മക്ക, മദീന നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ മുതൽ മുടക്കാൻ വിദേശികൾക്കും അനുമതി
text_fieldsജിദ്ദ: മക്ക, മദീന നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പണം മുടക്കാൻ വിദേശികൾക്കും അനുമതി. ഇരു നഗരങ്ങളുടെയും അതിർത്തിക്കുള്ളിൽ ഭൂമി, കെട്ടിടനിർമാണ ഇടപാടുകളിൽ ഭാഗികമായോ പൂർണമായോ നിക്ഷേപം നടത്താൻ വിദേശികളെ അനുവദിക്കാൻ ഫിനാൻഷ്യൽ മാർക്കറ്റിങ് സ്ഥാപനങ്ങൾക്ക് കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് അനുവാദം നൽകിയത്.
റിയൽ എസ്റ്റേറ്റ് ഇടപാടുകൾ കൈകാര്യം ചെയ്യുമ്പോൾ സൗദികളല്ലാത്തവരുടെ ഉടമസ്ഥതയിലും നിക്ഷേപത്തിലുമുള്ള സ്ഥാപനങ്ങൾ നിശ്ചയിച്ച വ്യവസ്ഥകൾ പൂർണമായും പാലിച്ചിരിക്കണമെന്ന് ഫിനാൻഷ്യൽ സ്ഥാപനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു. വൈവിധ്യമാർന്ന ഫിനാൻസിങ് ചാനൽ എന്ന നിലയിൽ സാമ്പത്തിക വിപണിയെ ശക്തിപ്പെടുത്തുന്നതിന് തീരുമാനം സഹായിക്കുമെന്ന് അതോറിറ്റി സൂചിപ്പിച്ചു.
സൗദി സാമ്പത്തിക വിപണിയിലേക്ക് പ്രാദേശിക, വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുക, സമ്പദ് വ്യവസ്ഥയെ വികസിപ്പിക്കുന്നതിലും അതിെൻറ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിലും നിർണായക പങ്ക് വഹിക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നതായി അതോറിറ്റി പറഞ്ഞു. തീരുമാനം എല്ലാത്തരം റിയൽ എസ്റ്റേറ്റ് ഫണ്ടുകളിലും നല്ല ഫലങ്ങൾ ഉണ്ടാക്കുമെന്ന് കാപിറ്റൽ മാർക്കറ്റ് ഫണ്ട് മേഖല മേധാവി അലാ അൽ-ഇബ്രാഹിം പറഞ്ഞു.
പല നിക്ഷേപകരും മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ ആഗ്രഹമുള്ളവരാണ്. പുതിയ തീരുമാനത്തിലൂടെ രാജ്യത്തുള്ളവർക്കും വിദേശത്തുള്ളവർക്കും നിക്ഷേപിക്കാനുള്ള വലിയ തടസ്സം നീക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.