ഹറമിൽ കുട്ടികൾ കൈവിട്ടുപോകാതിരിക്കാൻ സൗജന്യ കൈവള
text_fieldsമക്ക: മക്കയിൽ മസ്ജിദുൽ ഹറമിലെ തിരക്കിനിടയിൽ കുട്ടികൾ രക്ഷിതാക്കളിൽനിന്ന് കൈവിട്ടുപോകുന്നത് നിത്യസംഭവമാണ്. ഇങ്ങനെ കാണാതാവുന്ന കുട്ടികളെ എളുപ്പത്തിൽ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ മസ്ജിദുൽ ഹറമിൽ കുട്ടികൾക്ക് സൗജന്യ കൈവളകൾ വിതരണം ചെയ്യുന്നത് ആരംഭിച്ചു. ‘ഹാദിയ ഹാജി മുതമേഴ്‌സ് ഗിഫ്റ്റ് ചാരിറ്റബിൾ അസോസിയേഷൻ’ കീഴിലാണ് ഏറെ ഗുണപരമായ ഈ നടപടി ആരംഭിച്ചിരിക്കുന്നത്.
തിരക്കിനിടയിൽ കുട്ടികളെ കാണാതാവുന്ന കേസുകൾ കുറക്കുകയാണ് സംരംഭം ലക്ഷ്യമിടുന്നത്. പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചാണ് വളകളിൽ കുട്ടികളുടെ വിവരങ്ങൾ പ്രിൻറ് ചെയ്യുന്നത്. കുട്ടിയുടെ പേരും മാതാപിതാക്കളുടെ വിവരങ്ങളും ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറുകളുമെല്ലാം വളയിൽ പ്രിൻറ് ചെയ്യുന്നുണ്ട്. മസ്ജിദുൽ ഹറമിൽ നഷ്ടപ്പെട്ട കുട്ടിയെ കണ്ടെത്തിയാൽ മാതാപിതാക്കളുമായി ആശയവിനിമയം സുഗമമാക്കുന്നതിനും കുറഞ്ഞ സമയത്തിനുള്ളിൽ അവരെ കുടുംബത്തിന് കൈമാറുന്നതിനും വളകൾ ഏറെ സഹായിക്കുന്നു.
എല്ലാ കുട്ടികൾക്കും അവരുടെ കുടുംബത്തോടൊപ്പം മസ്ജിദുൽ ഹറമിലെത്തുന്നതോടെ പള്ളിക്ക് സമീപമുള്ള അസോസിയേഷന്റെ ഓഫിസുകൾ സന്ദർശിച്ചാൽ വളകൾ സൗജന്യമായി ലഭിക്കും. മസ്ജിദുൽ ഹറമിന്റെ നാലാമത്തെ നിലയിൽ പ്രവർത്തിക്കുന്ന മക്ക കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെൻറ് കമ്പനിയുടെ പ്രധാന ഓഫിസിലും കിങ് അബ്ദുൽ അസീസ് എൻഡോവ്മെൻറിന്റെ താഴത്തെ നിലയിലുമാണ് അസോസിയേഷൻ ഓഫിസുകൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.