വാക്സിനെടുക്കാത്ത വിദേശികൾക്കും സൗദിയിലേക്ക് യാത്ര ചെയ്യാം; മുഖീമിൽ രജിസ്‌ട്രേഷൻ നിർബന്ധം
text_fieldsജിദ്ദ: കോവിഡിനെതിരെ വാക്സിൻ എടുക്കാത്ത വിദേശികൾക്കും സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ല. വാക്സിൻ വിവരങ്ങൾ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ ഈ മാസം 16 ബുധനാഴ്ച മുതൽ സൗദിയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കാവൂവെന്ന് കഴിഞ്ഞ ദിവസം ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിവിധ വിമാനകമ്പനികളെ അറിയിച്ചിരുന്നു.
വാക്സിൻ വിവരങ്ങൾ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് ശേഷം, രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയതായ എസ്.എം.എസ് സന്ദേശമോ പ്രിന്‍റ് കോപ്പിയോ പാസ്പോർട്ട് നമ്പർ മുഖീം പോർട്ടലിൽ പരിശോധിച്ചാൽ ലഭിക്കുന്ന വിവരങ്ങളോ ഉള്ളവരെ മാത്രമേ യാത്രക്ക് അനുവദിക്കാവൂ എന്നായിരുന്നു നിർദേശം. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കുന്നത് നിയമലംഘനം ആയിരിക്കുമെന്നും സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. ഇതോടെ ഇതുവരെ വാക്സിൻ എടുക്കാത്തവർക്ക് സൗദിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന അഭ്യൂഹം നിലനിന്നിരുന്നു.
എന്നാൽ വാക്സിൻ എടുക്കാത്തവർക്കും ഇനി മുതൽ മുഖീം പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്താം. ഇന്ന് മുതൽ പോർട്ടലിൽ അതിനനുസരിച്ച മാറ്റങ്ങൾ വന്നിട്ടുണ്ട്. സൗദിയിൽ താമസരേഖയുള്ളവർ, സന്ദർശന വിസക്കാർ എന്നിവർക്ക് വാക്സിൻ എടുത്തവരായാലും അല്ലെങ്കിലും പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണ് നിലവിൽ വന്നിരിക്കുന്നത്. എന്നാൽ വാക്സിൻ എടുക്കാത്തവർക്ക് സൗദിയിലെത്തിയാൽ നേരത്തെ നിലവിലുള്ള ഏഴ് ദിവസത്തെ ഇന്സ്ടിട്യൂഷനൽ ക്വാറന്റീൻ നിർബന്ധമായിരിക്കും.
ഇത്തരക്കാർ മുഖീമിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ക്വാറന്റീനിൽ ഇരിക്കാനുള്ള ഹോട്ടലിന്റെ വിവരങ്ങളും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. https://muqeem.sa/#/vaccine-registration/home എന്ന പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.