മക്കയിലെ മസ്ജിദുൽ ഹറമിൽ വിദേശഭാഷാ സഹായ പദ്ധതി സജീവം
text_fieldsമക്ക: മക്കയിലെത്തുന്ന ഉംറ തീർഥാടകർക്കും സന്ദർശകർക്കും ആരാധനകളുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കാനുള്ള വിദേശഭാഷാ സഹായ പദ്ധതി സജീവമായി മുന്നേറുന്നു. കഴിഞ്ഞ മാസം ഇവ ഉപയോഗപ്പെടുത്തിയവർ 34 ലക്ഷം പേർ.
ഹറമിന്റെ അകത്തളങ്ങളിൽ സേവനം നൽകാൻ 14 ഭാഷകളിൽ 24 മണിക്കൂറും ജീവനക്കാർ സദാസന്നദ്ധരായി പ്രവർത്തിക്കുന്നുണ്ട്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ലാംഗ്വേജസ് ആൻഡ് ട്രാൻസ്ലേഷൻ സ്പെഷൽ ഗൈഡൻസ് ഡിപ്പാർട്മെന്റിന്റെ കീഴിൽ വിവിധ രീതിയിലുള്ള സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ കണക്കുകൾ വിവർത്തന, സാങ്കേതിക കാര്യങ്ങളുടെ ഡെപ്യൂട്ടി ജനറൽ പ്രസിഡന്റ് അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഹമീദി ആണ് പുറത്തുവിട്ടത്.
ഹറമിലെത്തുന്ന സന്ദർശകർക്ക് കർമങ്ങൾ സുഖകരമായി നിർവഹിക്കാനും എല്ലാ സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഹറം കാര്യ ജനറൽ പ്രസിഡൻസി പ്രത്യേകം ശ്രദ്ധപുലർത്തുന്നുണ്ട്.
മനാറത്ത് അൽഹറമൈൻ പ്ലാറ്റ്ഫോം പരിചയപ്പെടുത്തുക, ഹറമിന്റെ പരിധിയിൽ നടക്കുന്ന പഠനങ്ങളുടെയും പ്രഭാഷണങ്ങളുടെയും വിവർത്തനം നൽകുക, എഫ്.എം ബ്രോഡ് കാസ്റ്റിങ് വഴി കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹെഡ്ഫോണുകൾ വിതരണം ചെയ്യുക എന്നിവയാണ് ഹറം കാര്യ ജനറൽ പ്രസിഡൻസി വാഗ്ദാനം ചെയ്യുന്ന മറ്റ് സേവനങ്ങൾ.
മസ്ജിദുൽ ഹറമിലെ വിവിധ നമസ്കാര സ്ഥലങ്ങളിൽ സജ്ജീകരിച്ച കൗണ്ടറുകളിൽ പരിഭാഷകരുടെ സേവനം ലഭ്യമാണ്. സ്ത്രീകൾക്കായി വനിത ജീവനക്കാരുടെയും മുഴുസമയ സേവനം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.