ദിനംപ്രതി രണ്ടായിരത്തോളം പേർക്ക് സൗജന്യ ഇഫ്താർ
text_fieldsജിദ്ദ: നോമ്പ് തുറപ്പിച്ചവര്‍ക്കും നോമ്പ് നോറ്റവരുടെ പ്രതിഫലം കിട്ടുമെന്ന പ്രവാചക വചനത്തില്‍ പ്രചോദിതരായി ദിനംപ്രതി രണ്ടായിരത്തോളം പേർക്ക് സൗജന്യമായി ഇഫ്താർ വിരുന്നൊരുക്കി ഒരു സംഘം മലയാളികൾ. ജിദ്ദയിൽ സനാഇയ്യ ജാലിയാത്തും തനിമ സാംസ്കാരിക വേദിയും ചേർന്നാണ് നോമ്പുതുറ ഒരുക്കുന്നത്. സനാഇയ്യ മസ്ജിദിന് അഭിമുഖമായ മൈതാനത്താണ് തുറക്കാനുള്ള സൗകര്യം. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരും ഭാഷക്കാരുമായ തൊഴിലാളികള്‍ക്ക് ആശ്രയമാണിത്.
തനിമയുടെ 150 ഓളം വളൻറിയര്‍മാരാണ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യവസ്ഥാപിതമായി നടക്കുന്ന ഈ നോമ്പ് തുറക്കുള്ള മുഴുവൻ സൗകര്യവുമൊരുക്കുന്നത്. ജിദ്ദയില്‍ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇവര്‍ ജോലി സ്ഥലത്തുനിന്ന് താമസകേന്ദ്രങ്ങളിലേക്ക് പോകാതെ വൈകീട്ട് സനാഇയ്യയില്‍ എത്തുന്നു. ശേഷം വിവിധ ഭക്ഷണ സാധനങ്ങളുടെ വിരുന്നൊരുക്കുന്നു. നോമ്പുതുറക്കാനെത്തുന്ന വിവിധ തുറകളിൽനിന്നുള്ളവർക്കൊപ്പം ഇഫ്താറിൽ പങ്കുചേർന്നിട്ടാണ് സന്നദ്ധപ്രവർത്തകരുടെ മടക്കം. ജോലി ക്ഷീണമെല്ലാം മറന്നാണ് മുഴുവൻ പ്രവർത്തനങ്ങളിലും മുഴുകുന്നത്.
റമദാന് മുമ്പ് തന്നെ സമൂഹ ഇഫ്താറിനുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നെന്നും നാല് ഗ്രൂപ്പുകളിലായാണ് വളൻറിയര്‍മാര്‍ ഓരോ ദിവസവും ഇവിടെയെത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്കുന്ന സഫറുല്ല മുല്ലോളിയും സി.എച്ച്. ബഷീറും നിസാര്‍ ബേപ്പൂരും പറഞ്ഞു. ജിദ്ദയിലെ പല മസ്ജിദുകള്‍ കേന്ദ്രീകരിച്ചും നോമ്പ് തുറക്കാന്‍ സൗകര്യമുണ്ടെങ്കിലും ഏറ്റവും ആവശ്യമായ സ്ഥലമെന്ന് മനസ്സിലാക്കിയാണ് സനാഇയ്യ ജാലിയാത്തുമായി സഹകരിച്ച് ഇവിടെ വളൻറിയര്‍ സേവനം ലഭ്യമാക്കുന്നതെന്ന് തനിമ വെസ്റ്റേൺ പ്രവിശ്യ പ്രസിഡൻറ് ഫസല്‍ കൊച്ചി പറഞ്ഞു.
ഓരോ ദിവസവും എത്തിച്ചേരേണ്ട വളൻറിയര്‍മാരുടെ ഷെഡ്യൂള്‍ നേരത്തേ തന്നെ തയാറാക്കി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എല്ലാ ഹജ്ജ് കാലത്തും തനിമക്ക് കീഴിൽ നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങളിലെ പരിചയവും പരിശീലനവും ഏതൊരു സംരംഭവും വിജയിപ്പിക്കാന്‍ സഹായകമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളികള്‍ക്കും തമിഴര്‍ക്കുമായി നോമ്പിന്റെ ചൈതന്യം സംബന്ധിച്ച ക്ലാസുകളും ജാലിയാത്തില്‍ നടത്തുന്നുണ്ട്. താമസസ്ഥലത്തുപോയി നോമ്പ് തുറക്കുന്നതിനേക്കാളും സനാഇയ്യയിലെത്തി ഈ സേവനത്തില്‍ മുഴുകി നോമ്പ് തുറക്കുന്നതാണ് വലിയ അനുഭൂതി നല്‍കുന്നതെന്ന് വളൻറിയര്‍മാര്‍ സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ വർഷം റമദാനിലും എല്ലാ ദിവസവും ഇതുപോലെ നോമ്പുതുറ ഒരുക്കാന്‍ തനിമ വളൻറിയർമാർ ജാലിയാത്തുമായി സഹകരിച്ചിരുന്നു.
റമദാനിലെ ഒരു ദിവസം പോലും മുടങ്ങാതെ നടത്തുന്ന ഈ സേവന പ്രവര്‍ത്തനങ്ങളെ ജാലിയാത്ത് അധികൃതര്‍ ശ്ലാഘിച്ചു. ജാലിയാത്ത് വിഭാഗം മേധാവി അബ്ദുല്‍ അസീസ് ഇദ്രീസ്, ഭരണകാര്യ മേധാവി മുസ്ലിഹ് അവാജി, ദഅ്വ വിഭാഗം മേധാവി മുഹമ്മദ് അല്‍അവാം എന്നിവരും തനിമ വെസ്റ്റേൺ പ്രവിശ്യാ ഭാരവാഹികളും ഇഫ്താറിന് മേല്‍നോട്ടം വഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.