ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ്; പരീക്ഷണയോട്ടം തുടങ്ങി
text_fieldsജിദ്ദ: ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ് മത്സരത്തിന് മുന്നോടിയായുള്ള പരീക്ഷണ ഓട്ടത്തിന് തുടക്കം. ലോകത്തിലെ ഏറ്റവും പ്രമുഖരായ ചാമ്പ്യന്മാരടക്കം 20 കാറോട്ട താരങ്ങൾ മാറ്റുരക്കുന്ന ഫോർമുല വൺ കാറോട്ട മത്സരത്തിെൻറ പരീക്ഷണ ഒാട്ടം വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ജിദ്ദ കോർണിലൊരുക്കിയ ട്രാക്കിൽ ആരംഭിച്ചത്.
ലോക താരങ്ങളുടെ മത്സര ഒാട്ടം നേരിട്ട് കാണാൻ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഫോർമുല വൺ കായിക പ്രേമികളായ നൂറുക്കണക്കിനാളുകളാണ് ജിദ്ദയിലെത്തിയത്. കോർണിഷിലെ ട്രാക്കിന് വശങ്ങളിലായി സജ്ജീകരിച്ച ഗാലറികളിൽ തുടക്കത്തിന് മണിക്കൂറുകൾ മുമ്പ് തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഇടം പിടിച്ചിരുന്നു.
യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഡ്രൈവർമാർക്ക് പുതിയ ട്രാക്കുമായി പരിചയപ്പെടുന്നതിനാണ് പരീക്ഷണ ഒാട്ടം ഒരുക്കിയത്. വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന മൂന്ന് പരീക്ഷണ ഒാട്ടത്തിനു ശേഷം ശനിയാഴ്ച വൈകീട്ടാണ് യോഗ്യതാ മത്സരം. ഏറ്റവും വേഗതയേറിയ സമയത്തിനനുസരിച്ച് ഡ്രൈവർമാരെ തരംതിരിക്കും. ഇവരായിരിക്കും ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന വേഗപേരാട്ടത്തിൽ മാറ്റുരക്കുക.
ആദ്യമായാണ് സൗദിയിൽ ഫോർമുല വൺ കാറോട്ട മത്സരം നടക്കുന്നത്. എട്ട് മാസത്തെ ഒരുക്കങ്ങൾക്ക് ശേഷമാണ് അന്താരാഷ്ട്ര കാറോട്ട മത്സരത്തിനുള്ള ട്രാക്ക് ചെങ്കടൽ തീരത്തെ കോർണിഷ് തീരത്ത് ഒരുക്കിയത്. വിഷൻ 2030െൻറ ഭാഗമായ 'ക്വാളിറ്റി ഒാഫ് ലൈഫ് പ്രോഗാമിന്' കീഴിലാണ് ഇത്തരമൊരു മത്സരം കായിക മന്ത്രാലയം സംഘടിപ്പിച്ചിരിക്കുന്നത്.
ഏറ്റവും നീളം കൂടിയതും വേഗതയേറിയതുമായ ട്രാക്ക് സുരക്ഷിതവും സജ്ജവുമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരീക്ഷണ ഒാട്ടം സംഘാടകർ വ്യാഴാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.