വിദേശ തീർഥാടകർക്ക് ഈ വർഷം ഹജ്ജിന് അനുവാദമുണ്ടായേക്കാം
text_fieldsമക്ക: വിദേശത്ത് നിന്നുള്ള തീർഥാടകർക്ക് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ അനുവാദമുണ്ടായേക്കാമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് പടരുന്നത് തടയുന്നതിനായുള്ള കർശന ആരോഗ്യ, മുൻകരുതൽ നടപടികൾ സ്വീകരിച്ചായിരിക്കും വിദേശ തീർത്ഥാടകർക്ക് അനുവാദം നൽകുക. തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി എല്ലാ ആരോഗ്യ, സുരക്ഷ, നിയന്ത്രണ നടപടികളുമായി ഈ വർഷത്തെ ഹജ്ജുമായി മുന്നോട്ട് പോകാനായി ഈ മാസം ഒമ്പതിന് ചേർന്ന ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ യോഗം തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് വിദേശ തീർത്ഥാടകർക്കും ഹജ്ജിന് അവസരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്. സൗദിയിലെ ആരോഗ്യ സ്ഥിതിഗതികൾ വിലയിരുത്തുന്നത് തുടരുമെന്നും എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തുടർ നടപടികളും പദ്ധതികളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സാധാരണഗതിയിൽ 25 ലക്ഷത്തിലധികം മുസ്‌ലിംകൾ ഒരുമിച്ചുകൂടുന്ന ഹജ്ജ് കർമം കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം വെട്ടിക്കുറച്ചിരുന്നു. ചരിത്രത്തിൽ തന്നെ ആദ്യമായി 1,000 തീർഥാടകരെ പങ്കെടുപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ വർഷം ഹജ്ജ് പൂർത്തിയാക്കിയത്. കോവിഡ് വ്യാപനം മൂലം സൗദിയുടെ അന്താരാഷ്ട്ര അതിർത്തികൾ അടച്ചതിനാൽ കഴിഞ്ഞ വർഷം രാജ്യത്തിന് അകത്തുള്ളവർക്ക് മാത്രമായിരുന്നു ഹജ്ജ് കർമത്തിന് അനുവാദം നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.