വിദേശ ഉംറ തീർഥാടകർ സൗദിയിലെത്തിത്തുടങ്ങി; ആദ്യസംഘമെത്തിയത് നൈജീരിയയിൽ നിന്ന്
text_fieldsജിദ്ദ: വിദേശ ഉംറ തീർഥാടകരുടെ വരവ് തുടങ്ങി. കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിൽ വെള്ളിയാഴ്ച രാത്രി മുതലാണ് തീർഥാടകരുടെ വരവ് തുടങ്ങിയത്. ആഗസ്റ്റ് ഒമ്പത് മുതൽ വിദേശ തീർഥാടകർക്കായുള്ള ഉംറ വിസ നടപടികൾ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നൈജീരിയയിൽ നിന്നാണ് ആദ്യ സംഘമെത്തിയത്. ജിദ്ദ വിമാനത്താവളത്തിലെത്തിയ സംഘത്തെ നൈജീരിയൻ കോൺസൽ ജനറലും ഹജ്ജ്, ഉംറ ദേശീയ സമിതി അംഗങ്ങളും ചേർന്ന് പൂക്കളും ഉപഹാരങ്ങളും നൽകി സ്വീകരിച്ചു.
സ്വീകരണത്തിനു ശേഷം തീർഥാടകർ മദീനയിലേക്ക് തിരിച്ചു. ഏതാനും ദിവസത്തെ മദീന സന്ദർശനത്തിനു ശേഷമായിരിക്കും ഉംറ നിർവഹിക്കാൻ ഇവർ മക്കയിലേക്ക് തിരിക്കുക. മക്കയിലും മദീനയിലും ഉയർന്ന നിലവാരത്തിലുള്ള താമസം, ഗതാഗതം, ഭക്ഷണം എന്നിവ സജ്ജീകരിച്ചതായി ഹജ്ജ് ഉംറ ദേശീയ സമിതി അംഗം ഹാനി അൽഉമൈരി പറഞ്ഞു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഗ്രൂപ്പുകൾ ഉംറ നിർവഹിക്കാനായി ഇന്നു മുതൽ എത്തി തുടങ്ങും. ഹജ്ജ്ഉംറ മന്ത്രാലയവുമായി സഹകരിച്ച് കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചായിരിക്കും ഇരുഹറമുകളിലേക്കുള്ള തീർഥാടകരുടെ പ്രവേശനങ്ങളെന്നും ഹജ്ജ് ഉംറ ദേശീയ സമിതി അംഗം പറഞ്ഞു.
ഏകദേശം അഞ്ച് മാസത്തിനു ശേഷമാണ് വിദേശത്തു നിന്നുള്ള ഉംറ തീർഥാടനം പുനരാരംഭിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഉംറ തീർഥാടനം പുനരാരംഭിക്കുന്നത്. കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ഉടനെ മുൻകരുതലെന്നോണം വിദേശ, ആഭ്യന്തര ഉംറ തീർഥാടനം ഏകദേശം ഏഴ് മാസത്തോളം നിർത്തിവെച്ചിരുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് വന്നതോടെ ആഭ്യന്തര, വിദേശ ഉംറ തീർഥാടനം പുനരാരംഭിച്ചിരുന്നു. മൂന്ന് മാസത്തോളം വിദേശ രാജ്യങ്ങളിൽ നിന്ന് തീർഥാടകരെത്തുകയും ചെയ്തിരുന്നു. കോവിഡ് വൈറസിെൻറ പുതിയ വകഭേദം ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതും വിമാന സർവീസുകൾ നിർത്തലാക്കിയതും കാരണം വിദേശത്തു നിന്നുള്ള ഉംറ തീർഥാടനം വീണ്ടും നിർത്തലാക്കാൻ ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
കോവിഡ് സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതിനാൽ വിദേശ ഉംറ തീർഥാടകരുടെ പ്രവേശനത്തിനു കർശനമായ ആരോഗ്യ നിബന്ധകളാണ് ഹജ്ജ് ഉംറ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന് തീർഥാടകന് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടാകണമെന്നാണ്. കൂടാതെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച ഫൈസർ, അസ്ട്രസെനെക്ക, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ എന്നീ നാല് കോവിഡ് പ്രതിരോധ വാക്സിനുകളിലൊന്ന് സ്വീകരിച്ചിരിക്കണം. അതതു രാജ്യങ്ങളിലെ അംഗീകൃത വകുപ്പുകൾ വാക്സിൻ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയിരിക്കണം തുടങ്ങിയവയും വ്യവസ്ഥകളിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.