റമദാനിൽ യാംബുവിൽനിന്ന് സൗജന്യ ഉംറ പാക്കേജ്
text_fieldsയാംബു: റമദാനിലെ എല്ലാ ദിവസങ്ങളിലും ദുഹ്ർ നമസ്കാരാനന്തരം യാംബുവിൽനിന്ന് സൗജന്യമായി ഉംറ ട്രിപ് സംഘടിപ്പിക്കുന്നത് ശ്രദ്ധേയമാകുന്നു. യാംബു ഇസ്ലാമിക് സെൻററിന്റെ (ജാലിയാത്ത്) കീഴിൽ റമദാൻ തുടക്കം മുതൽ ആരംഭിച്ച ഉംറ ട്രിപ് വിവിധ രാജ്യങ്ങളിലെ ധാരാളം ആളുകൾ ഉപയോഗപ്പെടുത്തിവരുന്നു.
യാംബുവിലെ ‘ബിൻ ദിഹാഇസ്’ കമ്പനി അധികൃതരും റമദാൻ 10 മുതൽ യാംബുവിൽനിന്ന് സൗജന്യ ഉംറ പാക്കേജ് സംഘടിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
നോമ്പുതുറക്കും അത്താഴത്തിനുമുള്ള ഭക്ഷണമടക്കം നൽകിക്കൊണ്ടുള്ള യാത്രാപാക്കേജാണ് ഇവർ ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും മറ്റും ഏറെ ഉപകരിക്കുന്ന ഉംറ ട്രിപ് ഉപയോഗപ്പെടുത്താൻ മലയാളികളടക്കമുള്ള ധാരാളം ആളുകൾ രംഗത്തുവരുന്നുണ്ട്. ഉംറ കഴിഞ്ഞ് രാത്രി 12ന് മടങ്ങുന്ന ബസ് യാംബുവിൽ പുലർച്ചെ തിരിച്ചെത്തുന്നതും തൊഴിലാളികൾക്ക് ഏറെ ഉപകാരപ്രദമാണ്. ട്രിപ്പിൽ പങ്കെടുക്കുന്നവർക്ക് ഖുർആൻ അടക്കം ഒരു കിറ്റും സമ്മാനമായി നൽകുന്നുണ്ട്.
ബുക്ക് ചെയ്ത 50 പേരുമായി ബസ് ദിവസവും യാംബു ടൗൺ മസ്ജിദ് ജാമിഅ കബീറിനു സമീപത്തുനിന്നാണ് പുറപ്പെടുക. ബുക്കിങ്ങിനും വിശദ വിവരത്തിനും ടൗണിലെ താജ് ഹോട്ടലിനടുത്തുള്ള ‘ബിൻ ദിഹാഇസ്’ ഓഫിസിൽ ബന്ധപ്പെടാം. ‘നുസ്ക്’ വഴിയോ അബ്ഷീർ വഴിയോ ഉംറക്ക് ബുക്കിങ് എടുത്ത് ഓഫിസ് സമയത്ത് നേരിട്ട് വന്ന് ബസിന് സീറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.