സൗദിയിൽ നിയമലംഘകർക്കെതിരെ പരിശോധന ശക്തം
text_fieldsയാംബു: സൗദിയിലെ വിവിധ ഭാഗങ്ങളിൽ താമസ, തൊഴിൽ നിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമാണ്. ഒരാഴ്ചക്കിടയിൽ താമസ നിയമലംഘനങ്ങൾ നടത്തിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള 10,000ലേറെ പേരെ പിടികൂടി നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രീതിയിൽ നിയമലംഘനം നടത്തിയ 23,100 പേരെയാണ് വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഇതിൽ 21,800 പേരെ യാത്രാരേഖകൾ ശരിയാക്കി നാട്ടിലേക്കയക്കാൻ അതത് രാജ്യങ്ങളിലെ എംബസികളിലേക്ക് റഫർ ചെയ്തു. ഇവരിൽ 4,000ത്തോളം പേരുടെ യാത്രാരേഖകൾ പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 1,536 പേരെ അറസ്റ്റ് ചെയ്തത്. അവരിൽ 57 ശതമാനം ഇത്യോപ്യൻ പൗരന്മാരും 41 ശതമാനം യമൻ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 57 നിയമലംഘകർ സൗദി അറേബ്യയിൽനിന്ന് പുറത്തുപോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരുകയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്ത 23 പേരും അറസ്റ്റിലായിട്ടുണ്ട്.
നടപടിക്രമങ്ങൾക്ക് വിധേയരായ പ്രവാസി നിയമലംഘകരുടെ ആകെ എണ്ണം 31,100 എത്തിയതായി അധികൃതർ അറിയിച്ചു. ഇവരിൽ 28,600 പുരുഷന്മാരും 2,500 സ്ത്രീകളുമാണ്. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്ക് പ്രവേശനം സുഗമമാക്കുകയോ നിയമലംഘകർക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതര കുറ്റമാണ്.
കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി10 ലക്ഷം റിയാൽ പിഴ ശിക്ഷയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതിർത്തി സുരക്ഷ സംവിധാനം ലംഘിക്കുന്നവർക്ക് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ അവരെ എത്തിക്കുകയോ അവർക്ക് അഭയം നൽകുകയോ അവർക്ക് എന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്ന ഏതൊരാളും ശിക്ഷക്ക് വിധേയമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് ഗതാഗത മാർഗങ്ങൾ ഒരുക്കുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടുന്നതുൾപ്പെടെ ശിക്ഷനടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.