സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും വൃക്ക പരിശോധനയും നാളെ
text_fieldsറിയാദ്: അബീർ മെഡിക്കൽ ഗ്രൂപ്, ഫോക്കസ് ഇൻറർനാഷണൽ റിയാദ് ഡിവിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ വൃക്ക രോഗ നിർണയ ക്യാമ്പ് വെള്ളിയാഴ്ച നടക്കും. റിയാദ് ന്യൂ സനാഇയയിലെ അബീർ എക്സ്പ്രസ് ക്ലിനിക്കിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് ക്യാമ്പ്. ഇൻഡസ്ട്രിയൽ സിറ്റിയിൽ തീർത്തും സൗജന്യമായാണ് മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും വൃക്ക പരിശോധനയും നടത്തുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമൂഹത്തിന് ഗുണമേന്മയുള്ള ആരോഗ്യപരിചരണം പ്രാപ്യമാക്കുന്നതിനും സുപ്രധാന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമുള്ള അബീർ എക്സ്പ്രസിന്റെ ദൗത്യത്തിന്റെറ ഭാഗമാണ് ഈ സംരംഭം.
അബീറിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായിക്കൂടിയാണ് ക്യാമ്പ്. ആയിരത്തോളം ആളുകൾ ക്യാമ്പ് ഉപയോഗപ്പെടുത്താനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമ്പിൽ എല്ലാ സ്പെഷ്യാലിറ്റികളിലും സൗജന്യ കൺസൾട്ടേഷൻ, വൃക്ക പരിശോധന, രക്തത്തിലെ പഞ്ചസാര പരിശോധന, രക്തസമ്മർദ പരിശോധന, ബോഡി മാസ് ഇൻഡക്സ് വിശകലനം, ഇ.സി.ജി (ഡോക്ടർമാരുടെ ഉപദേശപ്രകാരം), മെഡിക്കൽ അവബോധ സെഷനുകൾ എന്നിവ ഉൾപ്പെടെ നൽകും.
വ്യക്തികൾക്ക് അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വിലയേറിയ ഉൾക്കാഴ്ചകൾ നേടുന്നതിനുമുള്ള മികച്ച അവസരമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും അബീർ മാനേജ്െമൻറ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേദിവസം അബീർ എക്സ്പ്രസ് ന്യൂ സനാഇയയിലെ ക്ലിനിക്കിലെ എല്ലാ ആരോഗ്യ സേവനങ്ങളും സൗജന്യമായിരിക്കും.
ക്യാമ്പിൽ നടത്തുന്ന പരിശോധനകളിലൂടെ വൃക്കരോഗം ഉൾപ്പടെ വിവിധ രോഗങ്ങൾ ഉണ്ടെത്തുന്ന ആളുകളുടെ തുടർ പരിശോധനകളും പ്രഥമഘട്ട പരിശോധനയും സൗജന്യമായി നടത്തുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0554801479 എന്ന നമ്പറിൽ ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ അബീർ അഡ്മിൻ മാനേജർ മർസൂഖ്, ഡോ. അയ്മൻ, റീജനൽ ഓപറേഷൻസ് മാനേജർ ബിജു, എക്സ്പ്രസ് ക്ലിനിക് ഓപറേഷൻസ് മാനേജർ അബ്ദുൽ ബാസിത്, മാർക്കറ്റിങ് ലീഡ് മൻഹാജ് സലീം, ഫോക്കസ് റിയാദ് ഡിവിഷൻ ഡയറക്ടർ ഷമീം വെള്ളാടത്ത്, ഐ.എം.കെ. അഹമ്മദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.