സൗദിയിൽ അപൂർവ സമുദ്രജീവികളുടെ ഫോസിലുകൾ കണ്ടെത്തി
text_fieldsജിദ്ദ: വംശനാശം സംഭവിച്ച നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അപൂർവ സമുദ്രജീവികളുടെ ഫോസിലുകൾ കണ്ടെത്തി. സൗദി ജിയോളജിക്കൽ സർവേക്ക് കീഴിൽ പുരാതന ജീവികളുടെ ഫോസിൽ പര്യവേക്ഷണത്തിനും പഠനത്തിനും നടത്തിയ പ്രവർത്തനങ്ങൾക്കിടയിലാണ് ഈ കണ്ടെത്തൽ. ചില ഫോസിലുകൾക്ക് എട്ട് കോടി മുതൽ 1.6 കോടി വരെ വർഷം പഴക്കമുള്ളവയാണെന്നാണ് റിപ്പോർട്ട്.
ഈ വർഷം ഫെബ്രുവരി മുതലാണ് ദുബാഅ്, ഉംലജ് എന്നീ ഗവർണറേറ്റുകൾക്കിടയിൽ ചെങ്കടൽ തീരത്ത് സൗദി ജിയോളജിക്കൽ സർവേ സംഘം നടത്തിയ പര്യവേക്ഷണത്തിനിടെയാണ് ഫോസിലുകൾ കണ്ടെത്തിയത്. ചെങ്കടൽ വികസന പദ്ധതികളുടെ പരിധിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളായി ഭാവിയിൽ വികസിപ്പിക്കാൻ പോകുന്ന സ്ഥലങ്ങളാണിവ. ഈ പ്രദേശങ്ങളിൽ ഫോസിൽ സൈറ്റുകൾ കണ്ടെത്തിയതിനാൽ ഇനിയും കൂടുതൽ ഫോസിലുകൾ ഉണ്ടാകുമെന്ന് നിഗമനത്തിലാണ് പര്യവേക്ഷണ സംഘം.
റെഡ്സീ, അമാല പദ്ധതി പ്രദേശങ്ങളിൽ വിവിധ തരം സമുദ്രജീവികളുടെ കശേരുക്കളുടെ ഫോസിലുകളും ആഴം കുറഞ്ഞതും തീരദേശവുമായ സമുദ്ര പരിതസ്ഥിതികളിൽ ജീവിച്ചിരുന്ന സസ്യങ്ങളുടെ അവശിഷ്ടങ്ങളും അടങ്ങിയിട്ടുണ്ടെന്നും സംഘത്തിന്റെ പഠനത്തിലുണ്ട്. കണ്ടെത്തിയ ഫോസിലുകളിൽ ചിലത് അവശിഷ്ടങ്ങളിൽ കുഴിച്ചിട്ടിരിക്കുന്ന സമുദ്ര ഉരഗങ്ങളുടേതാണ്. 'ടെതിസ് കടൽ' അറേബ്യൻ ഉപദ്വീപിന്റെ ഭൂരിഭാഗവും മൂടിയപ്പോൾ തീരപ്രദേശങ്ങളിൽ താമസിച്ചിരുന്ന കടലാമകളുടെയും മുതലയുടെയും അവയവങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയതിലുണ്ട്.
സ്രാവിന്‍റെ പല്ലുകൾ, മുതലയുടെ കശേരുക്കൾ, ആമയുടെ അസ്ഥികൂടങ്ങളുടെ ഭാഗങ്ങൾ എന്നിവയുമുണ്ട്. പുരാതന കാലം മുതൽ വംശനാശം സംഭവിച്ച കൂടുതൽ ഫോസിലുകൾ പര്യവേക്ഷണം ചെയ്യാനും അവ ജീവിച്ചിരുന്ന ചുറ്റുപാടുകൾ അറിയാനും രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ സൗദി ജിയോളജിക്കൽ സർവേയുടെ ഫോസിൽ പര്യവേക്ഷണ സംഘം ഗവേഷണ പ്രവർത്തനങ്ങൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.