‘ആട് ജീവിതം’ സിനിമയിൽ കയ്യൊപ്പ് ചാർത്തി മാധ്യമ പ്രവർത്തകനായിരുന്ന മുന്‍ ജിദ്ദ പ്രവാസി
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ജീവിതം കരുപ്പിടിപ്പിച്ച ഒരു പ്രവാസിയുടെ കഥ പറയുന്ന ഏറെ ശ്രദ്ധേയമായ ‘ആട് ജീവിതം’ സിനിമ പ്രവർത്തകരോടൊപ്പം കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രവർത്തിച്ച ആത്മസംതൃപ്തിയിലാണ് ജിദ്ദ മുൻ പ്രവാസിയും മാധ്യമ, സാംസ്കാരിക പ്രവർത്തകനുമായിരുന്ന മൂസക്കുട്ടി വെട്ടിക്കാട്ടിരി. ഒരേ സമയം അറബി, ഇംഗ്ലീഷ് ലാംഗ്വേജ് കണ്‍സള്‍ട്ടന്റായാണ് ഇദ്ദേഹം സിനിമയുടെ ഭാഗമായത്. പ്രധാന കഥാപാത്രമായ പൃഥിരാജിനോടൊപ്പം അറബി വേഷത്തിൽ അഭിനയിച്ച ഒമാനി നടന്‍ ഡോ. താലിബ് അൽ ബലൂഷി, സുഡാനി നടൻ റികാബി, സോമാലിയുടെ റോളില്‍ അഭിനയിച്ച ഹോളിവുഡ് നടന്‍ ജിമ്മി ജെയിന്‍ എന്നിവർക്ക് മലയാളത്തിലുള്ള സ്ക്രിപ്റ്റ് മൊഴിമാറ്റം ചെയ്തു അവരെ അറബിയിൽ സംസാരിപ്പിച്ച് പഠിപ്പിച്ചെടുക്കുകയും കൃത്യമായി അത് സിനിമയിൽ ആവശ്യമായ സമയത്ത് ഉപയോഗിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു ഇദ്ദേഹത്തിൽ ഏല്പിക്കപ്പെട്ടിരുന്നത്.
സിനിമയോടൊപ്പം അഞ്ചു വര്‍ഷമായി സഞ്ചരിച്ചതിന്റെ അധ്വാനം സഫലമായ സംതൃപ്തിയിലാണ് താനെന്ന് കൊച്ചിയിലെ വനിതാ സിനിപ്ലക്സ് തിയേറ്ററിൽ അണിയറ പ്രവർത്തകർക്ക് മാത്രമായി നടന്ന ചിത്രത്തിന്റെ പ്രദർശനം കണ്ടതിന് ശേഷം മൂസക്കുട്ടി വെട്ടിക്കാട്ടിരി അറിയിച്ചു. ശരിക്കും സിനിമയിൽ താൻ ചെയ്തത് കേവലം ഭാഷ തർജ്ജമ മാത്രമല്ല, മറിച്ച് സൗദിയിലെ സാധാരണക്കാരായ പൗരന്മാരുടെ സംസ്ക്കാരം അതേപോലെ നടന്മാരിലേക്ക് ആവാഹിച്ചുകൊടുക്കുക എന്ന ഉത്തവാദിത്വം കൂടിയായിരുന്നു. സൗദിയിലെ നിരവധി പ്രദേശങ്ങളിൽ സഞ്ചരിക്കാൻ സാധിച്ചതും സാധാരണക്കാരായ വിവിധ ജനവിഭാഗങ്ങളുടെ ജീവിതരീതിയും സംസ്കാരവും അവരുടെ സംസാര ഭാഷയുമെല്ലാം നേരിട്ട് കണ്ടു മനസിലാക്കിയത് ഈ സിനിമക്ക് വേണ്ടി ജോലി ചെയ്യുമ്പോൾ തനിക്ക് ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. തന്റെ സേവനങ്ങളെ ബ്ലെസിയും ബെന്യാമിനും പൃഥ്വിരാജുള്‍പ്പെടെയുള്ള നടന്മാരും ഏറെ പ്രശംസിച്ചതായും മൂസക്കുട്ടി വെട്ടിക്കാട്ടിരി പറഞ്ഞു.
ജോര്‍ദാനിലെ വാദി റം ടൂറിസ്റ്റ് ലൊക്കേഷൻ, അൾജീരിയയിലെ സഹാറ മരുഭൂമി തുടങ്ങുന്ന തമിമൂണ് എന്നിവിടങ്ങളിലാണ് ‘ആട് ജീവിത’ത്തിന്റെ ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചത്. ഷൂട്ടിങ്ങിനായി ക്രൂവിനൊപ്പം മൂന്ന് തവണ ജോർദാനിലേക്ക് യാത്ര ചെയ്യേണ്ടിവന്നതായും രണ്ടാം തവണ കോവിഡ് കാരണത്താൽ അവിടെ ലോക്ക് ഡൌൺ ആയി ഏറെ വിഷമങ്ങൾ സഹിക്കുകയും ചെയ്തതതായി അദ്ദേഹം പറഞ്ഞു. കോവിഡ് സമയത്ത് സിനിമയുടെ മൊത്തം ക്രൂവിനെ പ്രത്യേകം വിമാനത്തിലാണ് ജോർദാനിൽ നിന്നും അന്ന് നാട്ടിലെത്തിച്ചത്.
മലപ്പുറം പാണ്ടിക്കാടിനടുത്ത വെട്ടിക്കാട്ടിരി സ്വദേശിയാണ് മൂസക്കുട്ടി. ഏറെക്കാലം ജിദ്ദയിൽ ജോലിചെയ്തതിന് ശേഷം 2018 ലാണ് ഇദ്ദേഹം പ്രവാസത്തോട് വിടപറഞ്ഞത്. ശേഷം 2019 മുതൽ ഇദ്ദേഹം 'ആട് ജീവിതം' സിനിമയുടെ ഭാഗമായി പ്രവർത്തനം തുടങ്ങിയിരുന്നു. ജിദ്ദയിലായിരിക്കെ തനിമ സാംസ്‌കാരിക വേദി സജീവ പ്രവർത്തകനും ഗൾഫ് മാധ്യമം, മീഡിയവൺ ജിദ്ദ ബ്യൂറോ ഹെഡുമായിരുന്നു. അറബി ഭാഷയില്‍ ഏറെ പ്രാവീണ്യമുള്ള ഇദ്ദേഹത്തിന്റെ സേവനം പ്രവാസലോകത്തും പലർക്കും ഉപകാരപ്പെട്ടിരുന്നു. നിലവിൽ ശാന്തപുരം ജാമിഅ അൽ ഇസ്ലാമിയയിൽ ഫാക്വൽറ്റി ഓഫ് ലാംഗ്വേജസ് ആൻഡ് ട്രാൻസ്‌ലേഷൻ വിഭാഗം പ്രിൻസിപ്പൽ ആയി സേവനം ചെയ്യുകയാണ് മൂസക്കുട്ടി വെട്ടിക്കാട്ടിരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.