വാഹനാപകടം; ഖത്തറിൽ നിന്നുള്ള മംഗലാപുരം സ്വദേശികളായ ഉംറ സംഘത്തിലെ നാല് പേർ മരിച്ചു
text_fieldsജിദ്ദ: ഖത്തറിൽ നിന്ന് റോഡ് മാർഗം ഉംറ നിർവഹിക്കാനുള്ള യാത്രയ്ക്കിടെ സൗദിയിൽ റിയാദിനടുത്ത് സുൽഫ എന്ന സ്ഥലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മംഗലാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നാല് പേർ മരിച്ചു. മംഗലാപുരം ഉളടങ്ങാടി തോക്കൂർ സ്വദേശി ഷമീമിൻ്റെയും സറീനയുടെയും മകൾ ഹിബ (29), ഇവരുടെ ഭർത്താവ് മുഹമ്മദ് റമീസ് (34), മക്കളായ ആരുഷ് (മൂന്ന്), റാഹ (മൂന്ന് മാസം) എന്നിവരാണ് മരിച്ചത്.
റമീസ്, ഹിബ, ഒരു കുട്ടി എന്നിവർ സംഭവസ്ഥലത്തുവെച്ചും മറ്റൊരു കുട്ടി ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന ഹിബയുടെ സഹോദരി ശബ്‌നത്തിൻ്റെ മകൾ ഫാത്തിമ (19) ഗുരുതര പരിക്കുകളോടെ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹിബയുടെ സഹോദരി ലുബ്നയുടെ മകൻ ഈസ (നാല്) അപകടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ സുൽഫയിൽ റോഡ് ഡിവൈഡറിൽ കൂട്ടിയിടിക്കുകയും റോഡിൽ നിന്ന് തെന്നിമാറി മറിയുകയുമായിരുന്നു. ചൊവ്വാഴ്ച സുബ്ഹ് നമസ്‌കരിച്ച ശേഷമാണ് കുടുംബം ഖത്തറിൽ നിന്ന് ഉംറ യാത്ര ആരംഭിച്ചത്. ചൊവ്വാഴ്‌ച രാത്രി റിയാദിലെത്തി ഒരു കുടുംബവീട്ടിൽ തങ്ങിയ ശേഷം ബുധനാഴ്ച രാവിലെ റിയാദിൽ നിന്ന് ഉംറ ലക്ഷ്യമാക്കിയുള്ള യാത്ര തുടരുന്നതിനിടയിലായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.