വിദേശ നിയമസ്ഥാപനങ്ങൾക്ക് സൗദിയിതര ഡയറക്ടർമാരെ ഉപാധികളോടെ നിയമിക്കാം
text_fieldsജുബൈൽ: സൗദി അറേബ്യയിലെ വിദേശ നിയമസ്ഥാപനങ്ങൾക്ക് സ്വദേശികളല്ലാത്തവരെ നിബന്ധനകൾക്ക് വിധേയമായി ഡയറക്ടർമാരായി നിയമിക്കാം. ലൈസൻസ് ചട്ടങ്ങൾക്ക് വിധേയമായി നിബന്ധനകൾ പാലിച്ചുമാത്രമേ ഇങ്ങനെ നിയമനം നടത്താനാവൂ.സ്ഥാപനത്തിന്‍റെ നടത്തിപ്പിൽ സ്വദേശി പങ്കാളി ഉണ്ടായിരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. പ്രാക്ടീസ് ചെയ്യുന്ന ഒന്നോ അതിലധികമോ സൗദി അഭിഭാഷകരുള്ള പ്രഫഷനൽ കമ്പനിയായാണ് പ്രവർത്തിക്കുന്നതെങ്കിൽ സ്ഥാപനത്തിന് കുറഞ്ഞത് ഏഴു വർഷത്തെ പ്രവർത്തനപരിചയമുള്ള ഒരു സ്വദേശി പാർട്ണറായി ഉണ്ടാവണം.
പാർട്ണർ അല്ലെങ്കിൽ ഓഹരി ഉടമകൾ കമ്പനിയുടെ ഡയറക്ടർ ആയിരിക്കണം. ലൈസൻസ് ലഭിക്കാൻ വിദേശ നിയമസ്ഥാപനം കുറ്റകൃത്യത്തിലോ അല്ലെങ്കിൽ ഏതെങ്കിലും രാജ്യത്തെ ഗുരുതരമായ പ്രഫഷനൽ ചട്ട ലംഘനത്തിലോ ഉൾപ്പെടാൻ പാടില്ല എന്നു നിബന്ധനയുമുണ്ട്.
വിദേശ സ്ഥാപനത്തിന് ബന്ധമുള്ള രാജ്യം അന്താരാഷ്ട്ര സൂചകങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സാമ്പത്തികമായി വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതായിരിക്കണം.ആ രാജ്യത്ത് ഈ സ്ഥാപനത്തിന് ലൈസൻസ് ഉള്ള ഓഫിസും ആസ്ഥാനവും ഉണ്ടായിരിക്കുകയും വേണം. സ്ഥിര ജീവനക്കാരുടെ എണ്ണം മൂന്നിൽ കുറയാൻ പാടില്ല. വിദേശ നിയമ സ്ഥാപനം ലൈസൻസിന് അപേക്ഷിക്കേണ്ടത് ഓൺലൈനായിട്ടായിരിക്കണം.
സ്ഥാപനത്തിന്‍റെ നിയമപരമായ പ്രതിനിധിക്ക് രാജ്യത്ത് തൊഴിൽ പരിശീലിക്കുന്നതിനുള്ള ലൈസൻസിനായി അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ യോഗ്യതയും പരിചയസമ്പത്തും ഉണ്ടായിരിക്കണം. അത് തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കണം. മാന്യതക്കോ വിശ്വാസത്തിനോ എതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രവും നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.