നാല് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കും -നിക്ഷേപമന്ത്രി
text_fieldsറിയാദ്: സൗദിയിലെ നാല് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് അറിയിച്ചു. അന്താരാഷ്ട്ര ലോജിസ്റ്റിക് ഫോറത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. വരും മാസങ്ങളിലോ അടുത്ത വർഷങ്ങളിലോ തന്നെ ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കും. ഇതിനകം 100 കമ്പനികൾ നിക്ഷേപത്തിന് തയാറായി താൽപര്യം അറിയിച്ച അബഹ വിമാനത്താവളവും സ്വകാര്യവത്കരിക്കുന്നവയിൽ ഉൾപ്പെടും.
പൊതുമേഖലയിലേക്ക് സ്വകാര്യ മേഖലക്ക് കടന്നുവരാനും അതിനുള്ള പ്രാപ്തി നേടുന്നതിനും പല വ്യവസ്ഥകളും ഒഴിവാക്കിയും പരിഷ്കരിച്ചും ഗവൺമെന്റ് ഒരുപാട് സൗകര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. ഞങ്ങൾക്ക് പൊതു-സ്വകാര്യ മേഖലകൾ തമ്മിൽ സഹകരണ സംവിധാനമുണ്ട്. അതിലൂടെ ജോലികൾ വളരെ എളുപ്പമാക്കുന്നു. ലോജിസ്റ്റിക് മേഖലയിലെ ബിസിനസിൽനിന്ന് സർക്കാർ പുറത്തുകടക്കുകയും സ്വകാര്യമേഖലയെ ശാക്തീകരിക്കുകയും ചെയ്യുന്നതിനാൽ സൗദി അതിന്റെ ചരിത്രത്തിലെ ഏറ്റവും ആഴത്തിലുള്ള പരിവർത്തന പ്രക്രിയകളിലൂടെ കടന്നുപോകുകയാണെന്ന് മന്ത്രി വിശദീകരിച്ചു.
ഏതാണ്ട് 25 വർഷം മുമ്പ് രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ഓപറേഷൻസ് കൈകാര്യം ചെയ്തിരുന്നത് സർക്കാർ എയർപോർട്ട് അതോറിറ്റിയും പോർട്ട് അതോറിറ്റിയുമാണ്. എന്നാൽ ഇപ്പോൾ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സ്വകാര്യ കമ്പനികളാണ് ഓപറേഷൻസ് നടത്തുന്നത്. സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലുള്ള മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളമാണ് ഏറ്റവും കാര്യക്ഷമമായ വിമാനത്താവളം.
ഏറ്റവും കാര്യക്ഷമമായ തുറമുഖം ജിസാനിലെ കിങ് അബ്ദുല്ല തുറമുഖമാണ്. വിദേശ നിക്ഷേപകർക്ക് സൗദി ലോജിസ്റ്റിക് മേഖലയിൽ ലഭ്യമായ നിക്ഷേപ അവസരങ്ങളുടെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. റീജനൽ ലോജിസ്റ്റിക്സ് സെന്ററുകൾ സ്ഥാപിക്കൽ ത്വരിതഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റലൈസേഷന്റെയും സംരംഭകത്വത്തിന്റെയും പ്രാധാന്യവും മന്ത്രി ഊന്നിപ്പറഞ്ഞു. ലോജിസ്റ്റിക്സ് മേഖല ഉൾപ്പെടെ എല്ലാ മേഖലകളിലും സൗദിയുടെ സ്ഥാനം കുതിച്ചുയരുകയാണ്. പല സംരംഭകരും ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ വലിയ പുരോഗതി കൊണ്ടുവരുന്നു. അത് വലിയ മാറ്റമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.