വാക്സിനെടുത്ത് സൗദിയിലെത്തുന്ന വിദേശികൾ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം - ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ
text_fieldsജിദ്ദ: വാക്സിൻ രണ്ടു ഡോസും പൂർത്തിയാക്കി സൗദിയിലെത്തുന്ന വിദേശ യാത്രക്കാർ യാത്രക്ക് മുമ്പായി തങ്ങളുടെ വാക്സിൻ പൂർത്തിയാക്കിയ വിവരങ്ങൾ പ്രത്യേകം ഓൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനകമ്പനികൾക്കയച്ച പ്രത്യേക സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. https://muqeem.sa/#/vaccine-registration/home എന്ന 'മുഖീം' പോർട്ടലിലാണ് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്.
സൗദിയിൽ അംഗീകരിച്ച ഫൈസര്‍ ബൈനോട്ടക്, ഓക്സ്‌ഫോർഡ് ആസ്ട്ര സെനിക (കോവിഷീല്‍ഡ്), മൊഡെർണ എന്നീ വാക്സിനുകളുടെ രണ്ടു ഡോസുകളും ജോൺസൻ വാക്സിന്റെ ഒറ്റ ഡോസും എടുത്ത ശേഷം 14 ദിവസങ്ങൾ പൂർത്തിയാക്കിയവരാണ് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. ഇതല്ലാത്ത മറ്റു വാക്സിനുകൾ എടുത്തവരുടെ രജിസ്‌ട്രേഷൻ സ്വീകരിക്കില്ല. ഇങ്ങിനെ രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കി സൗദിയിലെത്തുന്നവർക്ക് നാളെ മുതൽ രാജ്യത്ത് നടപ്പാക്കുന്ന ഒരാഴ്ചത്തെ നിർബന്ധിത ഇൻസ്റ്റിട്യൂഷനൽ ക്വാറന്റീൻ (ഹോട്ടൽ വാസം) ആവശ്യമില്ല.
വാക്സിനേഷൻ പൂർത്തിയാക്കി എന്ന് സാക്ഷ്യപ്പെടുത്തുന്ന അതാത് രാജ്യത്തെ ആരോഗ്യ മന്ത്രാലയം ഇഷ്യൂ ചെയ്യുന്ന സർട്ടിഫിക്കറ്റും യാത്രക്കാർ പ്രത്യേകം കയ്യിൽ കരുതുകയും സൗദിയിലെത്തിയാൽ അധികൃതരെ കാണിക്കുകയും വേണം. യാത്രാ വിലക്ക് നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർ വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കിയെങ്കിൽ മാത്രമേ സൗദിയിൽ നേരിട്ട് പ്രവേശിക്കാനാവൂ.
നാളെ മുതൽ രാജ്യത്തെത്തുന്ന വിദേശികളിൽ വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് ഒരാഴ്ചത്തെ ഇൻസ്റ്റിട്യൂഷനൽ ക്വാറന്റീൻ (ഹോട്ടൽ വാസം) നിര്ബന്ധമായിരിക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടനുബന്ധിച്ചാണ് പുതിയ രജിസ്‌ട്രേഷൻ സംവിധാനം നിലവിൽ വന്നത്. എന്നാൽ സ്വദേശികൾ, കോവിഡിനെതിരെയുള്ള കുത്തിവെപ്പെടുത്തവര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, നയതന്ത്ര സ്ഥാപനത്തിന് കീഴിൽ വിസയുള്ളവർ, അവരുടെ കുടുംബാംഗങ്ങൾ, വിമാന ജോലിക്കാർ, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കപ്പല്‍ ജീവനക്കാര്‍, അതിര്‍ത്തികൾ കടന്നെത്തുന്ന ചരക്ക് വാഹനങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാർ, അവരുടെ സഹായികള്‍ എന്നിവര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.