പ്രമുഖ കമ്പനികളിലേക്ക് ജോലി വാഗ്ദാനം ചെയ്തത് തട്ടിപ്പ്; കുടുങ്ങി നിരവധിയാളുകൾ
text_fieldsറിയാദ്: പ്രമുഖ കമ്പനികളിലേക്കെന്ന് പറഞ്ഞുള്ള പത്ര, സമൂഹ മാധ്യമ പരസ്യങ്ങളിൽ കുടുങ്ങി സൗദിയിലെത്തിയ 50ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ. കോഴിക്കോടും കൊച്ചിയിലുമുള്ള ഏജൻസികൾ റിയാദിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് ഡ്രൈവർ കം സെയിൽസ്മാൻ എന്ന തസ്തികയിലേക്കാണ് ഇവരെ ഇന്റർവ്യൂ നടത്തി തിരഞ്ഞെടുത്തത്. തൊട്ടടുത്ത ദിവസങ്ങളിൽ വിസ നടപടി തുടങ്ങാനും മെഡിക്കൽ ചെക്കപ്പിനും മറ്റുമായി 20,000 രൂപ ഓരോരുത്തരിൽനിന്നും ഏജൻസി ഈടാക്കി. വിസ സ്റ്റാമ്പിങ് കഴിഞ്ഞ് പാസ്പോർട്ട് കിട്ടി. താമസിയാതെ പുറപ്പെടണമെന്ന് ഏജൻസി അറിയിക്കുകയും ചെയ്തു.
ടിക്കറ്റ് വാങ്ങാൻ ഏജൻസി ആവശ്യപ്പെട്ട ബാക്കി തുകയുമായി ചെന്നപ്പോഴാണ് തൊഴിൽ കരാർ കാണുന്നത്. ഇന്റർവ്യൂ സമയത്ത് പറഞ്ഞ കമ്പനിയുടെ തൊഴിൽ കരാർ ആയിരുന്നില്ല ഒപ്പിടാൻ സമയത്ത് കിട്ടിയത്. എന്തുകൊണ്ടാണ് മറ്റൊരു കമ്പനിയുടെ കരാറെന്ന് ചോദ്യം ചെയ്തപ്പോൾ ഇതും നല്ല കമ്പനിയാണെന്ന് പറഞ്ഞ് ഒപ്പിടാൻ നിർബന്ധിക്കുകയായിരുന്നെന്ന് തൊഴിലാളികൾ പറയുന്നു.
സ്വന്തം കാരണത്താൽ ജോലിയുപേക്ഷിച്ച് മടങ്ങുകയാണെങ്കിൽ കമ്പനി ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നൽകുമെന്ന് സമ്മതിക്കുന്ന വിഡിയോ ഏജൻസി തന്ത്രപൂർവം റെക്കോഡ് ചെയ്ത് കൈവശം വെക്കുകയും ചെയ്തിട്ടുണ്ടേത്ര. ഏജൻസി നിർബന്ധിച്ച് ഒപ്പുവെപ്പിച്ച കരാർ റിയാദിലെ ഒരു മാൻപവർ കമ്പനിയുടേതാണ്. തൊഴിലാളികളെ കൊണ്ടുവന്ന് മറ്റു കമ്പനികൾക്ക് വിതരണം ചെയ്യുകയാണ് ഇവരുടെ പണി.
റിയാദിൽ വന്നിറങ്ങിയ തൊഴിലാളികളെ വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകാൻ ആദ്യം ആരും വന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നശേഷമാണ് കമ്പനിയിൽനിന്ന് വാഹനമെത്തിയത്. കമ്പനി ഓഫിസിലെത്തിയെങ്കിലും ഒരു ദിവസം മുഴുവനായും അവിടെ വരാന്തയിലിരുത്തി. രണ്ടാം ദിവസമാണ് കമ്പനിയുടെ താമസസ്ഥലത്തെത്തിച്ചത്. അവിടെയെത്തിയപ്പോഴാണ് മുമ്പ് വന്ന പലയാളുകളും ജോലിയില്ലാതെ കഴിയുന്നതായി മനസ്സിലാക്കിയത്. ശമ്പളമില്ലാതെ ഭക്ഷണത്തിനുപോലും പണമില്ലാതെ ദുരിതത്തിലായ കുറെയാളുകൾ.
രണ്ട് മാസത്തിനിടെ നാല് തവണയാണ് ഇവരുടെ താമസസ്ഥലങ്ങള് മാറ്റിയത്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻപോലും സൗകര്യമില്ലാത്ത സ്ഥലത്താണ് ഇപ്പോഴുള്ളത്. ഏറെ ബുദ്ധിമുട്ടിയാണ് കഴിഞ്ഞുകൂടുന്നത്. ജോലിയില്ലാത്തത് മാനസികമായി വല്ലാതെ തളർത്തിയിരിക്കുകയാണ്. രണ്ട് മാസമായി ശമ്പളമില്ലാത്തത് കാരണം കൈയിൽ ഒരു റിയാൽ പോലുമില്ല. നാട്ടിൽ കുടുംബവുമായി ബന്ധപ്പെടാനാവുന്നുമില്ല.
ഭൂരിഭാഗം ആളുകളും ആദ്യമായി വരുന്നതാണ്. ഭാഷയറിയാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. നാട്ടിൽനിന്ന് ഒപ്പുവെച്ച കരാറിലുണ്ടായിരുന്ന ഒന്നും കമ്പനിയധികൃതർ പാലിച്ചിട്ടില്ല. ദുരിതങ്ങൾ സഹിക്കാനാവാതെ നാട്ടിലേക്ക് തിരിച്ചയക്കുകയോ സ്പോൺസർഷിപ് മാറാൻ അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണിയായിരുന്നു മറുപടി. റിയാദിലെ സാമൂഹിക പ്രവർത്തകർ വഴി ഇന്ത്യൻ എംബസിയിൽ പരാതി നൽകി കാത്തിരിക്കുകയാണ് ഇപ്പോൾ.
കിടപ്പാടം പണയപ്പെടുത്തിയും ലോണെടുത്തും ലക്ഷങ്ങൾ വിസക്ക് നൽകിയാണ് ഇതിൽ പലരും വിമാനം കയറിയത്. ഇത്തരം ചതികളിൽ ചെന്ന് വീഴുന്നതിന്ന് മുമ്പ് ഏജൻസികൾ പറയുന്ന കാര്യങ്ങൾ ശരിയാണോയെന്നും കരാറിൽ പറയുന്ന കമ്പനികളിൽ ഒഴിവുകളുണ്ടോയെന്നും അന്വേഷിച്ചതിന് ശേഷം മാത്രം മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് റിയാദിലെ സാമൂഹിക പ്രവർത്തകൻ അസ്ലം പാലത്ത് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.