അറബ് രാജ്യങ്ങളുടെ കാര്യങ്ങളിൽ വിദേശ ഇടപെടൽ തടയണം –സിറിയൻ പ്രസിഡൻറ്
text_fieldsജിദ്ദ: അറബ് രാജ്യങ്ങളുടെ കാര്യങ്ങളിൽ വിദേശ ഇടപെടൽ തടയേണ്ടതുണ്ടെന്ന് സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദ് പറഞ്ഞു. 32ാമത് അറബ് ലീഗ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് സിറിയൻ പ്രസിഡൻറ് ഇക്കാര്യം പറഞ്ഞത്. നമ്മുടെ സാഹചര്യം പുനഃക്രമീകരിക്കാനുള്ള ചരിത്രപരമായ അവസരമാണ് നാം അഭിമുഖീകരിക്കുന്നത്.
അറബ് അനുരഞ്ജനവും സംയുക്ത പ്രവർത്തനത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുന്നതിലും പ്രതീക്ഷ വർധിക്കുന്നതായി സിറിയൻ പ്രസിഡൻറ് സൂചിപ്പിച്ചു. കാലത്തിനനുസരിച്ച് അറബ് ലീഗിന്റെ പ്രവർത്തന സംവിധാനങ്ങൾ വികസിപ്പിക്കണം. സംയുക്ത അറബ് പ്രവർത്തനത്തിന് പൊതുവായ കാഴ്ചപ്പാടുകളും തന്ത്രങ്ങളും ലക്ഷ്യങ്ങളും ആവശ്യമാണെന്ന് സിറിയൻ പ്രസിഡൻറ് ഊന്നിപ്പറഞ്ഞു.
യുദ്ധത്തിനും നാശത്തിനും പകരം മേഖലയിൽ സമാധാനം, വികസനം, സമൃദ്ധി എന്നിവ കൈവരിക്കുന്നതിന് നമുക്കിടയിൽ ഐക്യദാർഢ്യത്തിനായുള്ള പ്രവർത്തനത്തിന്റെ പുതിയ ഘട്ടത്തിന് ഉച്ചകോടി തുടക്കം കുറിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. അറബ്, പ്രാദേശിക യോജിപ്പിനെ സിറിയൻ പ്രസിഡൻറ് പ്രശംസിച്ചു. ഇത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. നമ്മുടെ രാജ്യങ്ങളിലെ ബാഹ്യ ഇടപെടൽ തടയുകയും ആവശ്യമാകുമ്പോൾ പരസ്പരം സഹായിക്കുകയും വേണമെന്നും സിറിയൻ പ്രസിഡൻറ് പറഞ്ഞു.
മേഖലയിൽ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും ഉച്ചകോടിയുടെ വിജയത്തിനുമായി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നടത്തിയ ശ്രമങ്ങൾക്ക് സിറിയൻ പ്രസിഡൻറ് നന്ദി അറിയിച്ചു. ഉച്ചകോടിയിലെ തങ്ങളുടെ സാന്നിധ്യത്തെയും അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവിനെയും സ്വാഗതം ചെയ്ത പ്രതിനിധി സംഘത്തലവന്മാർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. 12 വർഷത്തിനുശേഷമാണ് സിറിയൻ പ്രസിഡൻറ് അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.