ജുമുഅ നമസ്കരിക്കാൻ ഇരുഹറമുകളിൽ എത്തിയത് എട്ട് ലക്ഷം ഹാജിമാർ
text_fieldsമക്ക: ഇത്തവണത്തെ ഹജ്ജിന് വേണ്ടി ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് തീർഥാടകർ എത്തി തുടങ്ങിയ ശേഷമുള്ള രണ്ടാമത്തെ വെള്ളിയാഴ്ച മക്ക, മദീന ഹറമുകളിൽ ജുമുഅ നമസ്കാരത്തിൽ പങ്കുകൊണ്ടത് എട്ട് ലക്ഷത്തോളം തീർഥാടകർ. ഇന്ത്യക്കാരായ 35,000 ഹാജിമാര്‍ മക്ക മസ്ജിദുല്‍ ഹറാമിലെത്തി. തിരക്ക് മുന്‍കൂട്ടി കണ്ട് പഴുതടച്ചായിരുന്നു സുരക്ഷാ ക്രമീകരണങ്ങൾ അധികൃതർ ഒരുക്കിയിരുന്നത്. ദുല്‍ ഹജ്ജിന് തൊട്ടു മുമ്പുള്ള അവസാന വെള്ളിയാഴ്ചയായിരുന്നു ഇന്ന്. ഇന്ത്യൻ ഹജ്ജ് മിഷന് കീഴില്‍ മക്കയില്‍ ഇവരെ എത്തിക്കാന്‍ നടത്തിയത് പഴുതടച്ച ക്രമീകരണമാണ്. അസീസിയ ഇന്ത്യൻ ഹജ്ജ് ക്യാമ്പിൽനിന്ന് പുലര്‍ച്ചെ മുതല്‍ തീർഥാടകർ നീങ്ങി തുടങ്ങി. 11 മണിയോടെ മുഴുവന്‍ ഹാജിമാരെയും ഇന്ത്യൻ ഹജ്ജ് മിഷൻ കീഴിൽ മസ്ജിദുൽ ഹറമിൽ എത്തിച്ചു.
43 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു വെള്ളിയാഴ്ച ഹറമിലെ ചൂട്. നിര്‍ജലീകരണം ഉൾപ്പെടെ പല ശാരീരിക പ്രയാസങ്ങളും പല തീർഥാടകർക്കും അനുഭവപ്പെട്ടു. പലരും തളർന്നുവീണു. ചിലരെ പ്രഥമശുശ്രൂഷ നൽകി യാത്രയാക്കി. ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള മെഡിക്കല്‍ സംവിധാനം നേരത്തെ സജ്ജമായിരുന്നു. മക്കയിൽ വിവിധ ജോലികളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരെ പ്രത്യേകം 'ഫ്രൈഡേ ഓപ്പറേഷനാ'യി ഹജ്ജ് മിഷൻ തയാറാക്കിയിരുന്നു.
ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം, ഹജ്ജ് കോൺസൽ വൈ. സാബിർ എന്നിവരും നേരിട്ടെത്തി പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ബസ് സ്റ്റേഷനുകളിലടക്കം സേവനത്തിന് മലയാളി സംഘടനകൾ സജീവമായിരുന്നു. കുടി വെള്ളം, ജ്യൂസ്, ചെരിപ്പ്, കുട എന്നിവ സന്നദ്ധപ്രവർത്തകർ ഹാജിമാർക്ക് വിതരണം ചെയ്തു. ഹജ്ജ് മിഷന്റെ സേവനവും തൃപ്തികരമാണെന്ന് ഹാജിമാർ അഭിപ്രായപ്പെട്ടു. ഹാജിമാരെ ഹറമിൽ എത്തിക്കാൻ നൂറുകണക്കിന് ബസ്സുകളെയാണ് സജ്ജീകരിച്ചിരുന്നു. ഇതേ ബസുകളിൽ വൈകീട്ട് നാലോടെ മുഴുവൻ തീർഥാടകരെയും താമസ സ്ഥലത്തെത്തിയത്. ശക്തമായ ചൂടാണ് പുണ്യകേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്നത്. ചൂടിനെ പ്രതിരോധിക്കാൻ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ മിഷൻ പ്രത്യേകം നിർദേശങ്ങൾ നൽകി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.