കഷണ്ടിക്കും കുടവയറിനും ‘ഒറ്റമൂലി’; തട്ടിപ്പ് യാംബുവിലും
text_fieldsയാംബു: കഷണ്ടിക്കാരേയും കുടവയറുകാരേയും ലക്ഷ്യമിട്ടുള്ള തട്ടിപ്പ് യാംബുവിലും. മുടി വളരാനും കുടവയർ കുറയാനുമുള്ള ഒറ്റമൂലി മരുന്നുകളെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘമാണ് നഗരത്തിൽ വിലസുന്നത്. കഷണ്ടിക്കും മുടി വളരാനും കാഴ്ചശക്തി തിരിച്ചുകിട്ടാനും ഷുഗറിനും മാത്രമല്ല ആളുകളെ അലട്ടുന്ന പലവിധ പ്രശ്നങ്ങൾക്കെല്ലാം ഒറ്റമൂലി മരുന്നുകളുണ്ടെന്ന വ്യാജേനയാണ് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നത്. യാംബുവിൽ കമ്പനി ജീവനക്കാരനായ മലയാളിയെ ചിലർ സമീപിച്ചപ്പോഴാണ് തട്ടിപ്പ് സംഘം പലയിടത്തും ഇപ്പോഴും ഉണ്ടെന്ന കാര്യം വ്യക്തമാകുന്നത്.
തടിയും കുടവയറുമുള്ള മലയാളിയെ തടി കുറക്കാൻ മരുന്നുണ്ടെന്ന് പറഞ്ഞാണ് ആദ്യം സമീപിച്ചത്. അതിൽ താല്പര്യം പ്രകടിപ്പിക്കാത്തത് കണ്ടപ്പോൾ കണ്ണട ഉപയോഗിക്കുന്ന താങ്കൾക്ക് കണ്ണിന് കാഴ്ച കൂട്ടാനുള്ള മരുന്നുണ്ടെന്നായി. തട്ടിപ്പാണെന്ന് മനസിലാക്കി തന്ത്രപൂർവം ഒഴിഞ്ഞു മാറുകയായിരുന്നെന്ന് അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഹിന്ദിയിലും ഉറുദുവിലും ഇംഗ്ലീഷിലുമൊക്കെ വശ്യമായി സംസാരിച്ച് ആളുകളെ കൈയ്യിലെടുക്കാൻ മിടുക്കരാണ് ഇക്കൂട്ടർ. ആളുകൾ മാറി മാറി വരുന്നതും വിവിധ സ്ഥലങ്ങളിലേക്ക് കൂടുമാറി പോകുന്നതും കൊണ്ട് ഇവരെ കണ്ടുപിടിക്കാനും എളുപ്പമല്ല.
സമാനമായ തട്ടിപ്പ് നേരത്തെ ദമ്മാമിലും റിയാദിലും അരങ്ങേറിയതിനെ കുറിച്ച് ‘ഗൾഫ് മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് ആ മേഖലയിൽ തട്ടിപ്പ് അധികം വിലപ്പോകാത്തത് കൊണ്ടാണ് പുതിയ മേച്ചിൽപുറങ്ങൾ തേടി യാംബുവിലും മറ്റും എത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്. വാർത്ത വായിച്ചത് കൊണ്ട് കെണിയിൽ നിന്ന് രക്ഷപ്പെട്ടതായി പലരും നേരത്തെ പ്രതികരിച്ചിരുന്നു.
കഷണ്ടിയെയും കുടവയറിനെയുമൊക്കെ ഓർത്ത് വേവലാതിപ്പെട്ട് നടക്കുന്നവർ വേഗം തന്നെ ഇവരുടെ പ്രലോഭനങ്ങളിൽ വീണുപോകും. അങ്ങനെ പണം നഷ്ടപ്പെട്ടവർ നിരവധിയാണ്. ഇനി മാനം കൂടി നഷ്ടപ്പെടണ്ട എന്ന് കരുതി പലരും പുറത്തുപറയാതിരിക്കുകയാണ്.
ചെറുകിട കച്ചവടക്കാരുമായി സഹകരിച്ചും തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് വിവരം. അറേബ്യൻ ഒറ്റമൂലികളെക്കുറിച്ചും മറ്റും വിശദീകരിച്ച് കടകളിലെത്തി മരുന്ന് ചെലവഴിപ്പിക്കുന്ന രീതിയും ഉണ്ട്. വ്യാജ മരുന്നുകൾ ഉപയോഗിച്ച് ഒരു ഫലവും കിട്ടാത്ത പലരും നാണക്കേട് ഭയന്ന് പരാതി പറയാത്തതും തട്ടിപ്പ് സംഘത്തിന് അനുഗ്രഹമാകുകയാണ്.
സൗദിയിൽ അനധികൃത മരുന്ന് വില്പന ഗുരുതരമായ നിയമ ലംഘനമാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാർമസികളിൽ നിന്ന് മരുന്ന് നൽകരുതെന്ന നിയമം നിലവിലുണ്ട്. ഒറ്റമൂലി മരുന്നുകളെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന ആളുകളിൽ നിന്ന് ജാഗ്രത പാലിക്കാൻ ഏറെ ശ്രദ്ധിക്കണെമന്നും ചതിയിൽ പെട്ടാൽ മറച്ചുവെക്കാതെ അധികൃതരെ കൃത്യമായി കാര്യങ്ങൾ അറിയിക്കാൻ ശ്രദ്ധിക്കണമെന്നും സാമൂഹിക പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.