നാല് പതിറ്റാണ്ട് നീണ്ട പ്രവാസം; നാട്ടിലേക്ക് മടങ്ങുന്ന മൊയ്ദീന് സൗദി പൗരന്മാരുടെ ഊഷ്മള യാത്രയയപ്പ്
text_fieldsയാംബു: നാലു പതിറ്റാണ്ടിലേറെ കാലം യാംബുവിലെ റദ്വ സ്പോർട്സ് ക്ലബ്ബിലെ ജീവനക്കാരനായി ജോലി ചെയ്ത ശേഷം പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലയാളിക്ക് സൗദി പൗരന്മാരുടെ ഊഷ്മള യാത്രയയപ്പ്.
മലപ്പുറം പെരുമണ്ണ ക്ലാരി ചെട്ടിയാംകിണർ സ്വദേശി പരപ്പത്തൊടി മൊയ്ദീനാണ് 66-ാമത്തെ വയസിൽ പ്രവാസം മതിയാക്കുമ്പോൾ അത് അവിസ്മരണീയാനുഭവമായി മാറിയത്. യാംബുവിലെ പ്രമുഖ സ്പോട്സ് ആൻഡ് ഗെയിംസ് ക്ലബ്ബായ ‘റദ്വ സഊദിയ’യിൽ 41 വർഷമായി ജീവനക്കാരനായിരുന്നു സൗദി സുഹൃത്തുക്കൾ ‘മുഹ്യി’എന്ന് സ്നേഹപൂർവം വിളിക്കുന്ന മൊയ്ദീൻ.
ക്ലബ്ബിന്റെ പുരോഗതിയുടെ ഓരോ നാൾവഴികളിലും കൈയൊപ്പ് ചാർത്തി ക്ലബ്ബ് അംഗങ്ങളുടെയും സ്വദേശികളുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റിയ മൊയ്ദീന് ക്ലബ്ബിന്റെ കീഴിലുള്ള റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ജനകീയ യാത്രയയപ്പാണ് നൽകിയത്. വർഷങ്ങളായി ഫുട്ബാൾ കളിക്കാനും ഇതര കായികമത്സരങ്ങൾക്കും വേണ്ടി എത്തുന്ന സ്വദേശി യുവാക്കളും ക്ലബ്ബിലെ അംഗങ്ങളുമെല്ലാം മൊയ്ദീനുമായി അടുത്ത സൗഹൃദബന്ധമാണ് സ്ഥാപിച്ചിട്ടുള്ളത്.
അതുകൊണ്ട് തന്നെ അദ്ദേഹത്തിനുള്ള യാത്രയയപ്പ് ചടങ്ങ് വൻപരിപാടിയാക്കണമെന്ന് ക്ലബ് അധികൃതരും തീരുമാനിക്കുകയായിരുന്നു. കബ്ബിന്റെ ‘എക്സ്’അക്കൗണ്ടിലും ഇതര സമൂഹമാധ്യമ അക്കൗണ്ടുകളിലും യാത്രയയപ്പ് ചടങ്ങിനെക്കുറിച്ച് പ്രഖ്യാപിച്ചതോടെ പ്രദേശത്തെ നിരവധി സ്വദേശി യുവാക്കളാണ് പരിപാടിക്കെത്തിയത്. മൊയ്തീന്റെ ഫോട്ടോ പകർത്തിയുള്ള വലിയ കേക്ക് മുറിച്ചും മൊയ്ദീന് ഹാരാർപ്പണം നടത്തിയും ഗ്രൗണ്ടിൽ അദ്ദേഹത്തെ തോളിലേറ്റിയുമെല്ലാം യാത്രയയപ്പ് നൽകിയ സ്വദേശികളുടെ സ്നേഹവായ്പ് പ്രകടനങ്ങൾ വേറിട്ടതായിരുന്നു. വി.ഐ.പി പരിവേഷത്തോടെയാണ് ചടങ്ങിലേക്ക് സ്വീകരിച്ച് മൊയ്ദീനെ ആനയിച്ചത്. 23-ാം വയസ്സിലാണ് മൊയ്ദീൻ സൗദി അറേബ്യയിലെത്തിയത്. ആദ്യം ഹാഇലിലായിരുന്നു ജോലി. രണ്ട് വർഷം അവിടെ ജോലി ചെയ്തു. ശേഷം യാംബുവിലെത്തിയ അദ്ദേഹം നീണ്ട 40 വർഷം ‘റദ്വ സഊദിയ’യിൽ ജോലി ചെയ്തു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച് സ്വദേശികളുമായുള്ള സൗഹൃദവുമായി ജോലി ചെയ്ത് നീണ്ട വർഷങ്ങൾ കടന്നുപോയത് തന്നെ അറിഞ്ഞില്ലെന്നും വിശ്വസ്തതയോടെ സ്വദേശികളുമായി നല്ല ബന്ധത്തിൽ ജോലി ചെയ്താൽ ഏറെ ഹൃദ്യമായ അനുഭൂതിയാണ് നമുക്ക് പകർന്നു തരുന്നതെന്നും ഒരു സൗദി പൗരനെ പോലെയാണ് യാംബുവിലെ സ്വദേശികൾ എന്നെ പരിഗണിച്ചതെന്നും മൊയ്ദീൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
റദ്വ ക്ലബ് ചെയർമാൻ അലി മുസലം അൽ സോബി, വൈസ് ചെയർമാൻ അൽ ഹസൈൻ അൽ റാദി, ക്ലബ്ബിന്റെ മുൻ ചെയർമാൻ അബ്ദുൽ ഹമീദ് റഈഫി, സെക്രട്ടറി മുഹമ്മദ് യൂസുഫ് അബൂ ഈസ തുടങ്ങിയവർ യാത്രയയപ്പിന് നേതൃത്വം നൽകി. ഭാര്യ ഖദീജയും മക്കളായ ജബ്ബാർ, ജാബിർ, ജസീം, ഫർഹാന ജബിൻ എന്നിവരും അടുത്തകാലത്ത് യാംബുവിലെത്തി മൊയ്ദീനോടൊപ്പം താമസിക്കുന്നു. തനിക്ക് ഹൃദ്യമായ പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകിയ റദ്വ ക്ലബ് ഭാരവാഹികളോടും യാംബു പ്രവാസികളോടും സുഹൃത്തുക്കളോടും നന്ദി പറഞ്ഞ് മൊയ്ദീൻ അടുത്ത ദിവസം കുടുംബത്തോടൊപ്പം നാടണയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.