‘അബ്ഷറി’ന്റെ പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കാൻ നിർദേശം
text_fieldsയാംബു: സൗദി പാസ്പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റിന്റെ ഓൺലൈൻ പോർട്ടലായ ‘അബ്ഷറി’ന്റെ പേരിൽ വ്യാജ സന്ദേശം അയച്ചുള്ള തട്ടിപ്പിനെതിരെ ജാഗ്രത മുന്നറിയിപ്പ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള അബ്ഷർ ഗുണഭോക്താക്കൾക്ക് വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ട് ഇ-മെയിൽ സന്ദേശം അയക്കില്ല. അങ്ങനെ വന്നാൽ അത് വ്യാജമായിരിക്കുമെന്നും ചതിയിൽപെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ജവാസത്ത് അറിയിച്ചു.
വ്യാജ ലിങ്കുകൾ ഉണ്ടാക്കി അബ്ഷർ വഴി പണം തട്ടിയെടുക്കുന്നതിനെ കുറിച്ച് വിവരമുണ്ട്. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ആവശ്യമായ സേവനങ്ങൾ നൽകുന്നതിനുള്ള ആപ്ലിക്കേഷനാണ് അബ്ഷർ. ഇത്തരം തട്ടിപ്പ് പൂർണമായും ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് മുന്നറിയിപ്പ്.
അബ്ഷറുമായി ബന്ധപ്പെട്ടുള്ള പൂർണ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റോ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടോ വഴി മാത്രം മനസ്സിലാക്കണം. പകരം വ്യാജ ലിങ്കുകളോ ഫോണോ വഴി വ്യക്തിപരമായ വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ നൽകരുത്.
അബ്ഷർ യൂസർ നെയിം, പാസ്വേഡ്, സ്ഥിരീകരണ കോഡ് എന്നിവ ആരുമായും പങ്കിടരുത്. ഡേറ്റയുടെ രഹസ്യസ്വഭാവം നിലനിർത്തണം. സുരക്ഷിതമല്ലാത്ത സൈറ്റുകൾ സന്ദർശിക്കാതിരിക്കാനും ലോഗിൻ ചെയ്യാതിരിക്കാനും വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനും വഞ്ചനക്ക് വിധേയരാകാതിരിക്കാനും ഏറെ ശ്രദ്ധവേണമെന്നും ജവാസത്ത് ആവശ്യപ്പെട്ടു. അബ്ഷർ ആപ്ലിക്കേഷനിലെ വിവരങ്ങളും ബാങ്കിങ് സേവനങ്ങൾക്ക് ആവശ്യമായ രഹസ്യ പിൻ നമ്പറുകളും ശേഖരിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങളെ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നിന്ന് നേരത്തേ പിടികൂടിയിരുന്നു. വിവിധ ആശയ വിനിമയ സംവിധാനങ്ങളും ഓൺലൈൻ പോർട്ടലുകളും വഴി നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷനും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.