അറേബ്യൻ കടുവയെ വേട്ടയാടിയാൽ നാലു ലക്ഷം റിയാൽ പിഴ
text_fieldsജുബൈൽ: സൗദിയിൽ വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവർക്കെതിരെയുള്ള ശിക്ഷ നടപടികൾ കർക്കശമാക്കിയതായി പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം വ്യക്തമാക്കി. അറേബ്യൻ കടുവയെ വേട്ടയാടിയാൽ നിയമലംഘനങ്ങൾക്കുള്ള പരമാവധി പിഴ നാലു ലക്ഷം റിയാൽ ആണ്. ലൈസൻസില്ലാതെ വേട്ടയാടുന്നവർക്ക് 10,000 റിയാലും വേട്ടയാടലിൽ തോക്ക് ഉപയോഗിക്കുന്നവർക്ക് 80,000 റിയാലും സ്പ്രേ തോക്കുകളോ വേട്ടയാടൽ റൈഫിളുകളോ ഉപയോഗിക്കുന്നവർ ഒരു ലക്ഷം റിയാലും പിഴ ഒടുക്കേണ്ടിവരും.
നിരോധിത പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയാലുള്ള ഏറ്റവും ഉയർന്ന പിഴ നാലു ലക്ഷം റിയാൽവരെയാണ്. അറേബ്യൻ കടുവയെ വേട്ടയാടുന്നതിനുള്ള പിഴയാണ് നാലുലക്ഷം റിയാൽ. കാട്ടുപ്രാവിനെ വേട്ടയാടിയാൽ ശിക്ഷ കുറഞ്ഞത് 1,000 റിയാലാണ്. എല്ലാത്തരം പ്രാദേശിക പല്ലികളെയും വേട്ടയാടുന്നതിനുള്ള പിഴയായി 3,000 ഈടാക്കും. വംശനാശഭീഷണി നേരിടുന്ന ജീവികളെ, പ്രത്യേകിച്ച് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം അമിത മത്സ്യബന്ധനം തടയുക, വേട്ടയാടൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും വേട്ടയാടൽ നിരോധന നിയമം കർശനമാക്കിയതിന് പിന്നിലുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. വന്യജീവികൾക്ക് ദോഷം വരുത്താത്ത വിധത്തിൽ സ്വകാര്യമേഖലക്ക് നിക്ഷേപ അവസരങ്ങളും ഇത് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.