100 മികച്ച വിമാനത്താവളങ്ങളിൽ നാലെണ്ണം സൗദിയിൽ
text_fieldsജിദ്ദ: കോവിഡ് സഹചര്യങ്ങൾക്കിടയിൽ തുടർച്ചയായ രണ്ടാം വർഷവും ലോകെത്ത 100 മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയിലെ നാല് വിമാനത്താവളങ്ങൾ ഇടംപിടിച്ചു. സ്കൈട്രാക്സ് ഇൻറർനാഷനൽ ഓർഗനൈസേഷെൻറ വിലയിരുത്തലിലാണ് ജിദ്ദ, റിയാദ്, മദീന, ദമ്മാം എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങൾ ഉയർന്ന റാങ്ക് നേടിയത്. ലോകമെമ്പാടുമുള്ള 500ലധികം വിമാനത്താവളങ്ങളും എയർലൈൻ കമ്പനികളുമാണ് സ്കൈട്രാക്സിെൻറ വിലയിരുത്തലിന് വിധേയമായത്.
ഇൗ വർഷത്തെ മൂല്യനിർണയ പ്രകാരം ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം രാജ്യാന്തര വിമാനത്താവളങ്ങളിൽ 50ാം സ്ഥാനത്താണ്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് 58ാം സ്ഥാനവും മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിന് 68ാം സ്ഥാനവും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് 87ാം സ്ഥാനവുമാണ്.
മധ്യപൗരസ്ത്യ മേഖല തലത്തിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനത്തും റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അഞ്ചാം സ്ഥാനത്തും ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ഒമ്പതാം സ്ഥാനത്തുമാണ്.
തുടർച്ചയായ രണ്ടാം വർഷമാണ് മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം സൗദിയിലെ മികച്ച വിമാനത്താവളമെന്ന നിലയിൽ ഒന്നാംസ്ഥാനവും മധ്യപൗരസ്ത്യ മേഖലയിൽ ആറാം സ്ഥാനവും നേടുന്നത്.
യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നൽകുന്ന മികച്ച സേവനങ്ങൾ, സിവിൽ ഏവിയേഷെൻറ വികസന പ്രവർത്തനങ്ങൾ, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ള ജോലിക്കാരുടെ പ്രതിബദ്ധത എന്നിവയെല്ലാം സൗദിയിലെ വിമാനത്താവളങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
അതോടൊപ്പം സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാർക്ക് നൽകുന്ന എയർപോർട്ട് സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സമഗ്ര പരിപാടി നടപ്പാക്കുന്നത് തുടരുന്നുവെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.