ദുരിതപ്രവാസത്തിൽനിന്ന് വൃദ്ധസദനത്തിലേക്ക്: മൂന്നു പതിറ്റാണ്ടിനുശേഷം നാടണഞ്ഞ് ബാലചന്ദ്രൻ പിള്ള
text_fieldsറിയാദ്: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബാലചന്ദ്രൻ പിള്ള 31 വർഷത്തിനുശേഷം നാട്ടിലേക്കു മടങ്ങി. കൊല്ലം പുനലൂർ സ്വദേശിയായ ഇദ്ദേഹത്തെ ഭാര്യയും മക്കളും ഉൾപ്പെടെ ഉറ്റവരെല്ലാം ഉണ്ടായിട്ടും ആരും ഏറ്റെടുക്കാതിരുന്നതിനെത്തുടർന്ന് സാമൂഹികപ്രവർത്തകർ കൊല്ലം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ എത്തിച്ചു. ഇനിയുള്ള കാലം അവിടെയാണ് കഴിയുക. കഴിഞ്ഞ ആറു മാസത്തോളമായി ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ റിയാദിലെ കേളി കലാസാംസ്കാരികവേദി ജീവകാരുണ്യ വിഭാഗം അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ നടത്തിയ ശ്രമങ്ങളാണ് വിജയംകണ്ടത്.
അബോധാവസ്ഥയിൽനിന്ന് പ്രായത്തിന്റെ അവശതകൾ മാറ്റിനിർത്തിയാൽ പൂർണാരോഗ്യവാനായാണ് നാട്ടിലെത്തിച്ചത്. എംബസി ഉദ്യോഗസ്ഥരായ മോയിൻ അക്തർ, മീര ഭഗവാൻ, നസീം ഖാൻ, ഷറഫുദ്ദീൻ എന്നിവരും കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര, ചെയർമാൻ നാസർ പൊന്നാനി, കമ്മിറ്റി അംഗം പി.എൻ.എം. റഫീക് എന്നിവരാണ് പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
നാട്ടിലേക്ക് ഒപ്പം പോയത് പി.എൻ.എം. റഫീക്കാണ്. രണ്ടുപേർക്കുമുള്ള വിമാനടിക്കറ്റ് എംബസി നൽകി. ആശുപത്രിയിൽനിന്ന് വിട്ടതിനുശേഷം കേളി പ്രവർത്തകരായ അനീസ്, സാഹിൽ, പി. ഗോപാലൻ എന്നിവരാണ് റിയാദിൽ ബാലചന്ദ്രൻ പിള്ളയെ പരിചരിച്ചത്. നാട്ടിലുള്ള കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ആക്ടിങ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനുമായി സംസാരിച്ചാണ് അഭയകേന്ദ്രത്തിനായുള്ള എല്ലാ കാര്യങ്ങളും ഒരുക്കിയത്.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, നസീർ മുള്ളൂർക്കര, നാസർ പൊന്നാനി, പി.എൻ.എം. റഫീക്ക്, നൗഫൽ പതിനാറിങ്കൽ എന്നിവർ ബാലകൃഷ്ണനെ റിയാദ് എയർപോർട്ടിൽനിന്ന് യാത്രയാക്കി. നാട്ടിലെത്തി മകളെ കാണണമെന്ന ആഗ്രഹമാണ് ബാലചന്ദ്രൻ എപ്പോഴും പറയുന്നത്. ഇലക്ട്രിക്കൽ, പ്ലംബിങ് ജോലിക്കായി 1992ൽ റിയാദിനുസമീപം അൽ ഖർജിലെത്തിയ ബാലചന്ദ്രൻ പിന്നീട് നാട്ടിൽ പോയിട്ടില്ല. ഇഖാമയോ മറ്റു രേഖകളോ ഇല്ലാതെ റിയാദിന്റെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്തുകൊണ്ട് നാടുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിച്ച ബാലചന്ദ്രന് ഒടുവിൽ അനിവാര്യമായ തിരിച്ചുപോക്കിന് വഴങ്ങേണ്ടിവന്നു.
റിയാദിലെത്തി ആദ്യ മൂന്നു വർഷം പിന്നിട്ടപ്പോൾ സ്പോൺസർ മരിച്ചു. അതോടെ പാസ്പോർട്ട് നഷ്ടപ്പെട്ടു. കോവിഡ് മഹാമാരി കൂടി വന്നതോടെ ബാലചന്ദ്രൻ പിള്ളയുടെ ദുരിതം ഏറെ. സൗദിയിൽ പരിശോധന കർശനമാക്കിയതോടെ നിർഭയം പുറത്തിറങ്ങാൻ കഴിയാതെയായി. കോവിഡ് പിടിപെട്ടപ്പോൾ സ്വയംചികിത്സയും മെഡിക്കൽ സ്റ്റോറുകളിൽനിന്നും സുഹൃത്തുക്കൾ വഴിയും മരുന്നുകൾ തരപ്പെടുത്തിയും അതിജീവിച്ചു. പക്ഷേ, ആരോഗ്യം വീണ്ടെടുക്കാനായില്ല. ഇതോടെ നാട്ടിൽ പോകുന്നതിനുള്ള ആലോചന തുടങ്ങി. വീണ്ടും അസുഖബാധിതനായപ്പോൾ ഇന്ത്യൻ എംബസിയുടെ അവസരോചിതമായ ഇടപെടലിൽ പൂർണമായ ചികിത്സ ഉറപ്പുവരുത്തുകയും കൂടുതൽ ഉയർന്ന ചികിത്സക്കായി ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്കു മാറ്റുകയും ചെയ്തു.
അഞ്ചു മാസത്തെ ചികിത്സക്കൊടുവിൽ ആരോഗ്യം വീണ്ടെടുത്തു. തുടർന്ന് നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ ഹാജരാക്കി എക്സിറ്റ് പേപ്പറുകൾ ശരിയാക്കി. മുമ്പ് രണ്ടുതവണ തള്ളിയ അപേക്ഷയിലാണ് തീർപ്പാകുന്നത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിനുശേഷം കേളി താമസസൗകര്യം ഒരുക്കി. 31 വർഷം മുമ്പ് നാടുവിടുന്ന വേളയിൽ ഭാര്യയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്ന ബാലചന്ദ്രൻ അവരെ വേണ്ടവിധം സംരക്ഷിച്ചില്ല എന്ന പരാതിയുണ്ടെന്നും ഇദ്ദേഹത്തെ സ്വീകരിക്കാൻ തയാറല്ലെന്നും ഈ പ്രശ്നത്തിൽ കുടുംബവുമായി ബന്ധപ്പെട്ട കേരള പ്രവാസിസംഘം കൊല്ലം ജില്ല സെക്രട്ടറി നിസാർ അമ്പലംകുന്നിനെ ബാലകൃഷ്ണൻ പിള്ളയുടെ വീട്ടുകാർ അറിയിച്ചിരുന്നു.
പുനലൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തായാണ് വീടെന്നും നാലു സഹോദരങ്ങൾ ഉണ്ടെന്നും ബാലചന്ദ്രൻ പറഞ്ഞു. കേളിയുടെ അന്വേഷണത്തിൽ ഒരു സഹോദരനുമായി ബന്ധപ്പെടാൻ കഴിഞ്ഞു. മകൾ വിവാഹിതയാണെന്നും കിടപ്പുരോഗിയായ ഭാര്യയെ മകളും മരുമകനുമാണ് പരിചരിക്കുന്നതെന്നും ഇനിയും ഒരാളെകൂടി സംരക്ഷിക്കാനാകില്ലെന്നും അവർ പറഞ്ഞു. 31 വർഷം തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരുവിധ അന്വേഷണവും നടത്താത്ത ആളെ സ്വീകരിക്കുക പ്രയാസമാണെന്ന് അവർ അറിയിച്ചു. ഒരു രേഖകളും ഇല്ലെന്നു മാത്രമല്ല, സംസാരശേഷിപോലും നഷ്ടപ്പെട്ട അവസ്ഥയിൽനിന്നുമാണ് എല്ലാ രേഖകളും ശരിയാക്കി ബാലചന്ദ്രനെ നാട്ടിലയക്കാൻ കേളിപ്രവർത്തകർക്ക് സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.