന് പ്രവാസികൾക്ക് ഗുണം ചെയ്യും.
എന്നാൽ അത്രയോ അതിൽ കൂടുതലോ ആളുകൾ ഇൗ ആനുകൂല്യത്തിൽനിന്ന് പുറത്താവുകയും ചെയ്യും. സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത ശേഷം നാട്ടിൽ വന്നവരും നാട്ടിൽനിന്ന് രണ്ടു ഡോസ് വാക്സിനെടുത്തവരുമാണ് ഇളവിെൻറ പരിധിക്കു പുറത്ത്. ഇവരുടെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള ഏതാനും രാജ്യങ്ങളിലേക്കും തിരിച്ചും സൗദി അറേബ്യ യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇൗ വിലക്കിലാണ് ഇപ്പോൾ ഇളവ് വരുത്തിയത്. രണ്ട് ഡോസ് വാക്സിനും സൗദിയിൽനിന്ന് സ്വീകരിച്ച നിലവിൽ സൗദി ഇഖാമയുള്ളവർക്ക് മാത്രമാണ് നേരിട്ടു വരാൻ അനുമതി.
ഇന്ത്യയുൾെപ്പടെ നിരോധനമുള്ള 13 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇങ്ങനെ നേരിട്ട് യാത്ര ചെയ്യാം. ഇതാണ് പതിനായിരക്കണക്കിന് പ്രവാസികൾക്ക് ഗുണം ചെയ്യുന്നത്.
സൗദി ഇഖാമ ഉള്ളവർക്ക് വിലക്കിൽ ഇളവ് നൽകുന്നതായി സൗദി വിദേശകാര്യമന്ത്രാലയം വിദേശ രാജ്യങ്ങളുടെ എംബസികൾക്ക് കഴിഞ്ഞദിവസം സർക്കുലർ അയച്ചിരുന്നു. സർക്കുലർ ലഭിച്ചതായി ഇന്ത്യൻ എംബസി ഒൗദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തതോടെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ വലിയ പ്രതീക്ഷയും ആഹ്ലാദവുമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ വിശദാംശങ്ങൾ അറിഞ്ഞതോടെ സൗദിയിൽനിന്ന് വാക്സിനേഷൻ പൂർത്തിയാക്കാത്തവരെല്ലാം നിരാശയിലുമായി. പതിനായിരക്കണക്കിന് പ്രവാസികളാണ് സൗദിയിൽനിന്ന് വാക്സിനേഷൻ പൂർത്തീകരിച്ച് നാട്ടിൽ അവധിക്കെത്തിയത്. അവർക്ക് ഏറെ ആഹ്ലാദം സമ്മാനിക്കുന്നതാണ് ഇളവ്.
എന്നാൽ ഇന്ത്യയിൽ വാക്സിനേഷൻ പൂർത്തീകരിച്ചവരും സൗദിയിൽനിന്ന് ഒരു ഡോസ് കുത്തിവെപ്പെടുത്തവരും നിരാശയിലാണ്. ഇവരുടെ എണ്ണവും കുറവല്ല, പതിനായിരങ്ങളാണ്.
തങ്ങളുടെ കാര്യത്തിലും സൗദി പുതിയ തീരുമാനമെടുക്കുമെന്നും ഇളവ് ലഭിക്കുമെന്നും നിരാശക്കിടയിലും പ്രതീക്ഷ വെച്ചു പുലർത്തുന്നുണ്ട് അവർ.
നാട്ടിൽനിന്ന് രണ്ടു ഡോസ് വാക്സിൻ എടുക്കുകയും സൗദി അറേബ്യയുടെ 'തവക്കൽന' ആപ്പിൽ 'ഇമ്യൂൺ' സ്റ്റാറ്റസും നേടിയിരിക്കുകയാണ് ഇവരെല്ലാം. നിലവിൽ ഖത്തറിലോ മറ്റ് ഇടത്താവളങ്ങളിലോ രണ്ടാഴ്ച സമ്പർക്കവിലക്ക് നിബന്ധന പാലിച്ച് വൻതുക ചെലവഴിച്ച് യാത്ര നടത്തിവേണം സൗദിയിലെത്താൻ. ഇളവ് ലഭിച്ചാൽ വലിയ ഇൗ ബുദ്ധിമുട്ടുകളും പണച്ചെലവുമെല്ലാം ഒഴിവായി കിട്ടും. അത് വലിയ അനുഗ്രഹമാകും.
വൈകാതെ തങ്ങൾക്കും ഇളവ് പ്രഖ്യാപനമുണ്ടാവും എന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം. അതുപോലെ സൗദി അറേബ്യ ഇതുവരെ അംഗീകാരം നൽകാത്ത വാക്സിൻ നാട്ടിൽ നിന്ന് സ്വീകരിച്ചവരും അനുകൂല തീരുമാനത്തിനായുള്ള കാത്തിരിപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.