മാധ്യമസ്വാതന്ത്ര്യം കടുത്ത ഭീഷണിയിൽ; പ്രതിസന്ധി അതിജീവിക്കും -നിഷാദ് റാവുത്തര്‍
text_fieldsജിദ്ദ: മാധ്യമങ്ങളുടെ സ്വാതന്ത്ര്യം കടുത്ത ഭീഷണി നേരിടുന്നതായും എന്നാൽ സമകാലിക പ്രതിസന്ധികളെ അതിജീവിച്ച് മാധ്യമങ്ങള്‍ മുന്നോട്ട് കുതിക്കുക തന്നെ ചെയ്യുമെന്നും പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മീഡിയവണ്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ നിഷാദ് റാവുത്തര്‍ പറഞ്ഞു.
ഗൾഫ് മാധ്യമം-മീഡിയവണ്‍ കോഓഡിനേഷന്‍ സൗദി പടിഞ്ഞാറന്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ‘വര്‍ത്തമാനകാല മാധ്യമ ദൗത്യവും പ്രതിസന്ധികളും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കണം. മാധ്യമങ്ങള്‍ മാത്രമായി ഒരു പ്രതിസന്ധിയും അഭിമുഖീകരിക്കുന്നില്ല, വിവിധ രംഗങ്ങളിൽ എല്ലാവരും അനുഭവിക്കുന്ന പ്രതിസന്ധിയുടെ ഭാഗമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. മൂല്യനഷ്ടം സംഭവിച്ചതാണ് ആഭ്യന്തര വെല്ലുവിളി. കടുത്ത മത്സരങ്ങളും നിക്ഷിപ്ത താല്പര്യങ്ങളും കാരണം വാര്‍ത്തകളുടെ ഗുണമേന്മ നഷ്ടപ്പെടുകയാണ്. മാധ്യമങ്ങള്‍ നേരിടുന്ന ബാഹ്യമായ പ്രതിസന്ധികള്‍ ഭരണകൂടം സൃഷ്ടിക്കുന്ന സമ്മർദമാണ്. മുതല്‍ മുടക്കിയ നിക്ഷേപകരുടെ സമ്മർദവും മതസംഘടനകളുടെ സമ്മർദവുമെല്ലാം ചേര്‍ന്ന് ബാഹ്യമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായി നിഷാദ് റാവുത്തര്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ കാലുഷ്യം സൃഷ്ടിച്ച് പ്രചാരം വര്‍ധിപ്പിക്കുകയാണ് ചില മാധ്യമങ്ങളുടെ മുഖ്യലക്ഷ്യം. കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നടന്ന ബോംബ് സ്ഫോടനത്തിന് പിന്നിലെ കഥയും മറ്റൊന്നല്ല. പ്രതി ആരാണെന്ന് അറിഞ്ഞതോടെ, സ്ഫോടനത്തില്‍ ഭീകരാക്രമണത്തിന്റെ ചാപ്പകുത്ത് ഇല്ലാതായതായി അദ്ദേഹം പറഞ്ഞു.
എവിടെയെങ്കിലും ഒരു സ്ഫോടനം ഉണ്ടാവുന്നതോടെ ഭീകരവാദ പ്രവര്‍ത്തനത്തിെൻറ മുന്‍വിധികള്‍ ഒരു പ്രത്യേക സമുദായത്തിന് നേരെ ചൂണ്ടുന്നത് അപഹാസ്യമാണെന്ന് കളമശ്ശേരി സ്ഫോടനം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ തെളിയിക്കുന്നു.ഫലസ്തീനിലെ ഗസ്സയില്‍ നടക്കുന്ന ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ ആക്രമണത്തെ ആഴത്തില്‍ വിശകലനം ചെയ്ത് വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരുന്നതിന് പകരം അതിനെ ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷമായി ചുരുക്കിക്കാണിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. തങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രത്തോടാണ് അവരുടെ കടപ്പാട്. മാധ്യമങ്ങളുടെ ഇത്തരം സമീപനങ്ങളില്‍ മാറ്റമുണ്ടാവുകയും നീതിയുടെ പക്ഷത്ത് നിലകൊള്ളുകയും ചെയ്യേണ്ടതുണ്ട്.
രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍കാളുകള്‍ ചോര്‍ത്തുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ വേദിയില്ലാത്ത അവസ്ഥ രാജ്യത്ത് നിലനില്‍ക്കുകയാണ്. എല്ലാ സഹനത്തിന്റെയും ഉച്ചിയില്‍ ജനങ്ങള്‍ ചോദ്യംചോദിക്കുമെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും അതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രം തെളിയിക്കുന്നതെന്നും നിഷാദ് റാവുത്തർ പറഞ്ഞു. സദസ്സ്യരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ഗൾഫ് മാധ്യമം-മീഡിയവണ്‍ കോഓഡിനേഷന്‍ കമ്മിറ്റി പടിഞ്ഞാറൻ മേഖല രക്ഷാധികാരി എ. നജ്മുദ്ദീന് അധ്യക്ഷത വഹിച്ചു. മീഡിയവണ്‍ കോർപറേറ്റ് കമ്യൂണിക്കേഷൻ സീനിയർ മാനേജർ പി.ബി.എം. ഫര്‍മീസ് സംസാരിച്ചു. സി.എച്ച്. ബഷീര്‍ സ്വഗതവും എം.പി. അശ്റഫ് പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു. മുഹമ്മദലി പട്ടാമ്പി ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.