ജുബൈലിൽ നിന്ന് നാല് സ്ഥാനാർഥികൾ കൂടി
text_fieldsജുബൈൽ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയിൽ നിന്നും നാലുപേർ ജനവിധി തേടുന്നു. വി.പി. ബഷീർ, ആബിദ് വടക്കയിൽ, പി.ബി. അബ്ദുൽ ബഷീർ, റൂബിയ റഹ്മാൻ എന്നിവരാണ് മത്സര രംഗത്തുള്ളത്. ഇതോടെ ജുബൈലിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ എണ്ണം 13 ആയി. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അംഗമായ വി.പി. ബഷീർ താനൂർ മുനിസിപ്പാലിറ്റി 44ാം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നു. അവധിക്ക് നാട്ടിൽ പോയ ബഷീറിെൻറ സ്ഥാനാർഥിത്വം അവിചാരിതമായിട്ടായിരുന്നു.
താനൂർ മുനിസിപ്പാലിറ്റിയിൽ തന്നെയാണ് കെ.എം.സി.സി ജുബൈൽ സിറ്റി മുൻ ട്രഷററായ ആബിദ് വടക്കയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. 37ാം വാർഡായ ചാപ്പപ്പടി ലീഗിെൻറ സിറ്റിങ് സീറ്റാണ്. ജനവിധി ആബിദിന് അനുകൂലമാകുമെന്ന് സഹോദരനും ജുബൈൽ പോർട്ട് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ഇബ്രാഹിം കുട്ടി പറഞ്ഞു. ഇരുവാർഡുകളിലെയും നിരവധി വോട്ടർമാർ ജുബൈലിൽ ഉണ്ട്. അവരുടെ കുടുംബങ്ങളുടെ വോട്ട് ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾ ജുബൈലിൽ നടന്നു വരുന്നു. ജുബൈൽ കെ.എം.സി.സി മുൻ സെൻട്രൽ കമ്മിറ്റി അംഗമായ പി.ബി. അബ്ദുൽ ബഷീർ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഇരുമ്പുഴി ഡിവിഷനിൽ സ്ഥാനാർഥിയാണ്. ലീഗിെൻറ സിറ്റിങ് സീറ്റാണ് ഇതും. ആനക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മുത്തുവിളയംകുന്നിലാണ് ജുബൈൽ കെ.എം.സി.സി വനിതാ വിങ് അംഗം റൂബിയ റഹ്മാൻ ജനവിധി തേടുന്നത്. എം.എസ്.ഡബ്ലിയു ബിരുദധാരിയായ റൂബിയ മഞ്ചേരി ഫാമിലി കൗൺസിൽ സെൻറർ, അട്ടപ്പാടി ട്രൈബൽ ഹോസ്റ്റൽ സ്റ്റുഡൻറ് മെൻറർ എന്നിവിടങ്ങളിൽ ജോലി ചെയ്ത സാമൂഹിക സേവനരംഗത്ത് മുൻപരിചയമുള്ള ആളാണ്.
കെ.എം.സി.സി മുൻ ഓർഗനൈസിങ് സെക്രട്ടറി മുനീബ് ഹസ്സെൻറ ഭാര്യയാണ് റൂബിയ. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രവാസികൾക്ക് ത്രിതല പഞ്ചായത്തിൽ മത്സരിക്കാൻ കിട്ടുന്ന പരിഗണന അവരുടെ കഴിവുകൾ നാടിന് വേണ്ടി ഉപയോഗിക്കാൻ സഹായകമാകുമെന്ന് ജുബൈൽ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ജാഫർ തേഞ്ഞിപ്പലം, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പള്ളിയാളി എന്നിവർ അറിയിച്ചു. കൺെവൻഷൻ വിളിച്ചു ഇലക്ഷൻ പ്രവർത്തനങ്ങൾ സജീവമായി ജുബൈലിൽ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.