നാല് പതിറ്റാണ്ട് സൗദിയിൽ; മുഹമ്മദ് രാജ മടങ്ങുന്നു
text_fieldsജിദ്ദ: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ സ്ഥാപക നേതാക്കളിലൊരാളും നിലവിലെ പ്രസിഡൻറുമായ മുഹമ്മദ് രാജ കാക്കാഴം പ്രവാസം മതിയാക്കി മടങ്ങുന്നു. കിങ് ഫഹദ് കോസ്റ്റൽ സിറ്റി റിക്രിയേഷൻ ആൻഡ് സ്പോർട്സ് സെന്ററിലായിരുന്നു സൗദിയിലെ തുടക്കം.
തുടർന്ന് ജിദ്ദ അൽ അഹ്ലി സ്പോർട്സ് ക്ലബ്ബിൽ മെമ്പർഷിപ് മാനേജരായി. മൂന്നു പതിറ്റാണ്ടത്തെ ഇവിടുത്തെ സേവനത്തിൽനിന്ന് കഴിഞ്ഞ മാസം ഔദ്യോഗികമായി വിരമിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.
വലിയ സൗഹൃദയ വലയമുള്ള മുഹമ്മദ് രാജ പ്രവാസികളുടെ പ്രയാസ ഘട്ടങ്ങളിൽ സഹായ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിരുന്നു. കാൽ നൂറ്റാണ്ടോളം ഹാജിമാർക്കുള്ള സേവന പ്രവർത്തനങ്ങൾ നിർവഹിക്കാനായതും നിർധന വിധവകൾ, രോഗികൾ, വിദ്യാർഥികൾ, പ്രവാസികൾ എന്നിവർക്കായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ നടത്താൻ കഴിഞ്ഞതും ചാരിതാർഥ്യത്തോടെയാണ് ഓർക്കുന്നതെന്ന് മുഹമ്മദ് രാജ പറയുന്നു.
ജാതി, മത, പ്രാദേശിക വ്യത്യാസം കൂടാതെ പരസ്പരം സഹകരിച്ചും സഹായിച്ചും പ്രയാസങ്ങൾ നേരിടുന്ന സഹോദരങ്ങളെ ചേർത്തുപിടിക്കണം. സമൂഹത്തിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന്, വർഗീയത പോലെയുള്ള കാര്യങ്ങളിൽ വേണ്ടത്ര ബോധവത്കരണം നൽകാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണമെന്നും നാട്ടിലേക്ക് മടങ്ങുന്ന വേളയിൽ മുഹമ്മദ് രാജ പ്രവാസികളോട് പറഞ്ഞു.
സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) സ്ഥാപകാംഗം, രക്ഷാധികാരി, വെൽഫയർ വിഭാഗം ചെയർമാൻ, ഹജ്ജ് സെൽ ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ ഹബീബയും നാലു മക്കളും അടങ്ങുന്നതാണ് കുടുംബം. മക്കൾ: താജുന്നിസ (ആലപ്പുഴ ജില്ല ഹോമിയോ ആശുപത്രി ഉദ്യോഗസ്ഥ),റഹ്മത്തുല്ല (ഫാർമസി ബിരുദധാരി), ബിലാൽ, ആബിദ് (എൻജിനീയറിങ് വിദ്യാർഥികൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.