ചങ്ങാതി, ജീവിതത്തില്‍ ഒറ്റപ്പെടുമ്പോള്‍ ലഭിക്കുന്ന തണല്‍
text_fieldsജീവിതം എന്നത് ഒരുപാട് സഹജീവികളുമായി കടപ്പെട്ടിരിക്കുന്ന ഒന്നാണ്. ഞാന്‍ തനിച്ചുമതി തനിക്കാരുടേയും ഔദാര്യം വേണ്ട എന്നൊക്കെ ആവേശത്തില്‍ നമ്മില്‍ പലരും സംസാരിക്കാറുണ്ട്. എന്നാല്‍, ഒരുനിമിഷംമതി ജീവിത്തില്‍ ഒറ്റപ്പെട്ടുപോകാനും പരാശ്രയനാവാനും എന്ന് പലര്‍ക്കുമറിയില്ല. അങ്ങനെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സമയത്ത് തലയമര്ത്തിവെക്കാന് ഒരു ചുമലുണ്ടാവുക എന്നത് മഹാഭാഗ്യമാണ്.
ആ ഭാഗ്യം അനുഭവിക്കാത്ത ഒരു മലയാളിയും പ്രവാസഭൂമിയിലുണ്ടാവുകയില്ല. പ്രവാസജീവിത്തിെൻറ മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോള്‍ അങ്ങനെ തലചായ്ച്ചുവെക്കാന് ഒരു ചുമലുണ്ടായിരുന്നു എനിക്കും. 1991ല്‍ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് സൗദി അറേബ്യയിലെത്തുന്നത്. കൂട്ടുകാരെയും ബന്ധുക്കളെയും പിരിഞ്ഞ് ആദ്യമായി തനിച്ചാകുന്നതിെൻറ പ്രയാസം വേണ്ടുവോളമുണ്ടായിരുന്നു. മലയാളികള്‍ വളരെ കുറവായിരുന്നു അക്കാലത്ത് എെൻറ ജോലിസ്ഥലത്ത്. അതുകൊണ്ടുതന്നെ ഒറ്റപ്പെടലിെൻറ തീവ്രത കൂടിവന്നു. അല്‍ തബ്്ദു എസ്്റ്റാബ്ലിഷ്മെൻറ് എന്ന സ്ഥാപനത്തില്‍ ഞാന്‍ മാത്രമാണ് മലയാളി ജീവനക്കാരനായുള്ളത്.
ഭാഷ കൈവശമില്ലാത്തിനാലും പിടിപ്പത് ജോലിയുള്ളതിനാലും മറ്റുള്ളവരുമായി സംസാരിക്കാനൊന്നും കഴിഞ്ഞിരുന്നില്ല. സ്റ്റോര്‍ കീപ്പര്‍, സെക്രട്ടറി, കാഷ്യര്‍ എന്ന് തുടങ്ങി സാധനങ്ങള്‍ പാക്ക് ചെയ്യുന്നതടക്കമുള്ള സകല ജോലികളും ഒറ്റക്ക് നിർവഹിക്കേണ്ടിയിരുന്നു സ്ഥാപനത്തില്‍. പല ദിവസങ്ങളിലും 16 മണിക്കൂര്‍വരെ ജോലിചെയ്യേണ്ടിവരുകകൂടി ആയപ്പോള്‍ മാനസികമായും ശാരീരികമായും തളര്‍ന്നു.
തിരികെ നാട്ടിലേക്ക് മടങ്ങുക എന്ന ചിന്തക്കായി മുന്‍തൂക്കം. സങ്കടങ്ങള്‍ പറഞ്ഞ് ഒന്നുകരയാന്‍പോലും ഒരാളില്ലെന്ന വേദന അനുഭവിച്ചറിഞ്ഞ ആ നാളുകളെ പോലെ മറ്റൊരു സമയവും എെൻറ ജീവിതത്തിലുണ്ടായിട്ടില്ല. പള്ളിയില്‍ പോകുമ്പോള്‍ മാത്രമാണ് അൽപം ആശ്വാസം ലഭിച്ചത്. ഒരിക്കല്‍ നമസ്കാരശേഷം പള്ളിയുടെ മുറ്റത്തെ അരച്ചുമരിലിരുന്ന് എന്തോ ആലോചിക്കുമ്പോഴാണ് പിറകില്‍നിന്ന് ആ സലാം കേട്ടത്. സലാം മടക്കിക്കൊണ്ട് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു മധ്യവയസ്കന് പുഞ്ചിരിച്ചുകൊണ്ട് ഹസ്തദാനം നല്കാന് കൈനീട്ടുന്നു.
ഒറ്റനോട്ടത്തില്‍തന്നെ അയാളൊരു മലയാളിയാണെന്ന് മനസ്സിലായി. പരസ്പരം പരിചയപ്പെട്ടു. പുഴക്കാട്ടിരി സ്വദേശി റസാഖ് എന്ന മാനുവായിരുന്നു അത്. ഒരുപാടുനേരം സംസാരിച്ചു. തൊട്ടടുത്തുള്ള അറബി വീട്ടിലെ ഹൗസ് ഡ്രൈവറാണ് മാനു. ഒരുപാട് ഫ്രീ ടൈമുള്ള ഒരാള്‍. തെൻറ സങ്കടങ്ങളുടെ കെട്ടഴിച്ചുവെക്കാന് നാഥന് പറഞ്ഞയച്ചതാണെന്ന് അന്നും ഇന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. കുറെ ദിവസമായി നമസ്കാരശേഷമുള്ള പ്രാര്‍ഥനകളില്‍ സങ്കടത്തോടെ പറഞ്ഞത് ജോലിഭാരത്തെ കുറിച്ചായിരുന്നു. പിന്നീട് ഒാരോ നമസ്കാര ശേഷവും മാനുവുമായി ഒരുപാടുനേരം സംസാരിക്കാനവസരം കൈവന്നു. താമസസ്ഥലത്ത് ഇതര ദേശക്കാരനായതിനാല്തന്നെ ഭക്ഷണം വലിയ ദുരിതമാണ് വിതച്ചത്. ഇതറിഞ്ഞ മാനു അധിക ദിവസവും അവരുടെ ഭക്ഷണത്തില്‍നിന്ന് ഒരു വിഹിതം എനിക്കുവേണ്ടി മാറ്റിവെച്ചു.
കബ്സയടക്കമുള്ള അറബി ഭക്ഷണങ്ങള്‍, പഴങ്ങൾ എന്നിവകൊണ്ട് മാനു വിരുന്നൂട്ടി. ജോലി കഴിഞ്ഞ് രാത്രി 12 മണിക്കും മറ്റുമാണ് റൂമിലെത്തുക. പിന്നെ വല്ലതും ഉണ്ടാക്കി കഴിക്കുക എന്നത് മടിയായിരുന്നു. റൂമിലെത്തിയാല്‍ ശരീര ക്ഷീണംകൊണ്ട് ഉറങ്ങിപ്പോവുകയാണ് പതിവ്. ഇതെല്ലാമറിഞ്ഞ മാനു ഭക്ഷണം എന്ന ആവശ്യത്തിെൻറ അനിവാര്യത തിരിച്ചറിഞ്ഞുകൊണ്ട് ഓരോ സമയത്തെയും ഭക്ഷണം എത്തിച്ചുകൊണ്ടിരുന്നു.
മാനുവുമൊത്തുള്ള ചങ്ങാത്തം സന്തോഷത്തിെൻറ ദിനങ്ങള്‍ സമ്മാനിച്ചു. ജോലിയോടുള്ള മടുപ്പ് പോയി. നാട്ടില്‍ പോവണം, ജോലി ഉപേക്ഷിക്കണം എന്നൊക്കെയുള്ള ചിന്തപോലും മാറ്റിയെടുത്തു മാനുവുമായുള്ള ചങ്ങാത്തം. സൗഹൃദത്തിെൻറ പുതിയ പുലരികള്‍ പ്രവാസത്തിെൻറ ഏകാന്തയെ വകഞ്ഞുമാറ്റി. അന്ന് മാനുവിനെ കണ്ടില്ലായിരുന്നെങ്കില്‍ എെൻറ ജീവിതം മറ്റൊന്നാവുമായിരുന്നു.
അല്‍ തബ്്ദീര് എന്ന സ്ഥാപനത്തിലെ ഭാരിച്ച, വിശ്രമമില്ലാത്ത തൊഴില്സാഹചര്യമായിരുന്നു പ്രവാസത്തെ മടുപ്പിച്ച വില്ലന്‍. എന്നാല്‍, അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള മാനു ഡിഗ്രിയടക്കമുള്ള നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ള എന്നോട് പറഞ്ഞത് എന്ത് സഹിക്കേണ്ടിവന്നാലും അവിടെ നില്‍ക്കാനാണ്. ഇതൊരു പഠനക്കളരിയായി കരുതുക എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇവിടെനിന്നാല്‍ നിങ്ങള്‍ക്ക് വളരെ വേഗം ഭാഷ പഠിക്കാം. ഓഫിസ് സെക്രട്ടറി മുതലുള്ള ഏത് തൊഴില്‍ നേടാനും ഈ ശിക്ഷണം സഹായകമാവും. ആ വാക്കുകള്‍ ഞാനിന്നുവരെ ജീവിതത്തില്‍ കേള്‍ക്കാത്ത മോട്ടിവേഷന്‍ സ്പീച്ചായിരുന്നു. അനുഭവത്തില്‍നിന്ന് ലഭിക്കുന്ന ഉപദേശം. ആ ഉപദേശം ഞാനിന്നുമോര്‍ക്കുന്നു. ഇപ്പോള്‍ ലോകത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥാപനത്തിെൻറ ജീവനക്കാരനായി മുന്നോട്ടുപോകുമ്പോള്‍ അതിനെന്നെ പ്രാപ്തനാക്കുന്നതില് കൈവശമുള്ള ഉയര്‍ന്ന വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളേക്കാള്‍ സ്വാധീനംചെലുത്തിയത് അറബി ഭാഷയടക്കമുള്ള ഭാഷകൾ കൈകാര്യം ചെയ്യാനുള്ള വൈഭവമായിരുന്നു.
വിവാഹശേഷം ഭാര്യ ഷജ്നയെ ഗൾഫിൽ കൊണ്ടുവന്നപ്പോൾ ആദ്യമായി വിരുന്നുപോയത് മാനുവിെൻറ മുറിയിലേക്കാണ്. അവൾ ആദ്യമായി ഗൾഫിൽനിന്ന് അറബിക് ഫുഡ് കഴിച്ചതും അവിടെ നിന്നാണ്.ജീവിതത്തില്‍ ഏറെ സ്വാധീനംചെലുത്തിയ റസാഖ് എന്ന മാനു പിന്നീട് ഇവിടെനിന്നും സ്ഥലംമാറിപ്പോയി. ഇപ്പോള്‍ എവിടെയാണെന്നറിയില്ല. നാട്ടില്‍പോയി അന്വേഷിച്ച് കണ്ടെത്തണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍, ഒരാഴ്ചത്തേക്കും മറ്റുമായി പോകുമ്പോള്‍ അതും അസാധ്യമാകുന്നു. പ്രിയ ഹബീബി ഈ കുറിപ്പ് വായിക്കുന്നുവെങ്കില്‍ വീണ്ടും കാണാനുള്ള ഇഷ്്ടം അറിയിക്കുന്നു. 966502924289 ഈ നമ്പറിൽ ആ ശബ്്ദം എന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.