മുൻ പ്രവാസി ജീവകാരുണ്യപ്രവർത്തകൻ പി.കെ. സൈനുല്ലാബ്ദീൻ നിര്യാതനായി
text_fieldsറിയാദ്: ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയും അറിയപ്പെടുന്ന ജീവകാരുണ്യപ്രവർത്തകനുമായിരുന്ന കോട്ടയം എരുമേലി പാറയിൽ വീട്ടിൽ പി.കെ. സൈനുല്ലാബ്ദീൻ (62) നിര്യാതനായി. ഞായറാഴ്ച വൈകുന്നേരം വീട്ടിലാണ് മരിച്ചത്. റിയാദിൽ ഹൃദയാഘാതമുണ്ടാവുകയും ശാരീരികമായി അവശനിലയിലാവുകയും ചെയ്തതോടെ നാലുവർഷം മുമ്പാണ് നാട്ടിൽ കൊണ്ടുപോയത്. നിലവിൽ കുടുംബത്തോടൊപ്പം കാഞ്ഞിരപ്പള്ളി പാറക്കടവിലാണ് താമസം. ഞയറാഴ്ച അസർ നമസ്കാരാനന്തരം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. മൂന്ന് പതിറ്റാണ്ടിലേറെ റിയാദിൽ പ്രവാസിയായിരുന്നു. തുടക്കകാലം മുതലേ റിയാദിൽ കോൺഗ്രസിന്റെ അനുഭാവ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു.
സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. ഒ.ഐ.സി.സി രൂപവത്കരിച്ചശേഷം റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ജീവകാരുണ്യ വിഭാഗം കൺവീനറായി. ഇന്ത്യൻ എംബസിയുടെ വളൻറിയർ സംഘത്തിൽ അംഗമായി നിതാഖാത് കാലത്ത് ദുരിതത്തിലായവർക്ക് സേവനം നൽകാൻ രംഗത്തുണ്ടായിരുന്നു. രാജ്യത്തിന്റെ പലഭാഗത്തുനിന്ന് നാടണയാനുള്ള വഴിതേടി റിയാദിലെ എംബസിയിലെത്തുന്നവർക്ക് ആവശ്യമായ സഹായം നൽകാൻ പ്രവർത്തിച്ച സന്നദ്ധപ്രവർത്തകരിൽ ഒരാളായിരുന്നു. റിയാദിലെ കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. 2016ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ പ്രവാസി സ്ഥാനാർഥിയെന്ന നിലയിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ദീർഘകാലം കുടുംബം റിയാദിൽ ഒപ്പമുണ്ടായിരുന്നു. പിതാവ്: എരുമേലി പാറയിൽ മുഹമ്മദ്, മാതാവ്: ഐഷ. ഭാര്യ: സൗദ പനച്ചിക്കൽ. മക്കൾ: ഷെബിൻ, ഷെറിൻ, ഷെർമിൻ. മരുമക്കൾ: അനീഷ്, അൻസിഫ്, അയ്ഷു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.