സൗദിയിൽ ആസ്ഥാനമില്ലാത്ത വിദേശ കമ്പനികൾക്ക് ഇനി സർക്കാർ കരാറുകളില്ല
text_fieldsറിയാദ്: സൗദി അറേബ്യയിൽ പ്രാദേശിക ആസ്ഥാനമില്ലാത്ത വിദേശ കമ്പനികളുമായുള്ള സർക്കാർ കരാറുകൾ അവസാനിപ്പിക്കുന്ന നടപടികൾക്ക് തുടക്കം. അന്താരാഷ്ട്ര കമ്പനികൾക്ക് സ്വന്തം പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാൻ സൗദി അനുവദിച്ച സമയപരിധി ജനുവരി ഒന്നിന് അവസാനിച്ചിരുന്നു. കമ്പനികൾ ആസ്ഥാനം മാറ്റിയില്ലെങ്കിൽ സർക്കാറുമായുള്ള കരാർ നഷ്ടമാകുമെന്ന് ഭരണകൂടം നേരത്തേ വ്യക്തമാക്കിയിരുന്നു. 2024ന്റെ തുടക്കം മുതൽ രാജ്യത്തിനു പുറത്ത് പ്രാദേശിക ഓഫിസുകൾ സ്ഥാപിക്കുന്ന വിദേശ കമ്പനികളുമായുള്ള ഇടപാട് അവസാനിപ്പിക്കാൻ 2021 ഫെബ്രുവരിയിലാണ് തീരുമാനിച്ചത്.
‘മധ്യപൂർവേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും ശാഖകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും പിന്തുണയും മാനേജ്മെൻറും തന്ത്രപരമായ ദിശാബോധവും നൽകുന്ന ഒരു ഓഫിസ്’ എന്നാണ് നിക്ഷേപ മന്ത്രാലയം കമ്പനിയുടെ പ്രാദേശിക ആസ്ഥാനം എന്നതുകൊണ്ട് നിർവചിക്കുന്നത്. ‘വിഷൻ 2030’ന് അനുസൃതമായി നിക്ഷേപം വർധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തിക ചോർച്ച കുറക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു ചുവടുവെപ്പാണിത്. വിദേശ കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങളെ ആകർഷിക്കുന്നതിനുള്ള പദ്ധതി നിക്ഷേപ മന്ത്രാലയവും റിയാദ് നഗരത്തിനായുള്ള റോയൽ കമീഷനും തമ്മിലുള്ള സംയുക്ത സംരംഭമാണ്. ഈ സംരംഭത്തിൽ സർക്കാറുമായോ അതിന്റെ ഏതെങ്കിലും ഏജൻസിയുമായോ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സംരംഭങ്ങളും സ്ഥാപനങ്ങളും ഫണ്ടുകളും ഉൾപ്പെടും. എന്നാൽ ഇത് ഒരു നിക്ഷേപകനെയും സൗദി സമ്പദ്വ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നതിനോ സ്വകാര്യ മേഖലയുമായി ഇടപെടുന്നതിനോ ഉള്ള ശേഷിയെ ഇത് ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇതുവരെ സൗദിയിലേക്ക് ആകർഷിക്കപ്പെട്ട ബഹുരാഷ്ട്ര കമ്പനികളുടെ എണ്ണം 180ലധികമെത്തി. അവരുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാൻ ലൈസൻസ് അനുവദിച്ചു. 160 കമ്പനികളെയാണ് ലക്ഷ്യമിട്ടിരുന്നത്. രാജ്യത്തിന്റെ ലക്ഷ്യം മറികടക്കുന്നതാണ് സൗദിയിലേക്ക് ആകർഷിക്കുന്ന കമ്പനികളുടെ എണ്ണത്തിലുള്ള വർധന സൂചിപ്പിക്കുന്നത്. ഇനിയും കൂടുതൽ കമ്പനികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കമാണ് നടക്കുന്നത്. ഇതിന് വലിയ പ്രോത്സാഹനവുമായി സാമ്പത്തിക, നിക്ഷേപ മന്ത്രാലയങ്ങൾ രംഗത്തുണ്ട്.
കഴിഞ്ഞ ഡിസംബറിൽ നിക്ഷേപ മന്ത്രാലയം സാമ്പത്തിക മന്ത്രാലയത്തിന്റെയും സകാത്ത്- നികുതി- കസ്റ്റംസ് അതോറിറ്റിയുടെയും സഹകരണത്തോടെ വിദേശ കമ്പനികളെ സൗദിയിലേക്ക് ആകർഷിക്കുന്നതിന് പരിപാടിയെ പിന്തുണക്കുന്നതിനായി 30 വർഷത്തേക്ക് ഒരു പുതിയ നികുതി ഇൻസെൻറീവ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര കമ്പനികൾക്ക് സൗദി അറേബ്യയിൽ തങ്ങളുടെ പ്രാദേശിക ആസ്ഥാനം തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമാണിത്.
ഇതിനുപുറമെ സാമ്പത്തിക, നിക്ഷേപ മന്ത്രാലയങ്ങൾ മറ്റ് നിരവധി പ്രോത്സാഹനങ്ങളാണ് നൽകുന്നത്. ഡിസംബർ 31ന് സൗദിയിലേക്ക് തങ്ങളുടെ ആസ്ഥാനം മാറ്റുന്നതിന് വിദേശ കമ്പനികൾക്ക് നിശ്ചയിച്ചിട്ടുള്ള സമയപരിധിയിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സാമ്പത്തിക-ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹിം കഴിഞ്ഞ ഒക്ടോബർ അവസാനത്തിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനീഷ്യേറ്റിവിൽ വ്യക്തമാക്കിയിരുന്നു. സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും എണ്ണയെ ആശ്രയിക്കുന്ന രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന് നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളെ സഹായിക്കാനാണ് തീരുമാനമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആനും പറഞ്ഞിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ഈ സംരംഭം ശ്രദ്ധേയ വിജയം കൈവരിച്ചതായി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. ലൈസൻസ് നേടുന്ന കമ്പനികളുടെ എണ്ണം ആഴ്ചയിൽ 10 എന്ന നിരക്കിൽ വർധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.